ഒരു കുഞ്ഞു സ്വപ്നത്തിൽ വിരിഞ്ഞ മനോഹരഗാനം!

ഒരു കുഞ്ഞു സ്വപ്നത്തിൽ വിരിഞ്ഞ പാട്ടായിരുന്നു അത്. ഓലക്കീറിലൂടെ ഒഴുകിയിറങ്ങിയ മഴത്തുള്ളി എഴുതിക്കൊടുത്ത വരികൾക്ക് മാരിവില്ല് നൽകിയ ഈണത്തിനനുസരിച്ച്. കരിനീല രാവും ചെഞ്ചുവപ്പ് നിറമുള്ള ആകാശവും അതിനു കീഴെ മിഴിച്ചു നോക്കി നിന്ന പുന്നെല്ലിൻ പാടവും ചേർന്നായിരുന്നു പിന്നണി ഗീതം. മുത്തശിക്കഥകൾ കേട്ടുറങ്ങിയ കാലത്തെ നോക്കി പുസ്തകത്താളിലൊളിപ്പിച്ചു വച്ച മയിൽ പീലിയുടെ നക്ഷത്രക്കണ്ണുകളുകളിലേക്കു നോക്കി നൊമ്പരമൊളിപ്പിച്ച് പാടിയ അതിസുന്ദരഗാനം ഒരുക്കിയത് പ്രകൃതി തന്നെയാണ്. കേട്ടുകഴിയുമ്പോൾ നിങ്ങളുമത് സമ്മതിക്കും. മഴ പെയ്ത് തോർന്ന വൈകുന്നേരത്ത് ജനലരികിലിരുന്ന് അകലേക്ക് നോക്കുമ്പോൾ കാതിനുള്ളിലേക്ക് കടന്നുവരുന്ന ഈണവും വരികളും ഈ പാട്ടിനു സമാനമാണെന്ന്.

സുദീപിന്റെ സ്വരഭംഗിയിൽ വിരിഞ്ഞ ഈ പാട്ട് ഓർമകളിലേക്കൊരു പിൻനോട്ടമാണ്. ഇനിയൊരിക്കലും തിരിച്ചുവരാത്ത നിഷ്കളങ്കമായ കാലത്തിലേക്ക് നോക്കിയുള്ള പാട്ട്. നൊമ്പര ഛായയുള്ള മെലഡി. പെൺ പാട്ടെഴുത്തുകാരിൽ ശ്രദ്ധേയായ ഷൈല തോമസിന്റേതാണ് വരികൾ. സുദീപ്തമായ ശബ്ദം. ഒരു കുഞ്ഞ് സ്വപ്നമെന്ന് പേരിട്ട് മനോരമ മ്യുസിക് പുറത്തിറക്കിയ വീഡിയോ സോങിന് ഈണമിട്ടത് രമേഷ് കൃഷ്ണയും സംഗീതും ചേർന്നാണ്. ട്രാൻഡംസ് മീഡിയയാണ് നിർമ്മാണം.