കരിമുകിലിനെ നാം പ്രണയിച്ചു പോകും...

ഈണമിടുന്ന സംഗീതജ്ഞൻ, അത് പാടുന്ന സ്വരം, പാട്ടു പിറന്ന പേനത്തുമ്പ്, അതിന് ദൃശ്യങ്ങളെ പങ്കുവച്ച ഛായാഗ്രാഹകന്‍...ക്രിയാത്മകതയുടെ കൂട്ടുകെട്ട് ഏറ്റവും മനോഹരമായി ഒന്നുചേർന്നൊരിടം. അതാണ് ചാർലിയിലെ 'ഒരു കരിമുകിലിനെ' എന്ന പാട്ട്. ഒരായിരം വർണങ്ങളുള്ള ചേലത്തുമ്പിലൂടെ ചുരുളൻ മുടി പാറിച്ച് ദുപ്പട്ട ചുറ്റി വെള്ളിമുത്തുകൊണ്ടുള്ള മൂക്കുത്തിയണിഞ്ഞ ടെസയേയും, വെള്ളക്കുതിരയ്ക്കൊപ്പം വേഗം പങ്കിടുന്ന അവളുടെ കാമുകന്റേയും ജീവിതം കടൽപ്പരപ്പിലെ മണൽത്തരിയുടേതു പോലെ സുന്ദരമാണെന്ന് കാണിച്ചു തരുന്നു ഈ പാട്ട്.

മണൽപ്പരപ്പിനെ കണ്ണുമിഴിച്ച് നോക്കിനിന്ന വെയിൽകണങ്ങളുടെ ചിരി പോലെ നിർമലമാണ് ആ പ്രണയമെന്ന് പറയുന്ന പാട്ട്. ടെസയുടെ ചുരുൾ മുടിത്തുമ്പുകളും അലസമായി അകന്നുപോകുന്ന ചാർലിയുടെ ചലനങ്ങളും തെളിയിക്കുന്നത് സാങ്കേതികതയെ ഉപയോഗിച്ചുകൊണ്ട് എങ്ങനെ ഒരു ചലച്ചിത്രത്തിന്റെ ദൃശ്യങ്ങൾക്ക് യാഥാർഥ്യത്തിന്റെ അംശം പകരാമെന്നാണ്.

അകലങ്ങളിലെ മലമടക്കിൽ നിന്ന് ഉറക്കെ പാടുന്ന വിജയ് പ്രകാശിന്റെ റൊമാന്റിക് സ്വരം അപൂർവമായ പ്രണയകഥയുടെ പാട്ടിനേറെ ഇണങ്ങുന്നു. ഗോപീ സുന്ദറാണ് ഈണമിട്ടത്. മഴയുടെ താളം പോലെ ഉയർന്നുപൊങ്ങുന്ന സംഗീതത്തിന്റെ സ്വരസ്ഥാനങ്ങൾ പാട്ടിനെ ഏറെ ഹൃദ്യമാക്കുന്നു. പ്രകൃതിയിലേക്ക് നോക്കി നിന്ന് പ്രണയം തേടുന്ന മനസുകൾക്കായി പാട്ടെഴുതിയത് റഫീക് അഹമ്മദ്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർലി മനസുകളെ സിനിമാശാലകളെ ഹരം പിടിപ്പിക്കുകയാണ്.