പാട്ടുകാരൻ ചെക്കനായാൽ കല്യാണ വിഡിയോയിലെ പാട്ട് ഇങ്ങനെയാകണം

ബാൻഡ് മേളവും ചെണ്ടകൊട്ടും തുടങ്ങി ഫ്ലാഷ് മോബ് വരെയുള്ള കലാപരിപാടികളോടെയാണ് ചില കല്യാണങ്ങൾ നടക്കാറ്. കൂളിങ്ഗ്ലാസ് വച്ച് രജനീകാന്തിന്റെ തട്ടുപൊളിപ്പൻ പാട്ടിന്റെ അകമ്പടിയോടെ പെണ്ണിനെയും ചെക്കനെയും മണ്ഡപത്തിലേക്ക് ആനയിക്കുന്ന ഫ്രീക്കൻ ശൈലിയും നമ്മൾ കണ്ടതാണ്. ഇവിടെ പക്ഷേ അങ്ങനെയൊന്നുമായിരുന്നില്ല, തീര്‍ത്തും പരമ്പരാഗത രീതിയില്‍ നടന്ന വിവാഹമായിരുന്നു. പൂപ്പന്തലും പട്ടുചേലയും നാദസ്വരവുമൊക്കെയായി നടന്ന ചേലൊത്തൊരു വിവാഹം. പിന്നെന്താണ് ഇതിനിത്ര വിശേഷമെന്നാണു ചിന്തിക്കുന്നതെങ്കിൽ, അതിനു കാരണം ഒരു വിഡിയോയാണ്. വിവാഹത്തിനു ശേഷമുള്ള ഇവരുടെ ഫോട്ടോഷൂട്ടിന് പിന്നണിയിൽ കേട്ട പാട്ടു പാടിയതും ഈണമിട്ടതും കല്യാണച്ചെക്കൻ തന്നെയാണ്.

രാകേഷ് കേശവനാണു കല്യാണചെക്കൻ. സംഗീതവുമായി ബന്ധമുള്ളയാൾ വിവാഹം കഴിക്കുമ്പോൾ അങ്ങനെയൊക്കെത്തന്നെയാകുമെന്നു പറഞ്ഞു തള്ളിക്കളയല്ലേ. വിഡിയോയിലെ ഗാനം അതിമനോഹരമാണ്. ഒപ്പം സുഹൃത്തു ഷാരോൺ ശ്യാം നവദമ്പതിമാരെ വച്ചു പകർത്തിയ ദൃശ്യങ്ങളും സുന്ദരം. യുട്യൂബിലുള്ള എണ്ണിയാലൊടുങ്ങാത്ത വിവാഹ വിഡിയോകളിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതും ഈ ഭംഗികളാണ്. 

ആന മുയല്‍ ഒട്ടകം, ഔട്ട് ഓഫ് റേഞ്ച്, സ്വർഗത്തേക്കാൾ‌ സുന്ദരം എന്നീ ചിത്രങ്ങൾ‌ക്ക് ഈണമിട്ടിട്ടുണ്ട് രാകേഷ്. 

കല്യാണ വിഡിയോ ചിത്രീകരിക്കുമ്പോൾ എന്തു പുതുമ കൊണ്ടുവരുമെന്നു ചിന്തിച്ച ഷാരോണിനു തോന്നിയ ഈ ആശയമായിരുന്നു ഇത്. രാകേഷുമായി ഇക്കാര്യം പങ്കുവച്ചു. വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനു താൽപര്യമില്ലാതിരുന്നിട്ടും സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങിയ രാകേഷിന് പാട്ടും വേണമെന്നറിഞ്ഞപ്പോൾ ഉത്സാഹമായി. ‘ഈ വഴികളിൽ’ എന്നു തുടങ്ങുന്ന വരികളെഴുതിയത് ജിലു ജോസഫാണ്. അർഥവത്തായ വരികളും ആലാപനവും ആൽമരച്ചോട്ടിലിരുന്നൊരു നിറസന്ധ്യ കാണുന്ന സുഖം പകരും. 

ഐടി പ്രഫഷണലാണെങ്കിലും സംഗീതത്തെ വിട്ടൊരു കളിയില്ലെന്നാണ് രാകേഷിന്റെ നിലപാട്.