കർണാടിക് സംഗീതജ്ഞ പറവൂർ കെ.ശാരദാമണി അന്തരിച്ചു

കെ.ശാരദാമണി, സഹോദരി കെ.രാധാമണിയ്ക്കൊപ്പമുള്ള ചിത്രം. ഫോട്ടോയ്ക്കു കടപ്പാട്: ജി.വേണുഗോപാൽ

കർണാടക സംഗീതത്തിലെ പ്രശസ്തരായിരുന്ന പറവൂർ സിസ്റ്റേഴ്സിലെ മൂത്തയാളായ പറവൂർ കെ.ശാരദാമണി (94)അന്തരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു അവർ. സംസ്കാരം നാളെ രാവിലെ തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും.

കെ.ശാരദാമണിയും കെ.രാധാമണിയും സംഗീത ലോകത്ത് എന്നെന്നും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള രണ്ടുപേരാണ്. എണ്ണിയാലൊടുങ്ങാത്ത വേദികളെ കർണാടിക് സംഗീതത്തിന്റെ രാഗങ്ങൾ കൊണ്ട് അനശ്വരരാക്കിയവർ. അനിയത്തി രാധാമണി കുറച്ചു വർഷങ്ങൾക്കു മുൻപ് വിടപറഞ്ഞിരുന്നു. ഇരുവരും അവിവാഹിതരുമായിരുന്നു. ഇവരുടെ മറ്റൊരു സഹോദരിയുടെ മകനാണ് ഗായകൻ ജി. വേണുഗോപാൽ.

ആകാശവാണി എത്തുന്നതിനും മുൻപേ കേരളത്തിന്റെ റേഡിയോ പ്രക്ഷേപണത്തിനൊപ്പം കൂടിയയാളാണു ശാരദാമണി. ട്രാവൻകൂർ റേഡിയോ നിലയത്തിലെ ആദ്യ അനൗൺസർ ആയിരുന്നു അവർ. വാർത്തവായനയിൽ തുടങ്ങി നാടകങ്ങളിൽ വരെ അന്ന് അനൗൺസർ ഭാഗമായിരുന്ന കാലം. മഹാത്മാ ഗാന്ധിയുടെ മരണം ഉൾപ്പെടെയുള്ള ചരിത്ര സംഭവങ്ങളെല്ലാം മലയാളി ശ്രവിച്ചിരുന്നത് ശാരദാമണിയുടെ ശബ്ദത്തിലൂടെയായിരുന്നു.