പൊന്നിൻ വിലയുള്ളോരോട്ട്.... ലാ ലാ ല ലാലാ

പാരഡിയിലുടെ ഈണങ്ങളിലൂടെ വോട്ടൊഴുകി വരുമെന്നു കണ്ടെത്തിയത് ആരായാലും തിരഞ്ഞെടുപ്പ് എത്തിയാൽ നാട്ടുകാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പാരഡി ഗാനങ്ങൾ ഒഴുകിപ്പരക്കും. തിരഞ്ഞെടുപ്പു നാളുകളിലെ നിത്യഹരിത പ്രചാരണ മാർഗമാണു പാരഡി ഗാനങ്ങൾ. ഏറെക്കാലമായി തിരഞ്ഞെടുപ്പ് പാരഡി ഗാന രചനാ രംഗത്തു പ്രവർത്തിക്കുന്ന അബ്ദുൽ ഖാദർ കാക്കനാടിന്റെ സ്റ്റുഡിയോയിൽ പാട്ടുകൾ ഒരുങ്ങിത്തുടങ്ങി. മൂന്നു മുന്നണികൾക്കായി അദ്ദേഹം ഒരുക്കിയ ചില സാംപിളുകൾ പാടി നോക്കാം.

യുഡിഎഫിനായി ‘ടു കൺട്രീസ്’ എന്ന സിനിമയിലെ ‘വെളുവെളുത്തൊരു പെണ്ണ്...’ എന്ന പാട്ടിന്റെ ഈണത്തിൽ ഒരുക്കിയ പാരഡി.

പൊന്നിൻ വിലയുള്ളോരോട്ട്.... ലാ ലാ ല ലാലാ

അത് ഐക്യമുന്നണി കേക്ക്.... ലാ ലാ ല ലാലാ

കൈപ്പത്തി ചിഹ്നത്തെ ഓർത്തീടണേ

സമ്മതിദായകർ കാത്തീടണേ

ഭരണത്തുടർച്ച ഏകീടുവാൻ

ഈ മുന്നണിയെ തുണച്ചീടണേ.....

ഇടതു മുന്നണിക്കായി അണിയറയിൽ ഒരുങ്ങുന്ന ഒരു ഗാനം: (അമർ അക്ബർ അന്തോണിയിലെ ‘പ്രേമമെന്നാൽ എന്താണു പെണ്ണേ...’ എന്ന പാട്ടിന്റെ ഈണം)

സോളർ എന്നാൽ എന്താണു പെണ്ണേ

അത് അഴിമതിയുടെ പേരാണു കണ്ണേ

ബാർ കോഴയെന്നാലെന്താണു മോനേ

അതു കോടി മുക്കിയ കണിയാണു മോനേ

പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ ഇതിനൊരറുതി വരുത്തീടാൻ

ഇടതുമുന്നണി ഇടതുമുന്നണി...

ബിജെപി മുന്നണിക്കായി ഒരു വടക്കൻ സെൽഫിയിലെ ‘കൈക്കോട്ടും കണ്ടിട്ടില്ല, കയ്യിൽ തഴമ്പുമില്ല...’ എന്ന പാട്ടിന്റെ ഈണത്തിൽ ഒരു പാട്ട്.

കഷ്ടതകൾ തീരുന്നീല്ല

അഴിമതിയുമൊടുങ്ങുന്നീല്ല

ഈ മലയാളക്കര തന്നുടെ ഗതികെട്ടൊരു കോലം കണ്ടാ

മാറി മാറി ഭരിച്ച് ഇടതും വലതും മുടിച്ച്

ഇരുമുന്നണിയും ചേർന്നീ നാടിൻ നടുവൊടിച്ച്

മാറ്റത്തിനേകണം വോട്ട്

നന്മയ്ക്കായി നൽകണം വോട്ട്...