Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുലാം അലിയെ തടയുന്ന കപട ദേശസ്നേഹം

അസഹിഷ്ണുതാ വിവാദം ഉയർന്നതിനു ശേഷം ആദ്യമായി പാക് ഗസൽ ഗായകൻ ഗുലാം അലിയുടെ നാദം ഇന്ത്യൻ അതിർത്തിയിൽ കേൾക്കാൻ പോകുന്നത് തിരുവനന്തപുരത്താണ്. ഇതൊരു ചില്ലറ കാര്യമല്ല. കേരളം എന്നും ഉയർത്തിപ്പിടിച്ച സഹിഷ്ണുതാ പാരമ്പര്യത്തിന്റെ ശ്രുതി ആ ഈണത്തെ തഴുകാൻ പോവുകയാണ് നാളെ. സ്വരലയയുടെ നേതൃത്വത്തിൽ നാളെ തിരുവനന്തപുരത്തും 17ന് കോഴിക്കോട്ടും ഈ സ്വരധാര ഉയർന്നുകേൾക്കുമ്പോൾ, അതിൽ അപശ്രുതി ചേർക്കാൻ ശ്രമിച്ചവരുടെ തനിനിറമാകും പറത്തുവരികയെന്ന് തീർച്ച.

രാഷ്ട്രീയം ഉള്ളിൽ വച്ച് കപടമായ ദേശസ്നേഹ കാഹളം ഉയർത്താൻ ശ്രമിക്കുന്ന ശിവസേന ഒറ്റപ്പെടട്ടെ. പക്ഷേ ഇതോടൊപ്പം, ഗുലാം അലിയെ കൊണ്ടുവരുന്നവരും കൊണ്ടാടുന്നവരും അദ്ദേഹത്തിന്റെ സന്ദർശനത്തിൽ രാഷ്ട്രീയം കലർത്താതെയും ഇരിക്കട്ടെ എന്നാഗ്രഹിക്കുന്നു. ശിവസേന കലക്കിയ കുളത്തിൽ നിന്ന് വോട്ടു പിടിക്കാതിരിക്കാൻ അവർക്കു കഴിയണം. രാഷ്ട്രീയത്തിൽ ഇടപെടാനില്ലെന്ന് ഗുലാം അലി പറയുന്നതിനെ മാനിക്കാൻ എല്ലാവർക്കും കഴിയണം. വർഗീയതയും അസഹിഷ്ണുതയുമാണ് ഗുലാം അലിയെ ഇന്ത്യയിൽ നിന്ന് അകറ്റിനിർത്തിയതെങ്കിൽ അതേക്കുറിച്ച് പറയാതെ തന്നെ ഗുലാം അലിയെ കേൾക്കാനും ആസ്വദിക്കാനും കഴിയണം എന്നാണ് ഉദ്ദേശിക്കുന്നത്. ആ ഇടുങ്ങിയ ചിന്തകൾ ഗായകന്റെ അസ്വസ്ഥതകൾ ആകരുത്....

gulam-ali

ഒരു ട്വീറ്റും ട്വിസ്റ്റും നടത്തി മഞ്ഞുരുക്കാനൊരുങ്ങി മോദി പാക്കിസ്ഥാനിലേക്ക് പോകുന്നതിനും മുൻപാണ് ഗുലാം അലി മുംബൈയിൽ പാടാനൊരുങ്ങിയത്. എന്നാൽ അസഹിഷ്ണുത അസ്ഥിക്ക് പിടിച്ച ശിവസേനൻമാർ വഴിയടച്ചു. ഡൽഹിയിൽവേദിയൊരുക്കി കെജ്്രിവാൾ ക്ഷണിച്ചെങ്കിലും ഇന്ത്യയിലെ അന്തരീക്ഷം ശരിയല്ലെന്നും രാഷ്ട്രീയത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ് ഗുലാംഅലി തിരികെ നടന്നു. ഒടുവിൽ സ്വരലയ തീർത്ത, പാട്ടും പടയും കൊമ്പുകോർക്കാത്ത വേദിയിൽ ഗസലൊരുക്കാൻ ഗായകൻ തയാറായി.മലബാർ മഹോൽസവത്തിന്റെ കൊടിയിറക്കത്തിനും കൊച്ചി ദർബാർ ഹോൾ മൈതാനത്തുമെത്തി ഉറുദുകലർന്ന ഹിന്ദിയിൽ'ഞാൻ നിങ്ങളുടെ ഹൃദയത്തിലുണ്ട് നിങ്ങൾ എന്റേയുമന്ന് പറഞ്ഞു തുടങ്ങിയ സംഗീതം ഒരിക്കൽ കൂടി കേൾക്കാം. എതിർക്കാൻ ശിവസേനയെത്തുമെന്ന ഭീഷണിക്ക് പിണറായി തന്നെ മറുപടി നൽകിയിട്ടുണ്ട്. അതുമതി.

അരവിന്ദ് കേജരിവാളാണ് ആദ്യം അസഹിഷ്ണുതയില്ലാത്ത അന്തരീക്ഷമൊരുക്കി ഗുലാം അലിയെ ക്ഷണിക്കുന്നത്. ആ ക്ഷണംനിരസിക്കപ്പെട്ടതിനു പിന്നാലെ ഇടതുപക്ഷ സാസ്കാരിക സംഘടന സ്വരലയ മുന്നോട്ടുവന്നു. അത് അദ്ദേഹം സ്വീകരിച്ചു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം കൂടി അദ്ദേഹത്തെ ആ തീരുമാനത്തിൽ സ്വാധീനിച്ചിരിക്കാം. കേരളത്തിലോ, പക്ഷേ പൂർണമായും അതൊരു സാംസ്കാരിക തീരുമാനവും ആയിരുന്നിലലല. ബീഫ് രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിച്ചത് ബൂത്തിലെത്തിയ ന്യൂനപക്ഷങ്ങളെ ഇടത്തോട്ടു നിർത്താൻ സഹായിച്ചുവെന്നത് തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രമായിരുന്നു. ആ സന്ദേശം നൽകുന്ന രാഷ്ട്രീയം കൂടിയാണ് സ്വരലയ ഏറ്റെടുത്തത്.

ഇടതുപക്ഷത്തെ സാംസ്കാരിക നീക്കം വർഗീയതയെ ചെറുക്കുന്നതിനുള്ള രാഷ്ട്രീയനീക്കമായി തിരിച്ചറിയുന്നതിൽ വലതുപക്ഷവും വിജയിച്ചു. സ്വരലയ പരിപാടിക്കെത്തുന്ന ഗുലാം അലിയെ അതിഥിയായി സ്വീകരിച്ചുകൊണ്ടാണ് ഉമ്മൻ ചാണ്ടി സർക്കാർ പ്രതികരിച്ചത്.

gulam-ali.

സാസ്കാരിക മന്ത്രി നേരിട്ടെത്തി ഗുലാം അലിയെ സ്വീകരിച്ചു. ഗുലാം അലിയെക്കുറിച്ചുള്ള ഡോക്യമെന്ററിയുടെ പ്രദർശനത്തിലും നേതാക്കളെത്തി വർഗീയതയ്ക്കെതിരെ രോഷം കൊണ്ടു. തീവ്രദേശീയവാദത്തിന്റെ മറവിലുള്ള അസഹിഷ്ണുതയെ എതിർക്കുന്നതിൽ ബി.ജെ.പി പോലും മുന്നോട്ടുവന്നു. ഗുലാം അലിയുടെ സംഗീതത്തെ തടസ്സപ്പെടുത്തുമെന്ന ശിവസേനാ പ്രഖ്യാപനത്തെ എതിർത്ത് കെ.സുരേന്ദ്രനും എം.ടി.രമേശും പോലും രംഗത്തുവന്നത് അതിന്റെ ഭാഗമായാണ്.

അതായത്, ഗുലാം അലിയെന്ന ലോകം അംഗീകരിച്ച ഗസൽ ഗായകന് തീവ്രദേശീയ വാദത്തിന്റെ പേരിൽ പ്രവേശം നിഷേധിക്കുന്നതിൽ പരം കാടത്തം മറ്റൊന്നില്ലെന്ന് കേരളത്തിൽ മനസ്സിലാക്കാത്ത ആരുമില്ലെന്ന് ചുരുക്കം. പക്ഷേ ആർക്കാണ് അതിൽ നിന്ന് ഏറ്റവും കൂടുതൽ ഗുണം കിട്ടുകയെന്ന ചോദ്യം ഉയരാതിരിക്കുക കൂടി വേണം ഈ ഐക്യം സാർഥകമാകാൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.