പൂമരത്തെ നെഞ്ചോടടക്കി കേരളവും കലാലയങ്ങളും

ചെറിയ ഇടവേളയ്ക്കു ശേഷം ഒരു ചലച്ചിത്ര ഗാനത്തെ കൂടി കേരളം ഏറ്റെടുക്കുകയാണ്. കേരളത്തിലെ ക്യാംപസുകൾക്ക് ഏറ്റുപാടാൻ ഒരു പാട്ടുകൂടി. ട്രോളുകളും പാട്ടു പാടിക്കൊണ്ടുള്ള വിഡിയോയുമൊക്കെയായി തകർപ്പൻ ആഘോഷം. കാളിദാസ് ജയറാം നായകനാകുന്ന പൂമരം എന്ന ചിത്രത്തിലെ പാട്ടിനെ ചുറ്റിപ്പറ്റി ഒട്ടേറെ വിഡിയോകളും ഫോട്ടോകളും എഴുത്തുകുത്തുകളുമൊക്കെ സമൂഹമാധ്യമങ്ങളിലെ ഇടങ്ങളിൽ കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്. ടൈറ്റാനിക് എന്ന ഇതിഹാസ ചിത്രത്തില്‍ നമ്മളേറെ പ്രണയിച്ച രംഗങ്ങളിൽ തുടങ്ങി നമ്മുടെ കുഞ്ഞ് കലാലയങ്ങളിലെ ക്യാന്റീനുകളിൽ വച്ചു വരെ ഈ പാട്ടിനെ കുറിച്ച് വിഡിയോകൾ‌ തയ്യാറാക്കപ്പെടുന്നുണ്ട്. ഒരുപാടു പേർ ഏറ്റുപാടുകയും ചെയ്യുന്നുണ്ട്. അവയെല്ലാം ഏറെ ശ്രദ്ധേയമാകുകയും ചെയ്തു. കേരളം ഏറ്റെടുക്കുകയാണ് ഈ പാട്ട് എന്നു തന്നെ പറയാം. 

കാളിദാസ് നായകനാകുന്ന ആദ്യ മലയാളം ചിത്രത്തിൽ നിന്നു പുറത്തുവന്ന ആദ്യ മലയാളം ഗാനമാണിത്. ഫൈസൽ റാസിയാണ് ഈ ഗാനത്തിന് ഈണമിട്ടതും പാടിയതും. "ഞാനും ഞാനുമെന്റാളും ആ നാൽപതു പേരും പൂമരം കൊണ്ടു കപ്പലുണ്ടാക്കി..." എന്ന പാട്ട് നാലു ദിവസം കൊണ്ടു 20 ലക്ഷത്തിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി ആളുകൾ കണ്ടത്. അതിനേക്കാൾ വലിയ ആവേശത്തോടെയാണ് കലാലയങ്ങൾ ഗാനത്തെ ഏറ്റെടുത്തത്. പാട്ടിന്റെ വരികളിലുളള ഉപമയും കൗതുകവും രസികന്‍മാരായ ട്രോളുകാർക്ക് നല്ല കുറേ ദിനങ്ങളും സമ്മാനിച്ചു. 

പാട്ടു പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് അതു നേടിയത്. പിന്നാലെയെത്തി വരികളെ ആസ്പദമാക്കിയുള്ള കിടിലൻ‌ ട്രോളുകളും. നടൻ കാളിദാസ് പോലും അവയെല്ലാം ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഒരാൾ കല്യാണ വിഡിയോയിലേക്കും ഈ പാട്ട് പകർ‌ത്തി. കലാലയങ്ങളിലെ ഗായകരെല്ലാം പാട്ട് പാടി വിഡിയോ തയ്യാറാക്കി. ഒപ്പം എഡിറ്റിങ് മിടുക്കൻമാരുടെ വക വേറെയും. അക്കൂട്ടത്തിൽ ഏറ്റവും സുന്ദരം ടൈറ്റാനിക് സിനിമയിലെ ദൃശ്യങ്ങളും അതിനൊപ്പം പൂമരം പാട്ടും ചേർത്തു വച്ചുള്ള വിഡിയോ. 

മഹാരാജാസ് കോളെജിൽ പഠിക്കുന്ന ഒരു വിദ്യാർഥിയായിട്ടാണ് കാളിദാസ് സിനിമയിലെത്തുന്നത്. കണ്ണിൽ പ്രണയവും സ്വപ്നവും നിറച്ച് ആർദ്രമായ സ്വരത്തിൽ, മഹാരാജാസിന്റെ മുറ്റത്ത് ഗിത്താറും പിടിച്ചിരുന്ന് കുറേ കുട്ടികൾക്കു നടുവിൽ  കാളിദാസ് പാടിയിരിക്കുന്ന കാഴ്ച അതിമനോഹരമാണ്. ക്യാംപസുകളിൽ എന്നെന്നുമുണ്ട് ഇത്തരമൊരു സഹപാഠി എല്ലാവർക്കും. അതേ യാഥാർഥ്യതയോടെയാണ് കാളിദാസ് അഭിനയിച്ചിരിക്കുന്നതും. പാട്ട് പൂമരം പോലെ ചന്തമുള്ളതായെങ്കിൽ ഗാനരംഗം പൂക്കാലം പോലെ വശ്യമായി. കാളിദാസിന്റെ അഭിനയം കൊണ്ടു മാത്രമല്ലിതെന്ന് മഹാരാജാസിൽ പഠിച്ചിറങ്ങിയവർക്കെല്ലാം അറിയാം. ചരിത്രമുറങ്ങുന്ന കലാലയത്തിൽ പഠിച്ചിറങ്ങിയ ഒരു വലിയ തലമുറയ്ക്കു പ്രിയപ്പെട്ടതെല്ലാം ഈ ഗാനത്തിലും അതിനൊപ്പമുള്ള ദൃശ്യങ്ങളിലും വന്നെത്തി എന്നതുകൊണ്ടു കൂടിയാണ്. കലാലയ ജീവിതം എന്ന മനോഹരമായ ജീവിത ഘട്ടത്തിലേക്ക് ഓരോരുത്തരേയും കൈപിടിക്കുന്ന ഗാനം. 

ഒരു പൂമരം കൈക്കുടന്നയിലേക്കു പൊഴിച്ചിട്ട പൂക്കളെ നോക്കി നിൽക്കുന്ന സ്നേഹത്തോടെ ഈ പാട്ടിനേയും നമ്മള്‍ ശ്രവിക്കുന്നതും ഇങ്ങനെ ആഘോഷിക്കുന്നതും ആദ്യ മാത്രയിൽ തന്നെ പ്രേക്ഷകനിലേക്കു ആ ഗാനം പകർന്ന അനുഭൂതിയ്ക്കു അത്രയേറെ ആഴമുണ്ട് എന്നതുകൊണ്ടു തന്നെ. കേരളത്തിലെ കലാലയങ്ങൾ കാത്തിരുന്നൊരു പാട്ടു തന്നെയാണിത്.