മഹാരാജാസിനുള്ള സമ്മാനം ഈ പൂർവ വിദ്യാർഥിയുടെ സ്വരം

ഫൈസൽ റാസി, കാളിദാസ് ജയറാം

എറണാകുളത്തെ മഹാരാജാസ് കോളജിന്റെ ഇടനാഴികളിൽ നിന്നു മലയാള സിനിമയിലേക്കെത്തിയവർ ഏറെയാണ്. ഒരു പൂമരത്തെ കാണുന്ന കൗതുകത്തോടെ നമ്മളിന്നു നെഞ്ചിനുള്ളിലിട്ടു പാടുന്ന ഗാനവും മഹാരാജാസിന്റെ ഓർമകളെയാണ് തൊട്ടു തലോടുന്നത്. മഹാരാജസിന്റെ മണ്ണിനോടും മരങ്ങളോടും ഓർമകളോടും ഏറെ ചേർന്നു നിൽക്കുന്നു ഈ പാട്ട്. കാരണം ഈ ഗാനത്തിലെ വരികളും ദൃശ്യങ്ങളും മാത്രമല്ല അതിനു സംഗീതമിട്ടതും പാടിയതും ഒരു പൂർവ്വ വിദ്യാർഥിയാണ്. ഫൈസൽ റാസി. 

ക്യാംപസിലെ ഒരു മരത്തണലിനു താഴെ കൂട്ടുകാർക്കൊപ്പം ഗിത്താര്‍ മീട്ടിയിരുന്ന് കാളിദാസ് ജയറാം പാടിയഭിനയിക്കുമ്പോൾ അതിനിത്രയേറെ സ്വാഭാവികത കൈവന്നതും അതുകൊണ്ടാകും. മഹാരാജാസിലെ കുട്ടികളും അവിടത്തെ പ്രഗ്ത്ഭരായ അധ്യാപികമാരിലൊരാളുമായ രോഹിണി ടീച്ചറുമാണ് പാട്ടിലെ ദൃശ്യങ്ങളിലുള്ളവർ എന്നതു മറ്റൊരു പ്രത്യേകത. കാളിദാസ് മഹാരാജാസിൽ പഠിക്കുന്ന ഒരു വിദ്യാർഥിയായാണ് ചിത്രത്തിലെത്തുന്നത്. 

പൂമരം കൊണ്ടു കപ്പലുണ്ടാക്കി എന്ന പാട്ട് കാതിനുള്ളിലെ പുഴയോളങ്ങളിലൂടെ ഹൃദയങ്ങളിലേക്ക് പിന്നെ ഓർമകളിലേക്കു പിൻ നടക്കുകയാണ്. മഹ‌ാരാജാസിൽ പഠിച്ചവർക്കും അവിടെ പഠിക്കാൻ കൊതിച്ചവർക്കും ഈ പാട്ട് വല്ലാത്തൊരു അനുഭൂതിയാണ്. ആ മണ്ണിന്റെയും കെട്ടിടങ്ങളുടെയും മരത്തണലുകളുടെയും പുസ്തകങ്ങളുടെയും ആത്മാവിൻ ആഴങ്ങളിൽ‌ നിന്നാണെത്തുന്നത്.