100 കോടി! ഗണ്ണം സ്റ്റൈൽ ഗായകന് ‌വീണ്ടും റെക്കോർഡ്

ബില്യണിൽ കുറ​ഞ്ഞ കളിയൊന്നും ഉത്തര കൊറിയൻ ഗായകൻ സൈയ്ക്ക് അറിയില്ലെന്നു തോന്നുന്നു. അടുത്തടുത്ത രണ്ടു വർഷങ്ങളിലായി പുറത്തിറക്കിയ സ്വന്തം ഗാനങ്ങൾ 100 കോടിയിലധികം പ്രേക്ഷകരെ നേടി മുന്നോട്ടു കുതിക്കുമ്പോൾ മറ്റെന്താണു പറയേണ്ടത്? പാട്ടുകളിലൂടെ ലോകം കീഴടക്കുന്നതു തുടരുകയാണ് സൈ. 2013ൽ സൈ പുറത്തിറക്കിയ ജെന്റില്‍മാൻ എന്ന പാട്ട് യുട്യൂബിൽ കണ്ടവരുടെ എണ്ണവും നൂറു കോടി കഴിഞ്ഞു. പാട്ട് എഴുതി ഈണമിട്ട് പാടിയതും സൈ തന്നെ.

ലോക‌ം മുഴുവൻ തരംഗമായ ഗണ്ണം സ്റ്റൈൽ എന്ന ഗാനത്തിനു പിന്നാലെയായിരുന്നു സൈ ജെന്റിൽമാൻ പുറത്തിറക്കിയത്. ഗണ്ണം സ്റ്റൈൽ പാട്ടിലേതു പോലെ വിചിത്രമായ, രസകരമായ നൃത്തച്ചുവടുകളായിരുന്നു ജെന്റിൽമെനിന്റെയും ഹൈലൈറ്റ്. വരികളും താളവും അതുപോലെ തന്നെ. 2013ല്‍ ലോകം യുട്യൂബ് വഴി ഏറ്റവുമധികം പ്രാവശ്യം കണ്ട വിഡിയോയും ഇതുതന്നെയായിരുന്നു. 597 മില്യണ്‍ പ്രാവശ്യമാണ് ആ വർഷം ലോകം ഈ പാട്ടു വീക്ഷിച്ചത്. 

സൈയുടെ ഗണ്ണം സ്റ്റൈൽ 2012ലാണ് പുറത്തിറങ്ങുന്നത്. യുട്യൂബിൽ ലോകത്ത് ആദ്യമായി 100 കോടി പ്രേക്ഷകരെ നേടുന്ന ആൽബം എന്ന റെക്കോർഡും 200 കോടി പ്രേക്ഷകരെ നേടിയ റെക്കോർഡ‍ും ഈ പാട്ടിനാണ്. 250 കോടിയ്ക്കു മേൽ പ്രേക്ഷകരുണ്ട് നിലവിൽ ഈ പാട്ടിന്.