കോൾഡ്പ്ലേ ലോകമൊട്ടുക്ക് പാടുന്നത് അനാഥർക്കായി

ഇന്ത്യയിൽ നിന്നു തുടങ്ങി ലോകമൊട്ടുക്കൊരു സംഗീത സഞ്ചാരത്തിനൊരുങ്ങുകയാണ് കോൾഡ് പ്ലേ എന്ന വിശ്വവിഖ്യാത സംഗീത സംഘം. ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവൽ എന്നു പേരിട്ട് നടത്തുന്ന സംഗീത പരിപാടിയുടെ ഉദ്ദേശം ഒരു നേരം പോലും വയറു നിറച്ചു ഭക്ഷണം കഴിക്കുവാനില്ലാത്തവർക്കായി സ്നേഹസമ്മാനമൊരുക്കുവാനാണ്. 

ഇന്ത്യയിൽ മുംബൈയിലാണ് കോൾഡ് പ്ലേയുടെ സംഗീത പരിപാടി അരങ്ങേറുക. ആമിർ ഖാൻ, ഷാരുഖ് ഖാൻ, സച്ചിൻ ടെൻഡുൽക്കർ, വിജോന്ദർ സിങ്, സാക്ഷി മാലിക്, രൺവീർ സിങ്, കത്രീന കൈഫ്, എ ആർ. റഹ്മാൻ, ഫർഹാൻ അക്തർ, ശ്രദ്ധാ കപൂർ, അർജുൻ കപൂർ, അരിജിത് സിങ്, ദിയാ മിർസാ, ശങ്കർ-ഇഷാൻ-ലോയ് സഖ്യം, മൊണാലി താക്കൂർ തുടങ്ങിയവരാണ് കോൾഡ് പ്ലേ സംഗീത പരിപാടിക്കൊപ്പമുള്ളത്. അടുത്ത മാസം 19നാണു പരിപാടി.

മോശം ജീവിത സാഹചര്യങ്ങളിൽ കഴിഞ്ഞു കൂടുന്ന കുട്ടികളുടെ ഉന്നമനം, ലിംഗ സമത്വം, ശുദ്ദമായ കുടിവെള്ളം, വിദ്യാഭ്യാസ പുരോഗതി എന്നീ വിഷയങ്ങളിൽ കാര്യക്ഷമമായ പ്രചരണ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിലേക്കായി കാര്യമായ സംഭാവന നൽകുകയെന്നതും കോൾഡ് പ്ലേയുടെ ലക്ഷ്യങ്ങളിലുണ്ട്. ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവൽ ഇന്ത്യ എഡിഷണിൽ ഇവയാണ് കോൾഡ് പ്ലേ ലക്ഷ്യമിടുന്നത്. മിറാക്കിൾ ഫൗണ്ടേഷനും കോൾഡ് പ്ലേയ്ക്കൊപ്പമുണ്ട്.