Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വൈറൽ കവിത വിരിഞ്ഞത് സാമിന്റെ കൈവിരലുകളിൽ....

sam-arya

സമരം പൂത്തുലഞ്ഞ ഒരു കാലത്താണു സാം മാത്യു ഇംഗ്ലിഷ് സാഹിത്യം പഠിക്കുവാൻ സിഎംഎസ് കോളെജിലേക്കെത്തുന്നത്. വിദ്യാർഥി സമരം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ ആദ്യമായി കലാലയത്തിലെത്തുന്നൊരാളിന്റെ മനസിൽ എന്താണു തോന്നുക. ആളിന്റെ മനസിൽ അൽപം കവിതയും വിപ്ലവവുമൊക്കെയുണ്ടെങ്കിൽ. തീർച്ചയായും അതൊരു കവിതയായി പുറത്തുവരും. സാം മാത്യുവിന്റെ സഖാവ് എന്ന കവിത അങ്ങനെയാണ് എഴുതപ്പെട്ടത്. ബ്രണ്ണൻ കോളെജിലെ വിദ്യാർഥിനി ആര്യ ഈ കവിത പാടുന്നത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ കറങ്ങിനടന്ന് എല്ലാവരേയും കൊതിപ്പിക്കുകയാണ്.

സമരവും സമരനിരോധനവുമൊക്കെ നടന്ന സമയത്താണ് കോളെജിൽ പഠിച്ചത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസായിരുന്നു അന്നത്തെ സമരത്തിനു കാരണം. കോളെജിൽ നിന്നു പുറത്താക്കപ്പെട്ട ജെയ്ക്കിനെ തിരിച്ചെടുക്കാൻ വേണ്ടിയായിരുന്നു അത്.  രാഷ്ട്രീയം ചൂടുപിടിക്കുന്നതിനും പിന്നെ തളച്ചിടുന്നതിനും സാക്ഷിയായപ്പോൾ മനസിൽ തോന്നിയതാണ് കവിത. 2012 ഡിസംബറിലായിരുന്നു കവിത കുറിച്ചത്. ഈണമിട്ട് കവിത പാടി വിഡിയോ തയ്യാറാക്കി യുട്യൂബിലുമിട്ടു. സാം മാത്യു പറയുന്നു. അങ്ങനെയാണ കവിത സമൂഹമാധ്യമങ്ങളിലൂടെ പറന്ന് ആര്യയുടെ ശ്രദ്ധയിലുമെത്തിയത്. സാം മാത്യുവിന്റെ കവിത അതേ ഈണത്തിൽ പാടി ആര്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. വാകപ്പൂ  പോലെ സമൂഹ മാധ്യമങ്ങളുടെ ഇടവഴികളിൽ കാണാതെ കണ്ടവർക്കിടയിലേക്കും പൊഴിഞ്ഞു വീണു....അതിന്റെ മണം ഇപ്പോഴും പടർന്നുപോകുന്നു....

ആര്യയെ സാമിന് അറിയില്ല. വിഡിയോ വൈറലായതിനു പിന്നാലെ ആര്യ വിളിച്ചിരുന്നു. നന്ദിയും പറഞ്ഞു. എന്നെങ്കിലും കാണണമെന്നുണ്ട്. സാം പറയുന്നു. എം ജി സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദ പഠനത്തിലാണിപ്പോൾ. കുത്തിക്കുറിക്കുന്ന കവിതകൾ ആനുകാലികങ്ങളിൽ അടിച്ചു വരാറുണ്ട്. കവിതയെഴുത്ത് ഒരുപാടിഷ്ടം. കൊട്ടകക്കൂട്ടം എന്ന സിനിമാക്കൂട്ടത്തിന്റെ സജീവ പ്രവർത്തകനായി സിനിമ സ്വപ്നം കണ്ടു കലാലയ ജീവിതം ആഘോഷമാക്കുകയാണു സാം. സംവിധാനമാണു മോഹം...പാട്ടെഴുതുമോ എന്ന് സാമിന് അറിയില്ല. പക്ഷേ കവിത എന്നും ഒപ്പമുണ്ടാകും. സാമിനൊപ്പവും കവിതകളിഷ്ടപ്പെടുന്ന മനസുകൾക്കൊപ്പവും. പുസ്തക്കത്താളിലും ഡിജിറ്റൽ ലോകത്തും ദാ ഇതുപോലെ പാറിപ്പറന്നകന്ന്...