ഇടുക്കിയെ കുറിച്ചുള്ള പാട്ടിന് മണലിൽ ഒരു ചിത്രമെഴുത്ത്

പെരിയാറ് നല്‍കിയ തളയിട്ട് ചിരിക്കുന്ന ഇടുക്കിയെന്ന നാടിനെ കുറിച്ചും മഴനനഞ്ഞ് മലയിൽ നിന്നിറങ്ങി വരുന്ന അവിടത്തെ മഞ്ഞിനെ കുറിച്ചും റഫീഖ് അഹമ്മദ് എഴുതിയ കാവ്യാത്മകമായ ചലച്ചിത്ര ഗീതമാണിന്ന് നമ്മളേറ്റവുമധികം ആസ്വദിക്കുന്നത്. ബിജിബാൽ ഈണമിട്ട ആ പാട്ടിനിതാ ഒരു സാൻഡ് ആർട്ട്. പാമ്പാടും പാറകളും ഇടുക്കി ഡാമും പൈനാവും കാമറ കണ്ണോടു ചേർത്ത മഹേഷുമൊക്കെ ഉദയകുമാർ എടപ്പാളിന്റെ മണൽ ചിത്രമെഴുത്തിലെത്തി.

പാട്ടു പറയുന്ന ദൃശ്യങ്ങളെ കുറിച്ച് മണലിൽ ചിത്രം വരച്ച് ഉദയകുമാർ എടപ്പാൾ പാട്ടിന്റെ മറ്റൊരു മനോഹരമായ ഭാവത്തെ കാട്ടിത്തരുന്നു. യാഥാർഥ്യത്തോട് എത്രത്തോളം ആ ഗാനം ചേർന്നുനിൽക്കുന്നുവെന്ന് മനസിലാക്കിത്തരുന്നു. മണലിൽ പാട്ടിനനുസരിച്ച് ദൃശ്യങ്ങൾ വരക്കുന്നത് വിഡിയോയിൽ ചിത്രീകരിക്കുകയായിരുന്നുവെന്ന് ഉദയകുമാർ മനോരമ ഓൺലൈനോടു പറഞ്ഞു.

സാൻഡ് ആർട്ടിന്റെ മനോഹാരിത അതുപോലെ ഭംഗിയുള്ളൊരു പാട്ടിനൊപ്പം ചേർന്നു നിൽക്കുന്ന വിഡിയോ ഏറെ ഹൃദ്യം. ജിവിതഗന്ധിയായ സിനിമാ ഗാന രചന കലയുടെ എല്ലാ ഭാവങ്ങളോടും എത്രത്തോളം ചേർന്നുനില്‍ക്കുന്നുവെന്നതിനുള്ള ഉദാഹരമാണ് ഈ പാട്ട്. ഷൈജു ഖാലിദാണ് മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത്. റഫീഖ് അഹമ്മദിന്റെ പാട്ടെഴുത്തിന് മനോഹരമായ ദൃശ്യങ്ങളും പകർന്നു ഷൈജു ഖാലിദ്. ദിലീഷ് പോത്തനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഖ് അബുവാണ് നിർമാണം. ഫഹദും അനുശ്രീയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.