ഗന്ധർവ ഗായകന് ഇന്ന് എഴുപത്തിയാറാം പിറന്നാൾ

സംഗീത ലോകത്തെ ഗന്ധർവ ഗായകന് ഇന്നു എഴുപത്തിയാറാം പിറന്നാൾ. കൊല്ലൂര്‍ മൂകാംബികയ്ക്ക് മുന്നിൽ തൊഴുകൈയോടെ നിന്ന് തന്നെയാണ് ഈ ജന്മദിനവും യേശുദാസ് ആഘോഷിക്കുക. സംഗീതജ്ഞനായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോർട്ട് കൊച്ചിയിൽ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസിന്റെ ജനനം. 55 വർഷം നീണ്ട സംഗീത യാത്രയിൽ പാടിത്തീർത്തത് എഴുപതിനായിരത്തിലേറെ ഗാനങ്ങൾ.

ആദ്യ പാട്ട് കേട്ട ആ നിമിഷം മുതൽ ഇതുവരെ യേശുദാസെന്ന പേരിനപ്പുറമൊരു സ്വരമാധുരി മലയാളം കേട്ടിട്ടില്ല. യേശുദാസെന്നാൽ സ്നേഹത്തിനപ്പുറം ഒരു വികാരമാണ്. ആ ശബ്ദത്തിലൂടെ പിറന്ന ഒരു പാട്ടെങ്കിലും കേൾക്കാതെ, ഓർക്കാതെ ഒരു ദിവസം പോലും ആരുടെയും ജീവിതത്തിൽ കടന്നുപോകുന്നുമില്ല.

ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, കെ.ആർ. കുമാരസ്വമായി അയ്യർ, വി. ദക്ഷിണാമൂർത്തി തുടങ്ങി സംഗീത ലോകത്തെ കുലപതികളുടെ ശിഷ്യത്വമാണ് യേശുദാസിലെ ഗായകനെ വാർത്തെടുത്തത്. പിതാവ് അഗസ്റ്റിൻ ജോസഫാണ് ആദ്യ ഗുരു. 1962ൽ പുറത്തിറങ്ങിയ കാൽപാടുകൾ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് യേശുദാസെത്തുന്നത്. എം.ബി. ശ്രീനിവാസനായിരുന്നു അതിന് വഴിതുറന്നതും. അതിനു മുൻപേ എം.ബി. ശ്രീനിവാസൻ ഈണമിട്ട ജാതി ഭേദം മത ദ്വേഷം എന്ന പാട്ട് പാടി യേശുദാസ് പ്രതിഭയറിയിച്ചിരുന്നു. ജീവിതത്തിലെ ഏത് പ്രധാന സന്ദർഭങ്ങളിലും വേദികളിലും യേശുദാസ് പാടുന്ന പാട്ടും ഇതുതന്നെയാണ്.

പക്ഷേ ആത്മാവുകൊണ്ട് മലയാളം സ്നേഹിക്കുന്ന ഗായകനിലേക്കുള്ള യേശുദാസിന്റെ യാത്ര ആരംഭിക്കുന്നത് വയലാർ-ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളിലൂടെയാണ്. യാഥാർഥ്യങ്ങളെ വരികളാക്കി വയലാർ എഴുതി, അതിന് ദേവരാഗങ്ങൾ കൊണ്ട് ദേവരാജന്‍ ഈണമിട്ട് യേശുദാസ് പാടിയ ഗാനങ്ങളിന്നും നമ്മുടെ കാതുകളിൽ മുഴങ്ങുന്നു. കാലാതിവർത്തിയായ ഗാനങ്ങൾ.

ഭാര്യ എന്ന ചിത്രത്തിൽ വയലാർ-ദേവരാജൻ സംഘം തയാറാക്കിയ പാട്ടുകളിലൂടെയാണ് യേശുദാസെന്ന ഗായകൻ മലയാളത്തിന്റെ ശ്രദ്ധ നേടുന്നത്. ഇന്നും ആ നാദത്തിനു മുന്നിൽ വിസ്മയത്തോടെ നോക്കി നിൽക്കുന്നു ലോ‌കം. വാക്കുകൾക്കും വിശേഷണങ്ങൾക്കും അപ്പുറമുള്ള ആലാപനഭംഗി. ഗന്ധർവ ഗായകനെന്ന് വിളിച്ചതും അതുകൊണ്ടു തന്നെ.

മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ഏഴു പ്രാവശ്യം, അ‍ഞ്ച് ഫിലിം ഫെയർ അവാർഡുകൾ, കേരള-തമിഴ്നാട്-ആന്ധ്ര-ബംഗാൾ സർക്കാരുകളുടെ പുരസ്കാരം നാൽപത്തിമൂന്ന് പ്രാവശ്യവും യേശുദാസിനെ തേടിയെത്തി. 2002ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.