മരണം 'വേട്ട'യ്ക്കു മേൽ കൈതൊട്ടു വീണ്ടും

മരണത്തിന്റെ മറുപേരാകുകയാണോ ഫെബ്രുവരി. മരണം തിരക്കിട്ടയൊരു യാത്രക്ക് ഇറങ്ങിത്തിരിച്ചിരിക്കയാണോ? വേട്ടയെന്ന ചിത്രത്തേയും മരണം വേട്ടയാടുമ്പോള്‍ അങ്ങനെ ചിന്തിക്കാതിരിക്കാൻ കഴിയില്ല. ചിത്രം പുറത്തിറങ്ങിയതിന്റെയന്ന് സംവിധായകൻ ആശുപത്രിയിലായി. വ്യത്യസ്തമായൊരു ചലച്ചിത്ര സൃഷ്ടിക്കുമേൽ പ്രശംസ നൽകുമ്പോൾ അത് കേൾക്കാന‌ാകാതെ കാണാനാകാതെ അദ്ദേഹം കടന്നുപോയി. ചിത്രത്തിലെ ആകെയുള്ള രണ്ടുപാട്ടുകളിലൊന്നിൽ വരികളെഴുതിയ ഷാന്‍ ജോൺസൺ മാസത്തിന്റെ തുടക്കത്തിലും യാത്ര പറഞ്ഞു. പാട്ട് പ്രേക്ഷക പക്ഷത്തിന് ഏറെയിഷ്ടമായതിന്റെ സന്തോഷം പങ്കുവച്ചതിനു പിന്നാലെയായിരുന്നു, മനോഹരമായൊരു മെലഡി നിലക്കും പോലെ ഷാൻ ജോൺസണും പോയി. വേട്ടയ്ക്കു മേൽ മരണം രണ്ടു തവണ കൈതൊട്ടു.

വേഗതയുടെ കാത്തിരിപ്പിന്റെ നെഞ്ചിടിപ്പിന്റെ പറയാതെ പറയുന്ന കഥാസന്ദർഭങ്ങളുടെ ചലച്ചിത്ര ഭാഷയൊരുക്കിയ സംവിധായകനാണ് വളരെ പെട്ടന്നങ്ങ് കാമറക്കു പിന്നിലൂടെ നടന്നു പോയത്. വ്യത്യസ്തമായ ചലച്ചിത്രങ്ങളെടുക്കാൻ പ്രേക്ഷകന്റെ ചിന്തകളിലും ആസ്വാദനത്തിലുമുള്ള വേറിട്ട വശങ്ങളെ പ്രായോഗികമാക്കുകയും ഇനിയുള്ള തലമുറക്ക് അത്തരം ചിത്രങ്ങളെടുക്കാൻ വലിയ പ്രചോദനം നൽകിയിട്ടുമാണ് രാജേഷ് പിള്ള പോകുന്നത്. നാൽപത്തിയൊന്നാം വയസിൽ. മനസിൽ ഒരായിരം ചലച്ചിത്ര മോഹങ്ങളുമായി. സിനിമയെ ജീവനേക്കാളേറെ സ്നേഹിച്ചിട്ട്. കരൾ രോഗമാണ് രാജേഷ് പിള്ളയുടെ ജീവനെടുത്തത്.

വേട്ടയിൽ ഷാൻ റഹ്മാൻ ഒരുക്കിയ സംഗീതത്തിന് ഉറ്റ ചങ്ങാതിമാരിലൊരാളായ ഷാൻ ജോൺസണാണ് ഹിന്ദി വരികൾ കുറിച്ചത്. രാവു മായുമീ എന്ന ഗാനത്തിനു വേണ്ടി. വേട്ടയെന്താണോ പ്രേക്ഷകനോട് പറയാൻ ആഗ്രഹിക്കുന്നത് അതിന്റെ ഗൗരവതലത്തെ അതേപടി ഉൾക്കൊണ്ട വരികളായിരുന്നു അത്. ഷാനിന്റെ അവസാന പാട്ടായി അത് മാറി. മാലാഖമാരിൽ വിശ്വസിച്ച് മാലാഖമാരോടൊപ്പം കൈപിടിച്ച് ഷാൻ പോയത് ഫെബ്രുവരി അഞ്ചിനായിരുന്നു. ജോൺസൺ മാസ്റ്ററെ പോലെ സംഗീത സംവിധാനത്തിലായിരുന്നു ഷാനിനും കമ്പം. പക്ഷേ ഷാനിലെ പ്രതിഭയെ നമുക്ക് ആഴത്തിലറിയാനായില്ല. അതിനു മുൻപേ അച്ഛനും അനിയനുമുറങ്ങുന്ന പള്ളിമുറ്റത്തേക്ക് അമ്മയെ തനിച്ചാക്കി ഷാൻ പോയി.