ആ മെലഡി പെട്ടന്നങ്ങു നിലച്ചുപോയി....

സുന്ദരമായ ഒരു മെലഡി. കേട്ടുകൊണ്ടിരിക്കവെ പെട്ടന്ന് അങ്ങ് നിലച്ചുപോകുക. ഷാൻ ജോൺസണിന്റെ കടന്നുപോക്കിനെ ഇങ്ങനയേ വിശേഷിപ്പിക്കാനാകൂ. അച്ഛന്റെ പാത പിന്തുടരാൻ കൊതിച്ചിട്ട് അപ്രതീക്ഷിതമായാണ് ഷാൻ നമ്മെ വിട്ടുപിരിഞ്ഞത്. ജോൺസൺ മാസ്റ്ററെന്ന പ്രഗത്ഭനായ സംഗീതജ്ഞന്റെ കുടുംബത്തെ വേട്ടയാടിയ മറ്റൊരു ദുരന്തം. അപ്രതീക്ഷിതമായിരുന്നു മാസ്റ്ററുടെ മരണം. ആറു മാസങ്ങൾക്കപ്പുറം ചെന്നൈയിൽ വച്ച് നടന്ന ഒരു ബൈക്ക് അപകടത്തില്‍ മകൻ റെൻ ജോൺസണും മരിച്ചു. ആ ദുരന്തങ്ങൾ നൽകിയ സമ്മര്‍ദ്ദങ്ങൾക്കിടയിൽ അമ്മയുടെ കൈപിടിച്ച് നടക്കാൻ തുടങ്ങുന്നതേയുണ്ടായിരുന്നു ഷാൻ. ഇപ്പോൾ ആ അമ്മയെ തനിച്ചാക്കി ഷാനും മടങ്ങിയിരിക്കുന്നു.

ഷാനിന്റേത് എപ്പോഴും പ്രസരിപ്പുള്ള മുഖഭാവമായിരുന്നു. തിരക്കുള്ള ജോലിക്കിടയിലും കലയ്ക്കായി ഷാൻ സമയം കണ്ടെത്തിയിരുന്നു. മാർക്കറ്റിങ് മേഖലയിലായിരുന്നു ജോലി. പകൽ മുഴുവൻ അതിൽ മുഴുകും. രാത്രി പാട്ടെഴുത്തും സംഗീതവും കൂട്ടുകാർക്കൊപ്പം റെക്കോർഡിങുമൊക്കെയായി ആഘോഷത്തിന്റെ സമയം. എങ്ങനെയാണ് ഇതൊക്കെ മാനേജുചെയ്യുന്നതെന്ന് ഒരു ഇൻറർവ്യൂനിടെ ചോദിച്ചപ്പോൾ ഷാൻ പറഞ്ഞു:

"പണ്ടേ ഞാനിങ്ങനെയാണ് കുറേ കാര്യങ്ങൾ ഒരുമിച്ച് കൊണ്ടുപോകാനാകും. പകൽ ഓഫിസ് ജോലി. രാത്രി വീട്ടിൽ വന്നാൽ അതിനെ കുറിച്ച് ആലോചിക്കാറേയില്ല. ഇനി കുറച്ചു നാൾ കഴിയുമ്പോൾ‌ ജോലി വിടും. ഞാൻ നൃത്തം പഠിച്ചിട്ടുണ്ട്. കുറേ പാട്ടുകൾ ചെയ്യണം. കൊറിയോഗ്രഫിയും ശ്രദ്ധിക്കണം. ചെന്നൈയിൽ നിന്ന് മടങ്ങും. അമ്മയ്ക്കൊപ്പം നാട്ടിൽ സെറ്റിൽ ചെയ്യണം."

പ്രതീക്ഷകളുടെ ഒരു വലിയ പുസ്തകമായിരുന്നു ഷാൻ. അപ്രതീക്ഷിതമായി അത് മറഞ്ഞു പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല കലാലോകത്തിനും സാധാരണക്കാർക്കും. ഹിസ് നെയിം ഈസ് ജോൺ എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധാനരംഗത്തേക്കിറങ്ങിയത്. രചന, ആലാപനം, സംഗീതസംവിധാനം എന്നിവയെല്ലാം തനിക്കിണങ്ങുമെന്ന ആത്മവിശ്വാസം ഷാനിന് ഉണ്ടായിരുന്നു.