കിടു കിടിലം ഷാരൂഖിന്റെ ഫാൻ

ഫോളോ ചെയ്ത് ട്വിറ്ററില് ടാഗ് ചെയ്ത് ഫേസ്ബുക്കില് നിന്നെ തേടി ഗൂഗിളിനെ ബീറ്റ് ചെയ്ത് ഞാൻ. പുത്തൻ കാലത്തെ പ്രണയം തേടലിനെ കുറിച്ചുള്ള തീർത്തും സത്യസന്ധമായ വരികൾ. ഷാരുഖ് ഖാൻ ഇരുപത്തിയഞ്ചുകാരന്റെ വേഷമണിയുന്ന ചിത്രം ഫാനിലെ പാട്ടാണിത്. ആകെ ഒരു പാട്ടേ ചിത്രത്തിലുള്ളൂ. പക്ഷേ ആ പാട്ട് എട്ട് ഭാഷകളിലേക്കാണ് വിവർത്തനം ചെയ്തത്. മലയാള വിവർത്തനവമായി ഒരു യുവാവെത്തിയിരിക്കുകയാണ് ഇപ്പോൾ. ആരാധകനായ റിന്റോ പോൾ ആലപ്പാടനാണ് വരികളെഴുതി പാടിയത്. ഷാരുഖിനായി സ്നേഹത്തോടെ ഒരു ആരാധകൻ എന്ന ടാഗ് ലൈനിലാണ് യുട്യൂബിൽ പാട്ട് പ്രസിദ്ധീകരിച്ചത്.

വരുൺ ഗ്രോവറാണ് ഒറിജിനൽ വരികളെഴുതിയത്. വിശാലും ശേഖറും ചേർന്നാണ് സംഗീതം. കിടു കിടിലം കിടു കിടിലം ഫാന് ഞാനാണേ എന്ന വരികളും ചൂളം വിളിയും ചടുലമായ ഓർക്കസ്ട്രയും ആഘോഷത്തിന്റേതാണ്. പാടിയതും അദ്ദേഹം തന്നെ. യുവത്വത്തിന്റെ പ്രസരിപ്പുള്ള പാട്ടും വരികളും രസകരമാണ്. മറ്റ് ഭാഷകളിലേതു പോലെ ഫാന്‍ സോങ് മലയാളവും ഏറ്റെടുക്കുമെന്ന് കരുതാം. ആദിത്യ ചോപ്രയാണ് ഫാൻ നിർമിക്കുന്നത്. മനീഷ് ശർമയാണ് സംവിധാനം. ഏപ്രിൽ 15ന് ചിത്രം റിലീസിനെത്തും.