ദേ ഷാരൂഖിനായി മലയാളികളുടെ പാട്ട്

താരാരാധന കൂടിയാൽ എന്തെല്ലാം ചെയ്യാം? മുക്കിനുമുക്കിനു ഫ്ലെക്സ് അടിച്ചു വയ്ക്കാം, താരത്തിന്റെ കട്ടൗട്ടിൽ പാലഭിഷേകവും മാലയിടലും നടത്താം, നാട്ടുകാർക്കൊക്കെ മധുരപലഹാരം വിതരണം ചെയ്യാം... അങ്ങനെ നീളും ലിസ്റ്റ്. എന്നാൽ, കണ്ടു മടുത്ത പതിവു രീതികളിൽനിന്നു വ്യത്യസ്തമാണ് കിങ് ഖാന്റെ മലയാളി ആരാധകരുടെ ആഘോഷം. ഓൾ കേരള ഷാരൂഖ് ഖാൻ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ എസ്ആർകെയോടുള്ള സ്നേഹം പ്രകടമാക്കിയത് 'ജബ്ര ഫാൻസ് കേരള' എന്ന പേരിൽ ഒരു വിഡിയോ ആൽബം നിർമിച്ചാണ്.

ഷാറൂഖ് ഖാന്റെ പുതിയ ചിത്രം 'ഫാൻ' ഏപ്രിൽ 15-ന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രചാരണാർഥം പുറത്തിറക്കിയ ‘ജബ്ര ഫാൻ ഹോഗയാ’ എന്ന ഗാനത്തിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് മൂന്നു മിനിറ്റ് 20 സെക്കന്റ് നീളമുള്ള ആൽബം നിർമിച്ചിരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള, രണ്ടു മുതൽ എഴുപത്തിയെട്ട് വയസു വരെയുള്ള ഷാറുഖ് ആരാധകർ ഗാനത്തോടൊപ്പം ചുവടുവയ്ക്കുന്നു. മൊബൈൽ ഫോണിലും സ്റ്റിൽ ക്യാമറകളിലുമായി ചിത്രീകരിച്ച വിഡിയോയുടെ സംവിധായകൻ ശിബി പോട്ടോരാണ്. ക്യാമറ ജിതിൻ ജോസ്. എഡിറ്റിങ് വിജേഷ്നാഥ്. മനീഷ് ശർമ സംവിധാനം ചെയ്യുന്ന ഫാൻ ഈ വർഷം റീലിസ് ചെയ്യുന്ന ആദ്യ ഷാറുഖ് ഖാൻ ചിത്രമാണ്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് നിർമാതാവ്.