ഗായിക വെടിയേറ്റു മരിച്ചു

അമേരിക്കൻ ഗായിക ക്രിസ്റ്റീന ഗ്രീമ്മി വെടിയേറ്റു മരിച്ചു. ഓട്ടോഗ്രാഫ് ഒപ്പിടുന്നതിനിടയിലാണ് ഒരാൾ ഇരുപത്തിരണ്ടുകാരിയായ ക്രിസ്റ്റീനയ്ക്കുനേരേ വെടിയുതിർത്തത്. അക്രമി പിന്നീട് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഓർലൻഡോ പൊലീസ് വ്യക്തമാക്കി. ഫ്ലോറിഡയിൽ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ക്രിസ്റ്റീന. എൻബിസി സംപ്രേഷണം ചെയ്യുന്ന പ്രശസ്ത മ്യൂസികൽ റിയാലിറ്റി ഷോ ആയ ദി വോയ്സ് ആറാം സീസണിലെ മൂന്നാം സ്ഥാനക്കാരിയായിരുന്നു ക്രിസ്റ്റീന.

കൂട്ടുകാരോടൊപ്പം പുതിയതായി ആരംഭിച്ച ബിഫോർ യു എക്സിറ്റ് എന്ന ബാൻഡിന്റെ പ്രചാരണർഥമാണ് ക്രിസ്റ്റീന ആരാധർക്കിടയിലേക്കെത്തിയത്. അറുപതോളം ആളുകളാണ് അവിടെയുണ്ടായിരുന്നത്. മറ്റാർക്കും അക്രമിയുടെ വെടിയേറ്റിട്ടില്ല. നാലോ അഞ്ചോ പ്രാവശ്യമാണ് ഇയാൾ ക്രിസ്റ്റീനയ്ക്കുനേരെ വെടിയുതിർത്തത്. ഗായികയുടെ സഹോദരൻ ഇയാളെ പിന്തുടർന്നെങ്കിലും അതിനിടയിൽ അക്രമി സ്വയം വെടിയുതിർക്കുകയായിരുന്നു. രണ്ട് തോക്കുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. 

ക്രിസ്റ്റീനയുടെ മരണം അമേരിക്കൻ സംഗീതലോകത്തിനാകെ ഞെട്ടലുണ്ടാക്കി. 30 ലക്ഷത്തിലധികം ആളുകളാണ് ക്രിസ്റ്റീനയെ ട്വിറ്ററിൽ പിന്തുടരുന്നത്.