ആരാധകർ കാത്തിരുന്ന കോൾഡ് പ്ലേയുടെ പുത്തൻ ആൽബത്തിൽ അതിസുന്ദരിയായി സോനം കപൂറും

മയില് പീലിവിടർത്തുന്നത് എത്രകണ്ടാലാണ് മതിവരിക. ഇന്ത്യയിലെ കാഴ്ചകൾക്കൊരു മയിലിന്റെ ചന്തമുണ്ട്. അതുകൊണ്ടാകുമോ കോൾഡ് പ്ലേയുടെ തങ്ങളുടെ ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബത്തിന്റെ ദൃശ്യങ്ങൾ പീലിവിടർത്തുന്ന മയിലിൽ നിന്നു തുടങ്ങിയത്. നിറങ്ങളുടെ ഉത്സവം കണ്ട് ഇന്ത്യയുടെ കാണാ കാഴ്ചകളിലേക്ക ് സംഗീതത്തിലൂടെ യാത്ര ചെയ്യുന്ന ഈ ആൽബം കാണാൻ കുറേ നാളായി സംഗീത ആരാധകർ കാത്തിരിക്കുകയായിരുന്നു. മ്യൂസിക്കൽ ആൽബം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ കോടിക്കണക്കിന് കാഴ്ചക്കാരെയും നേടിയെടുത്തു. അമേരിക്കൻ ഗായിക ബെയോൺസയും ഇന്ത്യയുടെ താരഭംഗി സോനം കപൂറും ആല്‍ബത്തിലുൾപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. പക്ഷേ ആൽബം പുറത്തിറങ്ങിയപ്പോൾ എല്ലാത്തിനുമപ്പുറമാണ് സംഗീതവും ഇതിലെ ദൃശ്യങ്ങളും. കോൾഡ് പ്ലേയുടെ പ്രധാന ഗായകൻ ക്രിസ് മാർട്ടിനാണ് പാടിയഭിനയിക്കുന്നത്.

ഇന്ത്യൻ സ്ത്രീ സൗന്ദര്യത്തെ സോനത്തിൽ കൂടെയാണ് വർണിക്കുന്നതെന്നു പറയാം. മയ്യൂർ ഗിരോത്രയുടെ ലഹംഗയും ചുറ്റി വെള്ളിമൂക്കുത്തിയണിഞ്ഞ് മുടിപാറിച്ചോടുന്ന സോനം സെക്കൻഡുകൾ മാത്രമേ ആൽബത്തിലുള്ളൂവെങ്കിലും ഭംഗിയേറെ. കോൾഡ് പ്ലേയുടെ വിഡിയോയിൽ താനുമുണ്ടെന്നത് കൊച്ചുമക്കളോടു പറയാമല്ലോയെന്ന ഹൃദ്യമായ ട്വീറ്റാണ് സോനം ചെയ്തത്. ടിവി സെറ്റിൽ പ്രത്യക്ഷപ്പെടുന്ന താരമായിട്ടാണ് ബെയോൺസയെ അവതരിപ്പിച്ചിരിക്കുന്നത്. അബു ജാനിയും സന്ദീപ് ഘോസ്‌ലയും ഡിസൈൻ ചെയ്ത സ്വർണ നിറത്തിലുള്ള ഗൗണിൽ ബെയോൺസയ്ക്കും ഭംഗിയേറും. കുറച്ചു സീനുകളിലേയുള്ളൂവെങ്കിലും സോനത്തിന് സന്തോഷമുണ്ട്.

മണികൾ മുഴുങ്ങുന്ന ക്ഷേത്ര മുറ്റത്തുകൂടി അവിടത്തെ പൂക്കളിലൂടെ പഴയ സിനിമാ കൊട്ടകങ്ങളിലൂടെ പായൽ പിടിച്ച ഓടും ഹോളിയുടെ ത്രസിപ്പും ടാക്സി യാത്രകളും കുളത്തിലേക്ക് ചാടിമറയുന്ന കുട്ടിക്കൂട്ടവും കഥകളിയും ഭരത നാട്യവും നിറഞ്ഞു നിൽക്കുന്നു പാട്ടിൽ. ക്രിസ് മാർട്ടിൻ ആൽബത്തിന്റെ ചിത്രീകരണത്തിന് ഇന്ത്യയിലെത്തിയതു പോലും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. അന്ന് മാർ‌ട്ടിൻ ഒരു റെസ്റ്റോറന്റിൽ ആരാധകരുടെ ആവശ്യ പ്രകാരം പാടിയ പാട്ടു പോലും യുട്യൂബിൽ വൻ‌ ഹിറ്റായിരുന്നു.