സത്യപ്രതിജ്ഞയ്ക്കായി എം ജയചന്ദ്രൻ എന്തിന് പാട്ടൊരുക്കി

സത്യപ്രതിജ്ഞ വീക്ഷിക്കാനെത്തിയ ജനക്കൂട്ടം

കേരളം ചെഞ്ചുവപ്പണിഞ്ഞ് ഭരണമാറ്റത്തിന്റെ ആവേശമുൾക്കൊണ്ട് നിൽക്കുമ്പോൾ പിന്നണിയിൽ ഒരു ഹിന്ദി പാട്ട്  അലയടിക്കുകയായിരുന്നു. വിപ്ലവ പാർട്ടി അധികാരത്തിലേറുമ്പോൾ ഊർജ്ജസ്വലമായ ഗാനങ്ങളില്ലാതെ പറ്റില്ലല്ലോ. സത്യപ്രതിജ്ഞ ചടങ്ങിനു മുൻപുള്ള ഓരോ നിമിഷത്തേയും ആരവങ്ങളെയുണർത്തിയത് ഈ ഗാനമാണ്. വലിയ തിരക്കിനിടയിലും ഏവരും ചെവിയോർത്ത ഗാനം സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് തയ്യാറാക്കിയത്. എം ജയചന്ദ്രന്റെ തന്നെ ആശയമായിരുന്നു ഇന്നീ ചരിത്ര നിമിഷത്തിലെ പാട്ടുകളായെത്തിയത്. സർക്കാർ തലത്തിൽ നിന്ന് അനുമതി നേടി പാട്ടു ചിട്ടപ്പെടുത്തി അവതരിപ്പിക്കുകയായിരുന്നു. ഹിന്ദി പാട്ടുകൾ എം ജയചന്ദ്രനിലൂടെയെങ്കിൽ മലയാളം ഗാനങ്ങളെല്ലാം എംബിഎസ് ക്വയറിന്റെയായിരുന്നു.

"കേരളത്തിൽ പുതിയൊരു സർക്കാർ അധികാരത്തിലേറുകയാണ്. അവർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് ഈ ഗാനാഞ്ജലി. അത്രയേയുള്ളൂ." എം ജയചന്ദ്രൻ മനോരമ ഓൺലൈനോട് പറഞ്ഞു. ഒരു പൗരനെന്ന അല്ലെങ്കിൽ കേരളത്തിന്റെ ഒരു പുത്രനെന്ന നിലയിൽ എന്നാൽ കഴിയുന്നത് ചെയ്തു. പിണറായി വിജയൻ എനിക്ക് ഏറ്റവുമിഷ്ടമുള്ള രാഷ്ട്രീയ നേതാക്കളിലൊരാളാണ്. എനിക്ക് രാഷ്ട്രീയമൊന്നും തന്നെയില്ല. എന്റെ വഴി സംഗീതമാണ്. നന്മ നിറ‍ഞ്ഞൊരു കാലമാകട്ടെ പുതിയ ഭരണമാറ്റത്തിലൂടെ കിട്ടുകയെന്ന ആഗ്രഹത്തോടെ മാത്രം ചെയ്തതാണ്. വേറെ ചിന്തയൊന്നും അതിനു പിന്നിലില്ല. ഏത് സർക്കാർ അധികാരത്തിലേറിയാലും അത് നല്ലൊരു തുടക്കമാകട്ടെയെന്ന് മാത്രം ആഗ്രഹിക്കുന്നു. 

നമ്മളെല്ലാം മനുഷ്യരാണ്. രാഷ്ട്രീയ-ജാതി-മത വ്യത്യാസമൊന്നുമില്ലാതെ സാഹോദര്യത്തിന്റെ പാതയിൽ നമുക്ക് സഞ്ചരിക്കാം എന്ന് ആഹ്വാനം ചെയ്യുന്ന ഗാനം നിവാസ് ആണ് പാടി നയിച്ചത്. അഭിലാഷ്, അർജുൻ, വനമാലി ദാസ് എന്നിവരാണ് ഒപ്പം പാടിയത്. മനോജ് യാദവ് എഴുതിയ ഗാനമാണിത്. ഏത് രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വന്നാലും സമാധാനവും നന്മയുമാണ് നമുക്ക് വേണ്ടത്. അതിനായിട്ടാണ് നമ്മൾ പ്രവർത്തിക്കേണ്ടത്. മനുഷ്യൻ െകട്ടിയ എല്ലാ മതിൽക്കെട്ടുകൾക്കുമുപ്പുറം നിന്നുകൊണ്ട് പ്രവർത്തിക്കാം. നന്മയിലൂടെയും സ്നേഹത്തിലൂടെയും ഒത്തൊരുമയോടെ മുന്നോട്ടു പോകാം. നന്മയുടെ സ്നേഹത്തിന്റെ സംഗീതം ഇവിടെ ഉണ്ടാകട്ടെ. ആ സന്ദേശമാണ് പാട്ടു പങ്കുവയ്ക്കുന്നത്. എം ജയചന്ദ്രൻ പറഞ്ഞു.