സോനുനിഗത്തിന് ഭക്ഷണം വാങ്ങാൻ 12 രൂപ നൽകിയ ആരാധകൻ

തെരുവു ഗായകനായി സോനു നിഗം നമ്മെ ഞെട്ടിച്ചിട്ട് അധിക ദിവസമായിട്ടില്ല. തെരുവിൽ ഇരുന്നുപാടുന്ന സോനുവിന്റെ ഉസ്താദ് ആയുള്ള േവഷപ്പകർച്ച ഇന്ത്യയൊന്നാകെ ശ്രദ്ധിച്ചു. അതിന്റെ വിഡിയോയും തരംഗമായി. അന്ന് ആ ദിനത്തിൽ സോനുവിന് മറക്കാനാകാത്ത അനുഭവം സമ്മാനിച്ചിരുന്നു ഒരാൾ.

നന്മയുടെ കണിക വേഗത നിറഞ്ഞ ഈ ലോകത്ത് ഇപ്പോഴും ബാക്കിയുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ട്. പാട്ടു കേട്ട് കഴിഞ്ഞിട്ട് ഭക്ഷണം കഴിച്ചുവോയെന്ന് ചോദിച്ച് പന്ത്രണ്ട് രൂപ കൈയിൽ വച്ച ആ പാട്ടു പ്രേമിയെ തേടുകയായിരുന്നു സോനു. ഇന്നലെ സോനുവിന് അദ്ദേഹത്തെ കാണാനായി. മുംബൈക്കാരനായ ഷർബാസ് അലിയാണ് ആ നന്മ നിറഞ്ഞ പ്രവൃത്തിക്കു പിന്നിൽ. ഫേസ്ബുക്കിലെ ലൈവ് വിഡിയോയിലൂടെ സോനു ഷർബാസിനെ ലോകത്തിന് പരിചയപ്പെടുത്തി.

കൂടിക്കാഴ്ചയിൽ ഇരുവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. റോഡരികിൽ മുഷിഞ്ഞ വസ്ത്രങ്ങളുമണിഞ്ഞിരുന്ന് ഹാർമോണിയം വായിച്ചതും താൻ പൈസ നൽകിയതും ഇന്ത്യയുടെ സൂപ്പർ ഹിറ്റ് ഗായകനാണെന്നറി​ഞ്ഞപ്പോൾ ഷർബാസിനും വിശ്വസിക്കാനായില്ല. വെയിലേറ്റിട്ട് തളർന്നിട്ടും അതിഗംഭീരമായി പാടിയ ഗായകന് പൈസ നൽകി സഹായിച്ച ഏക വ്യക്തിയും ഷഹബാസായിരുന്നു. ബാക്കിയെല്ലാവരും പാട്ടു കേട്ട് നിന്ന് ആസ്വദിച്ച് വിഡിയോയും പകർത്തി പോകുകയായിരുന്നു.

[ആരും തിരിച്ചറിഞ്ഞില്ല ബോളിവുഡിലെ ഈ സൂപ്പർ ഗായകനെ]

 

ഷഹബാസ് നൽകിയ പന്ത്രണ്ട് രൂപ ഫ്രെയിം ചെയ്ത് തനിക്ക് ലഭിച്ച വിശിഷ്ടമായ അവാർഡുകൾക്കൊപ്പം സൂക്ഷിച്ചിരിക്കുകയാണ് സോനു. ബീയിങ് ഇന്ത്യൻ എന്ന യുട്യൂബ് ചാനലുമായി സഹകരിച്ചാണ് ദി റോ‍ഡ് സൈഡ് ഉസ്താദ് ആകുവാൻ സോനു തീരുമാനിച്ചത്. മുംബൈ നഗരത്തിലെ വിവിധയിടങ്ങളിൽ വച്ച് ഇരുപത്തിയഞ്ചോളം ഗാനങ്ങളാണ് മൂന്നു മണിക്കൂറു കൊണ്ട് സോനു ആലപിച്ചത്. ഒരാൾ പോലും സോനുവിനെ തിരിച്ചറിഞ്ഞില്ലെന്നതാണ് കൗതുകം.