ഒരു ഇന്തോ - പാക് സംഗീതയാത്ര

ഇന്ത്യ, പാക്കിസ്ഥാൻ രാജ്യങ്ങൾ തമ്മിൽ ശത്രുത ഉണ്ടാകാം. പക്ഷേ എല്ലാ ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും തമ്മിൽ ശത്രുതയുണ്ടോയെന്ന് ചോദിച്ചാൽ, ഇല്ലെന്നു തന്നെ പറയേണ്ടിവരും. സംഗീതത്തിനായി പ്രമുഖ പിന്നണി ഗായകൻ സോനു നിഗവും പാക്കിസ്ഥാൻ സ്വദേശിയും ഗായകനുമായ ആത്തിഫ് അസ്‌ലവുമൊന്നിച്ച് വേദി പങ്കിട്ടത് വേറിട്ട കാഴ്ചയായി. ദുബായിലെ വേൾഡ് ട്രേഡ് സെന്ററിൽ വ്യാഴാഴ്ച നടന്ന പരിപാടിക്കിടെയാണ് ഇരുവരും വേദി പങ്കിട്ടത്.

പാക്കിസ്ഥാനി ഗായകനൊപ്പം വേദി പങ്കിട്ട നിഗം പാക്കിസ്ഥാനിലെ പ്രശസ്ത ഗായകരായ നസ്റത്ത് ഫത്തേ അലിഖാൻ, രേഷ്മ എന്നിവരുടെ ഏതാനും പാട്ടുകൾ നിഗം ആലപിച്ചു. മുഹമ്മദ് റാഫി, കിഷോർ കുമാർ, ജഗ്ജീത് സിങ് തുടങ്ങിയവർ അനശ്വരമാക്കിയ പാട്ടുകൾ ആസ്‌ലവും ആലപിച്ചു. അസ്‌ലത്തിന്റെ പാട്ടുകൾ നിഗവും നിഗത്തിന്റെ പാട്ടുകൾ അസ്‌ലവും ആലപിച്ചു.

അസ്‌ലമാണു സംഗീതപരിപാടി ആരംഭിച്ചത്. ബോളിവുഡിലെ എക്കാലത്തെയും മികച്ച ഹിറ്റുകളായ വോ ലംഹേ വോ ബാത്തെയ്ൻ, തൂ ചാഹിയെ, ചില സൂഫി പാട്ടുകൾ തുടങ്ങിയവ ആലപിച്ച് അസ്‌ലവും മേര രംഗ് ദേ ബസന്തി, അൽവിദ് ന കഹ്​ന തുടങ്ങിയ ഗാനങ്ങളിലൂടെ നിഗവ‌ും വേദി കൈയ്യടക്കി.