വിമാനത്തിൽ സോനുവിന്റെ സർപ്രൈസ്: ജീവനക്കാർക്ക് പണികിട്ടി

മുംബൈയിൽ ജോദ്പൂരിലേക്കുളള വിമാനയാത്രക്കിടയിൽ സോനു നിഗം യാത്രക്കാർക്ക് പാട്ടുപാടിക്കൊടുത്തത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. പക്ഷേ സോനുവിന്റെ പാട്ടു പാടൽ ജെറ്റ് എയർവേസ് അധികൃതർക്ക് അത്രക്ക് രസിച്ചില്ല. സോനു നിഗമിന് പാട്ടുപാടാൻ അവസരം നൽകിയ അഞ്ച് ജീവനക്കാരെ ജെറ്റ് എയർവേസ് ജോലിയിൽ നിന്ന് മാറ്റിനിർത്തി. സിവിൽ ഏവിയേഷൻ ഡയറക്ടർ‌ ജനറലിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. വിമാനത്തിന്റെ അഡ്രസ് സിസ്റ്റം വഴിയായിരുന്നു സോനു നിഗം പാടിക്കൊടുത്തത്. ഈ സംവിധാനം ദുരുപയോഗം ചെയ്യാൻ കൂട്ടുനിന്നതിനാണ് നടപടി.

കഴിഞ്ഞ ജനുവരി നാലിനായിരുന്നു സംഭവം. ദോ വീർ സാറയിലെ ദോ പൽ റഫ്യൂജിയിലെ പഞ്ചി നദിയാ എന്നീ പാട്ടുകളാണ് സോനു നിഗം പാടിയത്. യാത്രക്കാരും ഒപ്പം പാടിയതോടെ സോനു നിഗവും ആവേശത്തിലായി. സോനു പാട്ടു പാടുന്ന വിഡിയോ യാത്രക്കാരിലൊരാൾ വിഡിയോയിലാക്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ പാട്ടുപാടൽ വൈറലായി.

കലാപരിപാടികൾ വിമാനത്തിനുള്ളിൽ അവതരിപ്പിക്കുന്ന പരിപാടി ഇതാദ്യമായല്ല ജെറ്റ് എയർവേസ് ജീവനക്കാർ ചെയ്യുന്നത്. 2014ലും ഇത്തരത്തിലൊരു സംഭവമുണ്ടായിരുന്നു. ഹോളി ആഘോഷങ്ങളുടെ ഭാഗമായി അന്ന് കാബിൻ ക്ര്യൂ ഒരു ഹിന്ദി പാട്ടിന് നൃത്തം ചവിട്ടിയിരുന്നു. രണ്ട് പൈലറ്റുമാര്‍ക്കും അന്ന് സസ്പെൻഷൻ കിട്ടിയിരുന്നു.