തെരുവുകളിൽനിന്ന് കാൻസ് ഫെസ്റ്റിവൽ വരെ

വീടെന്നാൽ ഇരുൾ വീണൊരു ഒറ്റമുറി മാത്രമാണവർക്ക്. പൊതുവിടങ്ങളെന്നാൽ തുളച്ചു കയറുന്ന നോട്ടങ്ങളും കാതു തുളയ്ക്കുന്ന അസഭ്യങ്ങളും ആക്രോശങ്ങളും മാത്രവും. ജൈവിക ഘടനയിൽ ആണിനും പെണ്ണിനുമിടയിലൊന്നായി പിറന്നു വീണാൽപ്പിന്നെ വീടും വീട്ടുകാരും സമൂഹവും എല്ലാം ഇവർക്കിങ്ങനെയാണ് അനുഭവപ്പെടാറ്. കാലം മാറിയിട്ടും അതിനു മാറ്റമൊന്നും വരില്ലെന്നായപ്പോൾ തങ്ങളുടെ സ്വത്വാവിഷ്കാരത്തിനായി അവർതന്നെ മുന്നിട്ടിറങ്ങി. ട്രാൻസ്ജെൻഡേഴ്സ് എന്നു നാം വിശേഷിപ്പിക്കുന്നവരുടെ ധീരമായ ഉയർത്തെഴുന്നേൽപ്പുകളാണ് ഒരുപക്ഷേ കാലമിന്ന് ഏറ്റവും അതിശയത്തോടെ നോക്കുന്നതും ചർച്ച ചെയ്യുന്നതും. സിക്സ് പാക്ക് എന്ന പാട്ടുകൂട്ടം ആ മുന്നേറ്റത്തിന്റെ ഒരേടാണ്. ഇവരുടെ സ്വരഭേദങ്ങൾക്കിടയിലൊളിഞ്ഞിരിപ്പുണ്ട് ഒരു വിപ്ലവത്തിന്റെ സ്വരം. ഈണങ്ങൾ കൊണ്ടു സമൂഹത്തിന്റെ ചിന്താഗതികളിലൊരു പൊളിച്ചെഴുത്തു നടത്തുകയാണിവര്‍. തെരുവിൽനിന്നു തുടങ്ങി കാൻസ് ലയൺസ് ഫെസ്റ്റിവൽ വരെയെത്തിയ ഒരു വിജയഗാഥ. 

ഫിദാ ഖാൻ, രവീണാ ജഗ്താപ്, ആശാ ജഗ്താപ്, ചാന്ദ്നി സുവർണാകർ, കോമൾ ജഗ്താപ്, ഭവികാ പാട്ടീൽ. ഇവര്‍ ആറു പേരാണു മനസിനുള്ളിലെ വിങ്ങലുകളെ രാഗങ്ങളുടെ വശ്യമായ ലോകത്തേക്കു മാറ്റിയെഴുതിയത്. കാൻ ഫെസ്റ്റിവലിൽ വരെ ആദരിക്കപ്പെട്ട ഈ സംഗീതസംഘത്തെ നാം അടുത്തറിയേണ്ടതുണ്ട്. ഫാരൽ വില്യംസിന്റെ ഹാപ്പി എന്ന പ്രശസ്ത ഗാനം ഏറ്റുപാടിക്കൊണ്ടാണ് ഇവർ സ്വയം പരിചയപ്പെടുത്തിയത്. സിക്സ് പാക്കിനൊപ്പം കൈകോർക്കാൻ ഗായകൻ സോനു നിഗവുമെത്തി. അദ്ദേഹമാണ് ഈ ഗാനം അവതരിപ്പിച്ചതും ഇവർക്കൊപ്പം പാടിയഭിനയിച്ചതും. യുട്യൂബിൽ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പ്രാവശ്യമാണ്  ലോകം ഈ ഗാനം കണ്ടത്. ഒരാൾ മറാത്തി ഭാഷയിൽ പാടും. മറ്റൊരാൾ ഇംഗ്ലിഷ് പാട്ടുകൾ. ബാക്കിയുള്ള രണ്ടു പേർ ബോളിവുഡ് ഗാനങ്ങളും സൂഫി സംഗീതവും. പാട്ടിഷ്ടക്കാരെ രസിപ്പിക്കുവാൻ കഴിവുള്ള പാട്ടു സംഘം തന്നെയാണിവരെന്നത് ഇതിൽനിന്നുതന്നെ വ്യക്തമാണല്ലോ. കഴിഞ്ഞ ജനുവരി ആറിനാണ് ഇവരുടെ ആദ്യ ഗാനമെത്തിയത്. രണ്ടാം ഗാനം സബ് രബ് ദേ ബന്ദേയും പിന്നാലെയെത്തി. 

പ്രമുഖ പരസ്യ ഏജൻസിയായ മൈൻഡ്ഷെയർ മുംബൈയും യാഷ് രാജ് ഫിലിംസിന്റെ യൂത്ത് വിങും ചേർന്നാണു സിക്സ് പാക്ക് രൂപീകരിക്കുന്നത്. ഒരു തേയില കമ്പനിയ്ക്കു വേണ്ടിയുള്ള പരസ്യ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. കാൻസ് ലയൺസ് അന്താരാഷ്ട്ര ഫെസ്റ്റിവലിൽ ഈ പരസ്യം വിജയം നേടിയപ്പോൾ ആദരിക്കപ്പെട്ടത് ഇവർ കൂടിയാണ്. പരസ്യത്തിനപ്പുറം ആ പാട്ടിലും ദൃശ്യങ്ങളിലുമുണ്ടായിരുന്ന നല്ല ചിന്താഗതിയെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 

പെൺകുട്ടികൾ മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ പോപ് ബാൻഡിനു തുടക്കമിട്ട ഷമീർ ടണ്‍ഠനായിരുന്നു ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡേഴ്സ് ബാൻഡിന്റെ രൂപീകരണത്തിനായി നിയോഗിക്കപ്പെട്ടത്. ബാൻ‍ഡിലെ അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൽ, പെൺ വേഷം കെട്ടി ആൺകുട്ടികൾ വരെയെത്തിയ സ്ഥിതിയുണ്ടായപ്പോൾ ഇവരൊന്നു മാറിച്ചിന്തിച്ചു. ബാൻ‍ഡിലേക്കുള്ള കൂട്ടുകാരെ തേടി മുംബൈയിലെ ട്രാഫിക് സിഗ്നലുകളിലും റെയിൽവേ സ്റ്റേഷനിലുമൊക്ക സംഘം അലഞ്ഞു. അവിടെനിന്നാണ് ഫിദയെയും രവീണയെയുമൊക്കെ കണ്ടുമുട്ടുന്നത്. 

കൂർത്ത നോട്ടങ്ങൾ നശിപ്പിച്ചു കളഞ്ഞ ബാല്യത്തിൽ അക്ഷരം പഠിക്കാൻ പോലും ഇവർക്കാർക്കും കഴിഞ്ഞിരുന്നില്ല. ഉള്ളിലെ സംഗീതത്തെയും മനസ്സിന്റെ താളത്തിനൊത്തു ചലിക്കുന്ന ശരീരത്തെയും തിരിച്ചറിഞ്ഞിരുന്നുമില്ല. ആ ജീവിതങ്ങളെയാണ് സംഗീതം കൊണ്ടു കോർത്തിണക്കേണ്ടിയിരുന്നത്. ആൽബത്തിനായുള്ള റിഹേഴ്സൽ പോലും ദുസ്സഹമായിരുന്നു. റിഹേഴ്സലിനായി എത്തിയ പലയിടത്തുനിന്നും ആട്ടിയോടിക്കപ്പെട്ടു. എന്തിനാണു തങ്ങളോടു സമൂഹം ഇങ്ങനെ പെരുമാറുന്നതെന്ന് ഇവർക്കിപ്പോഴുമറിയില്ല. ഇങ്ങനെ ജനിച്ചു പോയതിൽ തങ്ങളെന്തു കുറ്റമാണു ചെയ്തതെന്ന് ഇവർക്കു മനസിലാകുന്നുമില്ല. ഇവരെ തെരുവിലേക്കു വലിച്ചെറിഞ്ഞത് അച്ഛനമ്മമാരാണ്.

എന്തായാലും രവീണയും ആശയും ചാന്ദ്നിയുമൊക്കെ ഇപ്പോൾ അഭിമാനിക്കുന്നുണ്ട്. നെറ്റി ചുളിച്ചുള്ള നോട്ടങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് ഇവർ പറയുന്നു. എങ്കിലും മുന്നോട്ടുള്ള യാത്ര ദുഷ്കരമാണ്. അതറിയാം. അതറിഞ്ഞു കൊണ്ടുതന്നെയാണ് ഓരോ ദിവസവും തുടങ്ങുന്നത്. പാട്ടിനൊപ്പം തന്നെയാണ് ഇവരുടെ ഇനിയുള്ള യാത്രകൾ. ഈണങ്ങളിലൂടെ മനസുകൾക്കുള്ളിലെ അഴുക്കു നീക്കാമെന്നും മുൻവിധികളെ മാറ്റിയെഴുതാമെന്നും ഇവർ കണക്കുകൂട്ടുന്നു; അത് സാധ്യമാകുമെന്നു പ്രതീക്ഷിക്കുന്നു....