യേശുദാസ് ഹിന്ദുവായെന്ന് സുബ്രഹ്മണ്യം സ്വാമി, മറുപടിയുമായി പ്രഭാ യേശുദാസ്

ഗാനഗന്ധർവൻ യേശുദാസ് ഹിന്ദു മതത്തിലേക്കു പരിവർത്തനം നടത്തിയെന്ന വാർത്ത തെറ്റാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രഭാ യേശുദാസ്. എങ്ങനെയാണ് ഇത്തരമൊരു വാർത്ത വന്നതെന്നറിയില്ലെന്നും അവർ ട്വിറ്ററിൽ കുറിച്ചു. 

ബിജെപി എംപി സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ് ആണ് യേശുദാസ് ഹിന്ദു മതത്തിലേക്കു മാറിയെന്ന വാർത്തകൾക്കു ചൂടുപിടിപ്പിച്ചത്. ട്വിറ്ററിലൂടെ ആവശ്യത്തിലധികം വിവാദങ്ങൾ സൃഷ്ടിച്ചയാളാണ് സ്വാമി. എന്തായാലും പ്രഭാ യേശുദാസിന്റെ മറുപടിയെത്തിയതോടെ സ്വാമി തന്റെ ഭാഗം വിശദീകരിച്ചു തടിയൂരി. ഒരു വാർത്തയ്ക്കു റീട്വീറ്റു ചെയ്യുക മാത്രമാണുണ്ടായതെന്നും മാധ്യമങ്ങൾക്കു തന്റെ വാക്കുകളെ വളച്ചൊടിക്കാൻ വല്ലാത്ത ആർത്തിയാണെന്നുമാണ് സ്വാമിയുടെ മറുപടിയിലുള്ളത്. 

കൊല്ലൂറിലെ മൂകാംബിക ക്ഷേത്രത്തിൽ എല്ലാവര്‍ഷവും തന്റെ പിറന്നാൾ ദിനത്തിൽ യേശുദാസ് സകുടുംബമെത്താറുണ്ട്. സംഗീതാര്‍ച്ചനയും നടത്താറുണ്ട്. ജാതി മത വേര്‍തിരിവുകൾക്കപ്പുറം മനുഷ്യൻ ചിന്തിക്കണമെന്നു പറയുന്ന വ്യക്തിത്വമാണ് യേശുദാസിന്റേത്. ഏത് വേദിയിലെത്തിയാലും ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും... എന്ന വരികൾ ചൊല്ലിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങാറ്. അഹിന്ദുവായതിനാൽ ഗുരുവായൂര്‍ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചതിന് അദ്ദേഹം സ്വീകരിച്ച നിലപാടുകളും നമുക്കറിയാവുന്നതാണ്. 

പതിനാലു ഭാഷകളിലായി 45000 അധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് യേശുദാസ്. ഏഴുപ്രാവശ്യം ദേശീയ പുരസ്കാരവും. രാജ്യം പത്മശ്രീയും പത്മ ഭൂഷണും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്.