ദാസേട്ടനെതിരെ ചമച്ചത് കള്ളക്കഥ: ഗായകന്‍ സുദീപ്

സുദീപ് കുമാര്‍

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി 'ദേശത്തിനായി പാടൂ' എന്ന പരിപാടിയുടെ ഉദ്‌ഘാടനത്തിനെത്തിയ കെ ജെ യേശുദാസിനെതിരെ വന്ന മാധ്യമവാര്‍ത്ത അസത്യവും വളച്ചൊടിച്ചതുമാണെന്ന് ഗായകന്‍ സുദീപ് കുമാര്‍. പരിപാടിയുടെ ഭാഗമായി അവിടെ തന്നെയുണ്ടായിരുന്നു. മാധ്യമങ്ങളില്‍ വന്നതുപോലെ ഒന്നും അവിടെ സംഭവിച്ചിട്ടില്ല. ദാസേട്ടനെതിരെ വ്യക്തിഹത്യ നടത്താന്‍ ഉദ്ദേശിച്ച് മാത്രമാണ് ഈ വാര്‍ത്ത ചമച്ചതെന്നും സുദീപ് പറയുന്നു.

സുദീപ് കുമാറിന്റെ വാക്കുകളിലൂടെ...

"തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ കൂടി ആഭിമുഖ്യത്തില്‍ ദേശത്തിനായി പാടൂ എന്ന പരിപാടി സംഘടിപ്പിച്ചത്. ഞാന്‍ അവിടെ 9.30 മണിക്കെത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാവരും എത്തിയപ്പോള്‍ പത്ത് മണിയായി. കുട്ടികള്‍ക്കൊപ്പം പ്രാക്ടീസ് ചെയ്‌ത ശേഷമായിരുന്നു ഗാനാലാപനം. സ്റ്റേഡിയത്തില്‍ രണ്ട് സ്റ്റേജുകളാണ്‌ ഉണ്ടായിരുന്നത്. ഒരു മുഖ്യവേദിയും ഞാന്‍ ഉള്‍പ്പെടെയുള്ള ഗായകര്‍ പാടാന്‍ നിന്നിരുന്ന വേദിയും. മുഖ്യവേദിയിലായിരുന്നു ദാസേട്ടനും മന്ത്രിമാരുമൊക്കെ ഉണ്ടായിരുന്നത്. അവിടെയാണ്‌ പരിപാടിയുടെ ഉദ്ഘാടനവും നടന്നത്.

ഉദ്ഘാടനം കഴിഞ്ഞ് മന്ത്രിമാര്‍ അടക്കമുള്ള മുഖ്യാതിഥികള്‍ വേദിവിട്ടുപോയി. എന്നാല്‍ വേദിയില്‍ തന്നെ തുടര്‍ന്ന ദാസേട്ടന്‍ കുട്ടികള്‍ക്കൊപ്പം ഞങ്ങള്‍ പാടിയ പാട്ടുകള്‍ ആസ്വദിച്ചിരിക്കുകയായിരുന്നു. എല്ലാം കഴിഞ്ഞ് മടങ്ങുമ്പോള്‍ കുട്ടികളെ അഭിവാദ്യം ചെയ്യാനായി കാറില്‍ തന്നെ ദാസേട്ടന്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്ക് അടുത്തെത്തി കാറിന്റെ ഗ്ലാസ് തുറന്ന് അഭിവാദ്യം അര്‍പ്പിച്ചു. സ്റ്റേജിന്റെ ഒരു ഭാഗത്തെത്തിയപ്പോള്‍ സൗണ്ട് കേബിള്‍പോയിരിക്കുന്നതിനാല്‍ അതില്‍ വാഹനം കയറ്റരുതെന്ന് സൗണ്ട് എഞ്ചിനിയര്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെ നിന്നു തിരിച്ചു മടങ്ങുകയായിരുന്നു. ഈ സമയത്ത് എന്തെങ്കിലും സംസാരമോ ഒന്നും തന്നെ നടന്നിട്ടില്ല.

എന്നാല്‍ അദ്ദേഹം മടങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹം കുട്ടികളെ അപമാനിച്ചെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. അദ്ദേഹം പാടാമെന്ന് ഏറ്റിരുന്നെന്നും ആ മാധ്യമപ്രവര്‍ത്തകന്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ പാടാന്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്നും ഉദ്ഘാടനത്തിനാണ്‌ ക്ഷണിച്ചതെന്നും സംഘാടകര്‍ തന്നെ പറയുന്നുണ്ട്. മാത്രമല്ല ഉദ്ഘാടന സമയത്ത് ദാസേട്ടന്‍ നാലുവരി പാടുകയും ചെയ്‌തു. ഇതൊന്നും അറിയിക്കാതെ, സ്റ്റേഡിയത്തില്‍ അദ്ദേഹം കാറില്‍ ഇരിക്കുന്ന ചിത്രവും വച്ച് വളച്ചൊടിച്ച വാര്‍ത്തയായിരുന്നു മാധ്യമങ്ങളില്‍ വന്നത്.

സ്റ്റേഡിയത്തില്‍ ചെളി ഉണ്ടായിരുന്നത് കൊണ്ടാണ്‌ ദാസേട്ടന്‍ വാഹനത്തില്‍ നിന്നു ഇറങ്ങാത്തതെന്നും വാര്‍ത്തകളില്‍ ആഘോഷിക്കുന്നത് കണ്ടു. ദാസേട്ടനെ കുറിച്ച് നന്നായി അറിയാത്തവരാണ്‌ ഇതുപോലെയുള്ള കെട്ടുക്കഥകള്‍ ഉണ്ടാക്കുന്നത്. ഈ പരിപാടിയുടെ അടുത്ത ദിവസം പാലക്കാട് ജൈവകര്‍ഷകര്‍ക്കൊപ്പം ചേറില്‍ ഇറങ്ങി നിന്ന് പരിപാടി ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങള്‍ കൂടി ഈ വിവാദമുണ്ടാക്കിയവര്‍ കാണണമായിരുന്നു.

ദാസേട്ടനും കെ എസ് ചിത്ര ചേച്ചിയുമൊക്കെ മലയാളത്തിന്‌ കിട്ടിയ വരദാനങ്ങളാണ്‌. അവരുടെ കഴിവുകളെ മനസ്സിലാക്കാതെ വെറുതെ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്കായി വ്യക്തിഹത്യ നടത്തുന്നത് അത്ര നല്ല നടപടിയാണെന്ന് തോന്നുന്നില്ല. ഗായകര്‍ക്കെതിരെ ഇതുപോലെ വാര്‍ത്തകള്‍ വരുമ്പോള്‍ ആരും പ്രതികരിച്ച് കാണുന്നുമില്ല. ഈ വിഷയത്തില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാള്‍ എന്ന രീതിയില്‍ എനിക്ക് പ്രതികരിക്കണമെന്ന് തോന്നി. എനിക്ക് അറിയാവുന്നവരോടൊക്കെ നേരിട്ട് ഞാന്‍ സത്യാവസ്ഥ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രവാസികള്‍ അടക്കമുള്ള എല്ലാ മലയാളികളും ഇതറിയണമെന്ന് ആഗ്രഹം തോന്നിയത് കൊണ്ടാണ്‌ ഈ തുറന്നുപറച്ചില്‍." - സുദീപ് പറയുന്നു.