ഗായകൻ സോനു നിഗമിന് വീണ്ടും ശസ്ത്രക്രിയ

ഗായകൻ സോനു നിഗമിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും പ്രചരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം തന്നെ സത്യാവസ്ഥ വ്യക്തമാക്കുന്നു. ഒരു റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തന്റെ രോഗാവസ്ഥയെക്കുറിച്ച് സോനു വെളിപ്പെടുത്തിയത്. ഒന്നര വർഷമായി ഇരു കാലുകളെയും അസ്ഥി സംബന്ധമായ രോഗങ്ങൾ‌ അലട്ടുന്നുണ്ട്. നല്ല വേദനയും ബുദ്ധിമുട്ടുമുണ്ട്. അതിനാലാണ് ശസ്ത്രക്രിയ തീരുമാനിച്ചത്. ഒരു കാലിൽ ശസ്ത്രക്രിയ കഴിഞ്ഞു. ഒന്നു കൂടി കുറച്ചു നാൾ പൂർണ വിശ്രമത്തിലേക്ക് പോകേണ്ടി വരും - സോനു വ്യക്തമാക്കി.

പക്ഷേ അദ്ദേഹത്തിന്റെ കരിയറിനെ ഇത് ബാധിക്കുമെന്നോ നല്ല പാട്ടുകള്‍ സോനുവിൽ നിന്ന് കേൾക്കുവാൻ കാത്തിരിക്കേണ്ടി വരുമെന്നോ ഇതിന് അർഥമില്ല. കാരണം ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ് പതിനഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് സരബ്ജിതിലെ ഹിറ്റ് െമലഡി ദർദ് സോനു പാടിയത്. അതുകഴിഞ്ഞയുടൻ അസ്ഹർ എന്ന ചിത്രത്തിലെ മറ്റൊരു ഗാനവും പാടി. വിശ്രമ വേളയിൽ നല്ല പാട്ടുകൾ തന്നെ ഗായകന് പാടാൻ സാധിച്ചു.

ശസ്ത്രക്രിയയെ ഓർത്ത് ആരാധകർക്കുള്ള പേടിയും ടെൻഷനും സോനുവിനില്ല. ശസ്ത്രക്രിയ വേദനാജനകമായിരിക്കും കുറേ നാൾ വീട്ടിനുള്ളിലിരിക്കേണ്ടിയും വരും എന്നാലും ജീവിത കാലത്തേക്കുള്ള നല്ലതിനാണല്ലോ എന്ന പക്ഷക്കാരനാണ് സോനു. മാത്രമല്ല, കൂടുതൽ ജോലി ചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റി, അതിന്റെ മൂല്യത്തെ കുറിച്ച് തന്നെ കൂടുതൽ ബോധവാനാക്കിയത് ആ ദിനങ്ങളാണെന്നും സോനു പറഞ്ഞു.