പത്തനംതിട്ടയെ വോട്ടു ചെയ്യിക്കാൻ പാട്ടുമായി കളക്ടറും ഭാര്യയും

ജില്ലാ കലക്‌ടർ എസ്. ഹരികിഷോറിന്റെ ഭാര്യ ഗൗരി ഗാനമാലപിക്കുന്നു

കലക്‌ടർ എസ്. ഹരികിഷോർ ഭാര്യ ഗൗരിയെ പാട്ടു പഠിപ്പിക്കാൻ തീരുമാനിച്ചു. ജില്ലയിലെ പോളിങ് ശതമാനം വർധിപ്പിക്കുന്നതിനുള്ള വോട്ടർ ബോധവത്‌കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി പുറത്തിറക്കിയ ഓഡിയോ സിഡിയിൽ ഭാര്യ പാടിയ പാട്ടു കേട്ട ശേഷമായിരുന്നു തീരുമാനം. സിഡി പ്രകാശന ചടങ്ങിൽ നിറഞ്ഞ സദസ്സിനു മുന്നിൽ പാട്ടു പാടിയ ഗൗരിക്ക് കിട്ടിയ കയ്യടി കലക്‌ടറെ അമ്പരപ്പിക്കുകയും ചെയ്‌തു.

‘‘സിഡി പുറത്തിറക്കാൻ തീരുമാനിച്ചപ്പോൾ ഏത് ഗായികയെക്കൊണ്ടു പാടിക്കുമെന്ന് സ്വീപ്പിന്റെ പ്രവർത്തകർക്ക് സംശയമുണ്ടായി. വീട്ടിൽ ചില പാട്ടുകളൊക്കെ കേൾക്കാറുണ്ടെന്നും വേണമെങ്കിൽ പരീക്ഷിക്കാമെന്നും ഞാൻ പറഞ്ഞു. അങ്ങനെ സ്‌റ്റുഡിയോയിൽ കൊണ്ടുപോയി പാടിച്ചു. നന്നായിരിക്കുന്നുവെന്ന് എല്ലാവരും പറഞ്ഞു.’’–കെഎസ്ഇബി പത്തനംതിട്ട ഇലക്‌ട്രിക്കൽ ഡിവിഷൻ അസിസ്‌റ്റന്റ് എൻജിനീയർ കൂടിയായ ഗൗരി ഗായികയായതിനെക്കുറിച്ച്. കലക്‌ടർ പറഞ്ഞു. ആദ്യമായി വേദിയിൽ പാടുന്നതിന്റെ ടെൻഷനുണ്ടായിരുന്നുവെന്ന് പ്രകാശന ചടങ്ങിനു ശേഷം ഗൗരി ഗൗരി പറഞ്ഞു.