കാറ്റി പെറിയെ പിന്തള്ളി ടെയ്‌ലർ സ്വിഫ്റ്റ്

യൂട്യൂബിലൂടെ 100 കോടി ആളുകൾ കണ്ട മൂന്നാമത്തെ വിഡിയോ, നൂറ് കോടി ആളുകൾ കണ്ട ആദ്യ വനിത പോപ്പ് വിഡിയോ തുടങ്ങിയ റിക്കാർഡുകൾ കാറ്റി പെറിയുടെ ഡാർക്ക് ഹോഴ്‌സാണ് ആദ്യം പിന്നിട്ടെങ്കിലും കാഴ്ച്ചക്കാരുടെ കാര്യത്തിൽ ഡാർക്ക് ഹോഴ്‌സിനെ കടത്തി വെട്ടിയിരിക്കുകയാണ് ടെയ്‌ലർ സിഫ്റ്റിന്റെ ബ്ലാങ്ക് സ്‌പെയ്‌സ്.

സ്വിഫ്റ്റിന്റെ ബ്ലാങ്ക് സ്‌പെയ്‌സിന് 105.16 കോടി കാഴ്ച്ചക്കാരെ ലഭിച്ചെങ്കിൽ കാറ്റി പെറിയുടെ ഡാർക്ക് ഹോഴ്‌സിന് 104.42 കോടി കാഴ്ച്ചക്കാർ മാത്രമേയുള്ളു. യുട്യൂബിൽ ഏറ്റവും അധികം ആളുകൾ കണ്ട മൂന്നാമത്തെ വിഡിയോ എന്ന പദവിയാണ് ടെയ്‌ലർ സ്വിഫ്റ്റിന്റെ ബ്ലാങ്ക് സ്‌പെയ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നാലാം സ്ഥാനത്താണ് പെറിയുടെ ഡാർക്ക് ഹോഴ്‌സ്, അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത് കാറ്റി പെറിയുടെ തന്നെ റോറാണ്.

കൺട്രി സംഗീതജ്ഞയായ ടെയ്‌ലർ സ്വിഫ്റ്റ് ആദ്യമായി പുറത്തിറക്കിയ പോപ്പ് ആൽബം 1989 താരത്തിന് ഭാഗ്യം കൊണ്ടു വന്നിരിക്കുകയാണ്. ആൽബത്തിന്റെ വിൽപ്പനയിൽ മാത്രമല്ല സ്വിഫ്റ്റിന്റെ ജനപ്രിയതയുമാണ് 1989 കൂട്ടിയത്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഏറ്റവും വേഗത്തിൽ വിറ്റുപോകുന്ന ആൽബം, 2002 ന് ശേഷം ആദ്യ ആഴ്ച്ചയിൽ 13 ലക്ഷം കോപ്പികൾ വിറ്റ ആദ്യ ആൽബം, തുടരെ തുടരെ രണ്ട് സിംഗിളുകൾ ബിൽബോർഡ് പട്ടികയിൽ ഇടം പിടിച്ച ആൽബം, തുടർച്ചയായി പത്ത് ആഴ്ച്ചകൾ ഹോട്ട് 100 ലിസ്റ്റിൽ ഇടം പിടിച്ച സിംഗിളുകളുള്ള ആൽബം എന്നീ റിക്കോർഡുകൾ 1989 സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ ഷെയ്ക് ഇറ്റ് ഓഫ്, ബ്ലാങ്ക് സ്‌പെയ്‌സ് എന്നീ ഗാനങ്ങൾ ബിൽബോർഡ് 100 പട്ടികയിൽ ഇടംപിടിച്ചതോടെ 56 വർഷത്തെ ബിൽബോർഡ് ചരിത്രത്തിൽ തന്നെ ആദ്യമായി അടുപ്പിച്ച് രണ്ട് ഗാനങ്ങൾ ഹോട്ട് 100 പട്ടികയിൽ എത്തിക്കുന്ന താരം എന്ന ബഹുമതി സ്വിഫ്റ്റിനെ തേടി എത്തിയിരുന്നു.

2006 ൽ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യഗാനമായ ടിം മക്‌ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്‌ഗ്രോ അടങ്ങിയ സ്വന്തം പേരുള്ള ആൽബം താരം പുറത്തിറക്കി. സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്്(2008), സ്പീക്ക് നൗ(2010), റെഡ് (2012), 1989 (2014) എന്നീ ആൽബങ്ങൾ ടെയ്‌ലറുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഏഴ് ഗ്രാമി പുരസ്‌കാരങ്ങൾ, ഇരുപത്തിയൊന്ന് ബിൽബോർഡ് പുരസ്‌കാരങ്ങൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര നാമനിർദ്ദേശങ്ങൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ടെയ്‌ലർ സ്വിഫ്റ്റ് നേടിയിട്ടുണ്ട്.