ഏറ്റവും വേഗത്തിൽ നൂറ് കോടി ആളുകൾ കണ്ട ഗാനം

കൺട്രി സംഗീതത്തിൽ നിന്ന് പോപ്പ് സംഗീതത്തിലേയ്ക്ക് ചുടവുമാറിയ ടെയ്​ലർ സ്വിഫ്റ്റിന് ശുക്രനുദിച്ചിരിക്കുകയാണെന്ന് തോന്നുന്നു. ആദ്യ പോപ്പ് ആൽബം 1989 ലെ ആദ്യ സിംഗിളായ ഷെയ്ക്ക് ഇറ്റ് ഓഫിൽ തുടങ്ങിയ റെക്കോർഡ് തകർക്കൽ തുടർക്കഥയാകുകയാണ്. 1989 ലെ രണ്ടാമത്തെ ഗാനം ബ്ലാങ്ക് സ്പെയ്സ് മ്യൂസിക്ക് സ്ട്രീമിംഗ് സൈറ്റായ വിവോയിലൂടെ കണ്ടിരിക്കുന്നത് 100 കോടി ആളുകളാണ്. അതുമാത്രമല്ല വിവോയുടെ ചരിത്രത്തിൽ ഏറ്റവും അധികം വേഗത്തിൽ 100 കോടി എന്ന മാർക്ക് പിന്നിട്ട ഗാനമായി മാറിയിരിക്കുന്നു ബ്ലാങ്ക് സ്പെയ്സ്. ഒരു വനിതാ താരത്തിന്റെ ഗാനം 100 കോടി മാർക്ക് പിന്നിടുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ ദിവസം കാറ്റി പെറിയുടെ ഗാനം ഡാർക്ക് ഹോഴ്സ് 100 കോടി മാർക്ക് പിന്നിട്ടിരുന്നു. ഇതോടെ 100 കോടി മാർക്ക് പിന്നിടുന്ന നാലാമത്തെ ഗാനമായി മാറിയിരിക്കുന്നു ബ്ലാങ്ക് സ്പെയ്സ്.

സൈയുടെ ഗന്നം സ്റ്റൈൽ, ബീബറുടെ ബേബി, കാറ്റി പെറിയുടെ ഡാർക്ക് ഹോഴ്സ് എന്നിവ മാത്രമേ സ്വിഫ്റ്റിന്റെ ബ്ലാങ്ക് സ്പെയ്സിന് മുന്നിലുള്ളു, കാറ്റി പെറിയുടെ റോർ ആണ് അഞ്ചാം സ്ഥാനത്തുള്ളത്. ടെയ്​ലർ സ്വിഫ്റ്റ് ആലപിച്ചിരിക്കുന്ന ബ്ലാങ്ക് സ്പെയ്സിന്റെ വരികൾ എഴുതിയിരിക്കുന്നത് സ്വിഫ്റ്റും, മാക്സ് മാർട്ടിനും, ഷെൽബാക്കും ചേർന്നാണ്. ടെയ്​ലർ സ്വിഫ്റ്റ് അവസാനമായി പുറത്തിറക്കിയ ഗാനം ബാഡ് ബ്ലെഡ്് റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ചിരുന്നു. വിവോയുടെ ചരിത്രത്തിൽ തന്നെ 24 മണിക്കൂറിൽ ഏറ്റവും അധികം പേർ കണ്ട വിഡിയോ എന്ന റെക്കോർഡാണ് ബാഡ് ബ്ലെഡ് തിരുത്തിക്കുറിച്ചിരിക്കുന്നത്.

സ്വിഫ്റ്റിന്റെ അഞ്ചാമത്തെ ആൽബമായ 1989 ലെ നാല് സിംഗിളുകളുടെ വിഡിയോകൾ പുറത്തിറങ്ങിയിട്ടുണ്ട്. 2002 ന് ശേഷം ആദ്യ ആഴ്ച്ചയിൽ 13 ലക്ഷം കോപ്പികൾ വിറ്റ ആദ്യ ആൽബം, തുടരെ തുടരെ രണ്ട് സിംഗിളുകൾ ബിൽബോർഡ് പട്ടികയിൽ ഇടം പിടിച്ച ആൽബം, തുടർച്ചയായി പത്ത് ആഴ്ച്ചകൾ ഹോട്ട് 100 ലിസ്റ്റിൽ ഇടം പിടിച്ച സിംഗിളുകളുള്ള ആൽബം എന്നീ റിക്കോർഡുകൾ 1989 സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ ഷെയ്ക് ഇറ്റ് ഓഫ്, ബ്ലാങ്ക് സ്പെയ്സ് എന്ന ഗാനങ്ങൾ ബിൽബോർഡ് 100 പട്ടികയിൽ ഇടംപിടിച്ചതോടെ 56 വർഷത്തെ ബിൽബോർഡ് ചരിത്രത്തിൽ തന്നെ ആദ്യമായി അടുപ്പിച്ച് രണ്ട് ഗാനങ്ങൾ ഹോട്ട് 100 പട്ടികയിൽ എത്തിക്കുന്ന താരം എന്ന ബഹുമതി സ്വിഫ്റ്റിനെ തേടി എത്തിയിരുന്നു.

കൺട്രി സംഗീതത്തിലെ എണ്ണം പറഞ്ഞ വ്യക്തിത്വങ്ങളിലൊരാളാണ് ടെയ്​ലർ ആലിസൺ സ്വിഫ്റ്റ്. 2006 ൽ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യഗാനമായ ടിം മക്ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്ഗ്രോ അടങ്ങിയ സ്വന്തം പേരുള്ള ആൽബം താരം പുറത്തിറക്കി. സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്്(2008), സ്പീക്ക് നൗ(2010), റെഡ് (2012), 1989 (2014) എന്നീ ആൽബങ്ങൾ ടെയ്​ലറുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഏഴ് ഗ്രാമി പുരസ്കാരങ്ങൾ, ഇരുപത്തിയൊന്ന് ബിൽബോർഡ് പുരസ്കാരങ്ങൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശങ്ങൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ടെയ്​ലർ സ്വിഫ്റ്റ് നേടിയിട്ടുണ്ട്.