തൈക്കൂടത്തിന്റെ നൊസ്റ്റാൾജിയ ലക്ഷദ്വീപ് ഭാഷയില്‍

ജോൺസൺ മാസ്റ്ററിന്റെ ഗാനങ്ങളെ ഗിത്താറിനും വയലിനുമൊപ്പം ആര്‍ദ്രമായി പാടിയാണ് തൈക്കൂടം ബ്രി‍ഡ്ജ് എന്ന സംഗീത സംഘം മലയാളിയുടെ ഇഷ്ടക്കാരായത്. മന്ദാരച്ചെപ്പുണ്ടോ എന്ന പാട്ടിൽ തുടങ്ങി ചിങ്കാര കിന്നാരത്തിൽ അവസാനിച്ച ആ പാട്ടു മേളം തന്നെയാണ് തൈക്കൂടത്തിന്റെ ഐഡന്റിറ്റിയും. ഈ വിഡിയോയ്ക്കു മറ്റൊരു രസകരമായ വേർഷനുമായി എത്തിയിരിക്കുകയാണ് ലക്ഷദ്വീപിൽ നിന്നുള്ള കുറേ പാട്ടുകാർ. അവരുടെ ഭാഷയിലേക്കു വരികളെ മാറ്റി ജോൺസണിന്റെ ഈണത്തിൽ പാടിയിരിക്കുകയാണ് ഇവർ. മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ എന്ന വരികള്‍ മറ്റാരും സൊല്ലണ്ട കേക്കായെ മൊഞ്ചത്തി എന്നിങ്ങനെയായി. ഭാഷ തീർത്ത കൗതുകം പാട്ടിനെ വൈറലാക്കുകയും ചെയ്തു.

ഓടം എന്നു പേരിട്ട ഈ ഗാനം യുട്യൂബിൽ നാലു ദിവസം മുൻപാണ് അപ്‍ലോഡ് ചെയ്തത്. അവ്‍രി റഹ്മാനാണ് ലക്ഷദ്വീപ് ഭാഷയിലേക്കു വരികൾ മൊഴിമാറ്റം നടത്തി പാടിയത്. സാലി കെവിറ്റിയുടേതാണ് ഛായാഗ്രഹണം. ഇമാം ഇമ്മിയാണ് എഡിറ്റിങ്. കവരത്തിയിലും ലക്ഷദ്വീപിലുമായാണ് പാട്ടിന്റെ വിഡിയോ ചിത്രീകരിച്ചത്.