തള്ളേ പറ പറ, പൊളപ്പൻ പാട്ട് തന്നെ!

എന്നതാ, എന്തേര്, എന്തുട്ടാ... എന്താ എന്ന വളരെ സിംപിളിയാ വാക്കിന്റെ വിവിധ അവസ്ഥാന്തരങ്ങളിൽ ചിലത് മാത്രമാണിത്. ആകെയുള്ളത് മലയാളം എന്നൊരൊറ്റ ഭാഷയാണ്. പക്ഷേ ഓരോ ദേശത്തും ഓരോ ചേലാണ് ഈ സുന്ദരി ഭാഷക്ക്. വടക്കുള്ളവരും തെക്കുള്ളവരും മധ്യത്തിലുള്ളവരും മിക്കവാറും വാക്പോര് നടത്തുന്നത് ഭാഷാപ്രയോഗത്തിലെ വ്യത്യസ്തതയെ ചൊല്ലിയാണെന്നതിൽ തർക്കമില്ല. പോരടിക്കുമെങ്കിലും ഭാഷയുടെ ഈ വൈവിധ്യത്തെ മുതലാക്കി തയ്യാറാക്കുന്ന പാട്ടുകളെ എല്ലാം മറന്ന് മലയാളികൾ ഒന്നോടു ചേർന്ന് കേട്ടുരസിക്കാറുണ്ട്. അക്കൂട്ടത്തിലേക്കിതാ ഒരു പാട്ടു കൂടി. തള്ളേ പറ...എന്നാണ് ആൽബത്തിന്റെ പേര് എന്നു പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ അത് തിരോന്തരത്തെ കുറിച്ചുള്ള പാട്ടാണെന്ന്. ഫ്രീക്കൻ സ്റ്റൈലിൽ തട്ടുപൊളിപ്പൻ പിള്ളേർ പാടിയഭിനയിക്കുന്ന പാട്ട് രസകരം.

തള്ളേ പറ പറ പറ...പെട്ടെന്ന പറ പറ...എന്തരപ്പി പറ...പറ...എന്നു തുടങ്ങുന്ന വരികൾ കുരുത്തം കെട്ടതു തന്നെ. ബോഞ്ചി വെള്ളവും അമ്മച്ചി വിളിയുമൊക്കെയുള്ള പാട്ടിൽ തിരുവനന്തപുരം നഗരത്തിന്റെ ദൃശ്യങ്ങള്‍(പൊളപ്പൻ സീന്കള്) നിറഞ്ഞു നിൽക്കുന്നു. ശംഖുമുഖവും പുല്ലാങ്കുഴൽ വിൽക്കുന്ന അവിടത്തെ നാടോടിപ്പയ്യനും ഒരിക്കലും തീരാത്ത നഗരത്തിലെ ബ്ലോക്കും എല്ലാം പാട്ടിലുണ്ട്. എങ്കിലും പാട്ടുകേൾക്കുന്നവർക്കൊരു സംശയം തോന്നിയാലും തെറ്റിയില്ല. ബോഞ്ചിവെള്ളം കിട്ടാത്ത സങ്കടത്തിലാണോ ഈ പാട്ടെഴുതിയത്. ബോഞ്ചിവെള്ളം എന്താണെന്ന് മനസിലാകാത്തവർ പാട്ടു കണ്ടു നോക്കിയാൽ മതി. വിനീതാണ് പാട്ടെഴുതിയത്. അശ്വിൻ ജോൺസൺ ഈണമിട്ട് വിശാഖ് ജി ആണ് പാട്ട് പാടിയത്.