സസ്പെൻസുകൾക്കൊടുവിൽ ആ പാട്ട് എത്തി

കാത്തിരിപ്പുകൾക്കും സസ്പെൻസുകൾക്കുമൊടുവിൽ മണിരത്നം ചിത്രമായ കാട്രുവെളിയിടൈയിലെ വാൻ വരുവാൻ എന്ന പാട്ടെത്തി. ടീസർ യുട്യൂബിൽ എത്തിയതിനു പിന്നാലെയാണ് മണിക്കൂറുകൾക്കു മുൻപ് ഗാനം സോണി മ്യൂസിക് പുറത്തുവിട്ടത്. എപ്പോഴത്തേയും പോലെ മികച്ച പ്രതികരണമാണു ഗാനം നേടുന്നതും. 

വൈരമുത്തുവിന്റേതാണ് പ്രണയം പൊഴിയുന്ന വരികൾ. സാഷ തിരുപ്പതിയാണു പാടിയത്. പുല്ലാങ്കുഴലില്‍ നിന്നുതിരുന്ന സ്വരകണം പോലെ ആത്മീയമായ സാഷയുടെ സ്വരത്തെ കുറിച്ചു വിവരിക്കാനും വാക്കുകൾ പോര. ലിറിക്കൽ വിഡിയോയാണു പുറത്തിറങ്ങിയത്. ഗാനം പോലെ കാവ്യസുന്ദരമാണ് ദൃശ്യങ്ങളുമെന്ന് ടീസറിൽ നിന്നു തന്നെ വ്യക്തമായിരുന്നതാണ്. രവി വർമന്റെ ഛായാഗ്രഹണം മഞ്ഞിനൊപ്പം പെയ്യുന്ന മഴപോലെ അതിനിടയിലൂടെ മൂളിപ്പറന്നെത്തുന്ന കാറ്റു വരയ്ക്കുന്ന ദൃശ്യങ്ങൾ പോലെ സുന്ദരമാണ്. ഇനി വിഡിയോയ്ക്കായുള്ള കാത്തിരിപ്പ്.