വ‌ള്ളീം പുള്ളീം തെറ്റാത്ത പാട്ടുകൾ

റിഷി ശിവകുമാർ സംവിധാനം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന്റെ പോസ്റ്റർ

മാസ് എൻട്രി എന്നു പറയാം സൂരജ് എസ് കുറുപ്പിെന കുറിച്ച്. വള്ളീം തെറ്റി പുള്ളീം തെറ്റിയെന്ന ചിത്രത്തിലൂടെ ഒന്നും തെറ്റാത്തൊരു എൻട്രി. ലിറിസിസ്റ്റ് കം മ്യൂസിക് കംപോസർ റോൾ അതി ഗംഭീരമാക്കിയ സൂരജ് മലയാള സിനിമ കാത്തിരുന്ന നവപ്രതിഭകളിലൊരാളാകുകയാണ്.

വാത്തേ പൂത്തേ

അയലത്തെ ചേട്ടന്റെ മാവിൻ മേലൊക്കെ നോക്കി അത്യാവശ്യം തല്ലുകൊള്ളിത്തരങ്ങളും തമാശകളുമായി നടക്കുന്ന ആണ്‍പിള്ളേർ ഒരു പാട്ടു പാടിയാൽ അതെന്തായിരിക്കാം. വെറുതെ അതുപാടി നടക്കുകയാണെങ്കിൽ എന്തായിരിക്കും കേട്ടിരിക്കുന്നവർക്ക് തോന്നുക. അതിനുള്ള ഉത്തരമാണ് വാത്തേ പൂത്തേ എന്ന പാട്ട്.

ഓടിന്റെ മണ്ടേല് കിളി കേറി

കിളിയെ പിടിക്കാൻ പെണ്ണ് കേറി

നെഞ്ചിനുള്ളിൽ കിടന്നങ്ങനെ പ്രതിധ്വനിക്കുന്ന താളമേളത്തോടെയുള്ള പാട്ട് തന്നെയാണ് ചിത്രത്തിലെ ഏറ്റവും ഹിറ്റായ പാട്ടും. കേട്ടിരിക്കുന്നവർക്കും പാടുന്നവർക്കും ഒരുപോലെ ഊര്‍ജ്ജം പകരുന്ന പാട്ട്. സൂരജ് തന്നെയെഴുതി വിധുപ്രതാപിനൊപ്പം പാടിയ പാട്ടാണിത്. പിന്നെയും പിന്നയെും പാടിയാടാനൊരു പാട്ട്.

പൂരം കാണാൻ

വിജയ് യേശുദാസിന്റെയും സിത്താരയുടെയും അതിസുന്ദരമായ, ആഴമുള്ള ആലാപനമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. പൂരം കാണാൻ നീയും പോരെന്റെ പെണ്ണേയെന്ന വിജയ് പാടുമ്പോൾ അത് ഇതുവരയെും ഗായകനിൽ നിന്ന് കേൾക്കാത്തൊരു ആലാപന ഭംഗിയായി. സിത്താര ശ്രീകുമാറാണ് ഒപ്പം പാടിയിരിക്കുന്നത്. ഇത്തരത്തിലുള്ള പാട്ടുകൾ പാടി കേഴ്‍വികളെ പണ്ടേ കീഴടക്കിയതാണ് സിത്താര. പക്ഷേ വിജയില്‍ നിന്ന് അത് കേൾക്കുമ്പോൾ നമുക്കതൊരു പുതിയ അനുഭവമാണ്. പാട്ടിന്റെ വരികളെയും അതിന്റെ ഈണത്തേയും അസാധ്യമായി സൂരജ് കൂട്ടിക്കെട്ടി. ഒരു പൂരം കാണണ പോലുള്ള പാട്ട്.

കണ്ണുകൾ കാലിടറി

കണ്ണുകൾ കാലിടറി ആഘോഷത്തിന്റെ ഗാനമാണ്. (ബേബി) ശ്യാമിലി അഭിനയിക്കുന്ന മലയാള ചലച്ചിത്രത്തിൽ അവരെ നമ്മൾ ആദ്യം കണ്ടത് ഈ പാട്ടിലൂടെയാണ്. സംഗീത സംവിധായകനായി, എഴുത്തുകാരനായി, പിന്നീട് ഈ പാട്ടിലൂടെ തനിക്കുള്ളിലെ പാട്ടുകാരനേയും വ്യക്തമാക്കി തന്നു സൂരജ്. ചടുലമായ ഈ ആഘോഷപ്പാട്ട് കാണാനും അതുപോലെ നിറമുള്ളതാണ്. ഇലക്ട്രിക് ഗിത്താറിന്റെയും പിന്നെ ഇടയ്ക്കിടെ ചിന്നിച്ചിത്തറി പെയ്യുന്ന മഴ പോലെ മൃദംഗവും താളമടിക്കാനെത്തുന്ന പാട്ട് ഓർക്കസ്ട്രയാണ് പാട്ടിന്റെ പ്രധാന സംഗതിയെന്നുറപ്പിച്ചു പറയാം.

എന്നോ കാതിൽ

ഇതുവരെ കേട്ടത് തുള്ളിത്തുടിക്കുന്ന പാട്ടുകളാണെങ്കിൽ വിനീത് ശ്രീനിവാൻ ആലപിച്ച ഈ പാട്ട് പതുക്കെ പതുക്കെ മറഞ്ഞു പോകുന്ന ഒരു സൂര്യനെ പോലെയാണ് തുടങ്ങുന്നത്. പിന്നീടങ്ങ് ഉയർന്നു പൊങ്ങുന്നുവെങ്കിലും പാട്ട് ആദ്യമൊരുക്കുന്ന മൗനത്തിൽ നിന്ന് കേട്ടിരിക്കുന്നവർ ഉണരുന്നില്ല. അതി മനോഹരമായ കോറസും അതിനൊപ്പം ഉച്ഛസ്ഥായിയിൽ പാടുന്ന വിനീതും കവിത പോലുള്ള വരികളും ചേരുന്ന കുഞ്ഞൻ പാട്ട്. പെട്ടെന്ന് തീര്‍ന്നുപോയല്ലോ എന്ന് നമ്മൾ പറഞ്ഞുപോകും.

അരേ തൂ ചക്കര്

നല്ല ഊർജ്ജത്തിൽ പാടുന്ന പാട്ടുകാരെ ചേർത്തുവച്ച് ചെയ്ത പാട്ടിന് ഒരു ഗൗരവപ്പാട്ടിന്റെ ലുക്കൊക്കെയാണെങ്കിലും വരികൾ അൽപം കുസൃതി നിറഞ്ഞതു തന്നെ. ചാടി ഹനുമാൻ രാവണന്റെ മതിലിൽ എന്നൊക്കെയാണ് കോറസിലുള്ളത്.

പുലർകാലം പോലെ

നാദസ്വരത്തിൽ തുടങ്ങി മൃദംഗത്തിന്റെ മാജിക്കിൽ തുടരുന്ന ഗാനം. ഹരിചരണിന്റെയും മഡോണ സെബാസ്റ്റ്യന്റെയുമാണ് ആലാപനം. പ്രണയപ്പാട്ടിന്റെ വോക്കലിനേക്കാള്‍ ഓർക്കസ്ട്ര തന്നെയാണ് ആകർഷണം. വ്യത്യസ്തമായ പ്രണയപ്പാട്ട്. സ്വരത്തിന്റെ വ്യത്യസ്ത തലങ്ങൾ ഇരു ഗായകർക്കും പാട്ടിലൂടെ പങ്കുവയ്ക്കുവാനായി. ബി കെ ഹരിനാരായണന്റേതാണ് വരികൾ.

ചലച്ചിത്ര സംഗീതത്തിലെ തുടക്കം സൂരജ് ഗംഭീരമാക്കിയെന്നു തന്നെ പറയാം. അടുത്തകാലത്ത് ഇത്രയും മനോഹരമായി മറ്റൊരു സംഗീത സംവിധായകനും കടന്നു വന്നിട്ടില്ല. ഓരോ പാട്ടുകളും വ്യത്യസ്തവും കേഴ്‌വി സുഖമുള്ളതും. ഓർക്കസ്ട്രയിൽ കാണിച്ച മാജികും പാട്ടു പാടുവാൻ തെരഞ്ഞെടുത്ത സ്വരവും പെർഫെക്ട് എന്നു തന്നെ പറയാം. പുതിയ പാട്ടുകളിൽ ഏതാണ് നല്ലതെന്ന്് ആരെങ്കിലും ചോദിക്കുന്നുവെങ്കിൽ ധൈര്യമായി പറയാം വള്ളീം തെറ്റി പുള്ളീം തെറ്റിയെന്ന ചിത്രത്തിലെ പാട്ടുകൾ കേട്ടു നോക്കൂയെന്ന്.