Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളൈ പൂക്കളിലൂടെ സംഗീതയാത്രയ്ക്ക് തുടക്കം: നവദമ്പതികളുടെ വിഡിയോ ശ്രദ്ധ നേടുന്നു

surya-visakh

ഈണങ്ങളുടെ ലോകത്ത് എന്നുമെന്നും കൂടൊരുക്കാൻ ഇഷ്ടപ്പെടുന്നവർ നമുക്കിടയില്‍ ഒരുപാടുണ്ട്. സംഗീത ലോകത്തെ സാന്നിധ്യം സജീവമാക്കാൻ കൊതിക്കുന്നവരിൽ അധികം പേരും ഇന്നതിന് തുടക്കമിടുന്നത് പ്രശസ്ത ഗാനങ്ങളുടെ കവർ വേർഷനുകൾ തയ്യാറാക്കിക്കൊണ്ടാണ്. പാടിപ്പതിഞ്ഞ പാട്ടിനു മേൽ വീണ്ടുമൊരു പാട്ട്. യുട്യൂബിന്റെ വിശാലമായ ലോകത്ത് എണ്ണിയാലൊടുങ്ങാത്തത്ര പാട്ടനുഭവങ്ങളാണ് ഇത്തരത്തിലുള്ളത്. ഇന്ത്യൻ സംഗീതത്തിലാണെങ്കിൽ അധികവും റഹ്മാൻ ഈണങ്ങളിലേക്കാണ് ഇവർ വീണ്ടും സഞ്ചരിക്കുന്നത്. 

കോഴിക്കോട് എൻഐടിയിൽനിന്ന് ബിടെക് പൂർത്തിയാക്കിയ വിശാഖിനും ഫിസിക്സിൽ ബിരുദാനന്തര ബിരുദമെടുത്ത സൂര്യയ്ക്കും പാട്ടു തന്നെയാണെല്ലാം. തിരക്കിട്ട പ്രഫഷണൽ ജീവിതത്തിന് ഒരുനാൾ വിടനൽകി ഗിത്താറിനും പുല്ലാങ്കുഴലിനുമൊപ്പം രാഗങ്ങൾക്കുള്ളിലെ രാഗം തേടിയിറങ്ങാൻ സ്വപ്നം കാണുന്നവർ. അതിന്റെ തുടക്കമെന്നോളമാണ് ഇരുവരും ചേർന്നൊരു വിഡിയോ ചെയ്തത്. പ്രിയരാഗത്തിൽ പിറന്ന റഹ്മാൻ പാട്ടുകൾ ചേർത്തുവച്ചൊരു വിഡിയോ. സൂര്യ വയലിൻ മീട്ടി, വിശാഖ് പാടി. ഒരുപക്ഷേ ദമ്പതികൾ ചേർന്ന് ആദ്യമായിട്ടായിരിക്കാം ഇത്രയും നല്ലൊരു കവർ വിഡിയോ ചെയ്യുന്നത്. 

തേരേ നൈനാ...വെള്ളൈ പൂക്കൾ എന്നീ ഗാനങ്ങളാണ് വിശാഖ് നല്ലപാതിയു‌ടെ വയലിൻ മീട്ടലിനൊപ്പം പാടിയത്. ഉള്ളിൽ തട്ടുന്ന ആലാപനം. പാട്ടുകളുടെ താളത്തിനും അത് നെയ്തെടുത്ത അന്തരീക്ഷത്തിനും വിശാഖിന്റെ സ്വരം ഒരുപാടിണങ്ങുന്നു. യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് നല്ല വാക്കുകൾ ഏറെക്കിട്ടിയതിന്റെ സന്തോഷത്തിലാണ് സൂര്യയും വിശാഖുമിപ്പോൾ. 

"വിവാഹ ജീവിതത്തിലേക്ക് കടക്കണമെന്നാഗ്രഹിച്ചപ്പോൾ വിശാഖ് ആഗ്രഹിച്ചത് സംഗീതമിഷ്ടപ്പെടുന്ന, പാട്ടു പാടാനറിയുന്ന ഒരു പെണ്‍കുട്ടിയെയായിരുന്നു. എനിക്കും അങ്ങനെ തന്നെ. ചെറുപ്പം തൊട്ടേ കലാരംഗത്തോട് ഒരുപാടിഷ്ടം. പ്രസംഗവും പാട്ടും കഥാപ്രസംഗവും വയലിൻ വായനയുമൊക്കെയായി വിദ്യാർഥി ജീവിതം അടിച്ചുപൊളിച്ചതാണ്. പെട്ടെന്ന് വിവാഹജീവിതത്തിലേക്ക് കടക്കേണ്ടി വന്നപ്പോൾ നിബന്ധന ഒന്നേയുണ്ടായിരുന്നുള്ളൂ. എന്റെ ഈ ആഗ്രഹങ്ങൾക്ക് എതിരു പറയാത്ത ആളായിരിക്കണം. എന്തായാലും അങ്ങനെ തന്നെ സംഭവിച്ചു. രണ്ടു പേരുടേയും ഇഷ്ടം ഒന്നായതിനാൽ എന്നെങ്കിലുമൊരുനാൾ പാട്ടിനൊപ്പം പൂർണമായും കൂടണം. ഈ കവർ‌ വേർഷൻ കണ്ടിട്ട് കുറച്ചിടങ്ങളിൽ നിന്നൊക്കെ പരിപാടി അവതരിപ്പിക്കുവാൻ ക്ഷണമെത്തി. അതിന്റെ സന്തോഷത്തിലാണിപ്പോൾ. ഹംസധ്വനി വിശാഖിന് ഏറെയിഷ്ടമുള്ള രാഗമാണ്. റഹ്മാനെയും ഒരുപാടിഷ്ടമാണ്. അതുകൊണ്ടാണ് പാട്ടുലോകത്തേക്കുള്ള യാത്രയ്ക്ക് തുടക്കമിട്ടപ്പോൾ ഈ രണ്ട് ഇഷ്ടങ്ങളും ഒന്നിച്ചു വന്ന പാട്ട് തിരഞ്ഞെടുത്തത്. ആസ്വാദകരുടെ നല്ല വാക്കുകൾ ആത്മവിശ്വാസം പകരുന്നുണ്ട്. കവിതയെഴുതാറുണ്ട്. സ്വന്തമായി എഴുതി ഈണമിട്ട മ്യൂസികൽ വിഡിയോയാണ് അടുത്ത സ്വപ്നം." സൂര്യ പറഞ്ഞു. 

ഇരുവരും ചേർന്നൊരു പേജും തുടങ്ങിയിട്ടുണ്ട്. "എംസി റോഡ് കണക്ട്സ്" എന്നാണ് ഫേസ്ബുക്ക് പേജിന് പേരിട്ടിരിക്കുന്നത്. ഇത് മറ്റൊന്നും കൊണ്ടല്ല. തിരുവനന്തപുരത്തെ വിശാഖിന്റെ വീട്ടിൽ നിന്ന് കോട്ടയത്തെ സൂര്യയുടെ വീട്ടിലെത്തണമെങ്കില്‍ മാർഗം എംസി റോഡ് ആണ്. കൗതുകമുള്ള പേരിട്ട ഈ ഫേസ്ബുക്ക് പേജ് ഒരിക്കൽ ബാൻഡായി വളർത്തുകയെന്ന ആശയവും ഇരുവരുടെയും മനസിലുണ്ട്. ഒരു പ്രമുഖ ചാനൽ നടത്തിയ മാമ്പഴമെന്ന റിയാലിറ്റി ഷോയിലെ വിജയിയായിരുന്നു സൂര്യ. കോട്ടയം സ്വദേശിയായ സൂര്യ മലയാള മനോരമയുടെ ബാലജനസഖ്യത്തിൽ‌ സജീവമായിരുന്നു. തിരുവനന്തപുരത്തുകാരൻ വിശാഖ് ബാംഗ്ലൂരിലെ സ്വകാര്യ കമ്പനിയിലാണ് ജോലി നോക്കുന്നത്. ഇരുവരും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടുമുണ്ട്. വിവാഹം കഴിയുമ്പോൾ ജോലിയും അതിന്റെ തിരക്കുമായി പാട്ടും കവിതയുമൊക്കെ  മറവിയിലേക്കു പോകുന്ന കാഴ്ചകൾക്കിടയിൽ വ്യത്യസ്തരാകുകയാണിവർ. സംഗീത ലോകത്ത് ഒരുപാട് നല്ല ഈണങ്ങളും ഈരടികളുമായി വിശാഖിനും സൂര്യയ്ക്കും ഇനിയുമൊരുപാടുദൂരം സഞ്ചരിക്കാനാകട്ടെ....

Your Rating: