ഹരിഹരനെ വിസ്മയിപ്പിച്ച ഗായിക

കുറച്ച് കാലം മുമ്പാണ് റാഞ്ചിയിലെ ഭ്രാജ് കിഷോർ അന്ധ വിദ്യാലയത്തിലെ ടുംമ്പ കുമാരി എന്ന പതിനാറുകാരി പാടിയ ഗാനം യൂട്യൂബിൽ അപ് ലോഡ് ചെയ്യുന്നത്. ആഷിഖി 2ലെ സുൻ രഹാ ഹേ എന്ന ഗാനം അതിമനോഹരമായാണ് ടുംമ്പ പാടിയത്. അപ് ലോഡ് ചെയ്ത് ദിവസങ്ങൾക്കകം ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയാണ് വിഡിയോയ്ക്ക് ലഭിച്ചത്. ജാർഖണ്ഡ് മുഖ്യമന്ത്രിയും സുൻ രഹാ ഹേ പാടിയ ശ്രേയ ഘോഷാലും വരെയാണ് ടുംമ്പയ്ക്ക് അഭിനന്ദനവുമായി എത്തിയത്.

ടുംമ്പയെ ശാസ്ത്രീയമായി സംഗീതം പഠിപ്പിക്കുന്ന ചുമതല അന്ന് ഏറ്റെടുത്തവരായിരുന്നു പ്രശസ്ത ഗസൽ ഗായകൻ ഹരിഹരനും ഷെഫ് സഞ്ജയ് കപൂറും. യൂട്യൂബിലെ ടുംമ്പയുടെ ഗാനം തന്റെ കുറച്ച് സുഹൃത്തുക്കളാണ് കാണിച്ചു തന്നത്. അതിമനോഹരമായാണ് ടുംമ്പ ഗാനം ആലപിച്ചത് എന്നാൽ കുറച്ചുകൂടി സംഗീതം അഭ്യസിക്കണമെന്നും അതിനായി ടുംമ്പയെ സഹായിക്കുമെന്നും ടുംമ്പയെ മുംബൈയിൽ എത്തിച്ച് ട്രെയിങ് നൽകുന്ന വിഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത് ഹരിഹരൻ പറഞ്ഞു.

ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട ടുംമ്പ അന്ധ വിദ്യാലയത്തിൽ താമസിച്ച് പഠിക്കുകയാണ്. കഴിഞ്ഞ ജൂലൈയിൽ വിദ്യാലയം സന്ദർശിച്ച അസർ ഖാൻ എന്നൊരാളാണ് തുംമ്പയുടെ ഗാനം ചിത്രീകരിച്ച് യൂട്യൂബിലിട്ടത്. ഇതുവരെ 3 ലക്ഷം ആളുകളാണ് ടുംമ്പയുടെ ഗാനം യൂട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്.