റഹ്മാനൊരു പെർഫെക്ട് സമ്മാനവുമായി വോക്ട്രോണിക

എ ആർ റഹ്മാന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പാട്ടുകൾ ചേർത്തുവച്ചൊരു ആശംസ പറയുവാനാകും സംഗീതലോകമാഗ്രഹിക്കുക. പാട്ടുകൾ എങ്ങനെ ചേർത്തുവച്ചാലും മനോഹരമായിരിക്കും എന്നതിൽ തർക്കമില്ല. ആ കൂട്ടിച്ചേർക്കലുകളിൽ വ്യത്യസ്തത കൊണ്ടുവരുവാൻ മത്സരിക്കുന്ന ബാൻഡുകൾക്കും ചെറുസംഗീതക്കൂട്ടങ്ങൾക്കുമിതാ കണ്ടുപഠിക്കാനൊരു പീസ്. വോക്ട്രോണിക എന്ന മുംബൈ ആസ്ഥാനമാക്കിയുള്ള ബാൻ‍ഡ് തയ്യാറാക്കിയ വീഡിയോ. കേട്ടുകഴിയുമ്പോൾ നിങ്ങൾ പറയും. പെർഫെക്ട്.

വ്യത്യസ്തമായ സ്വരങ്ങളുടെ കേഴ്‍വി സുഖമെന്തെന്ന് പറഞ്ഞു തരുന്ന പാട്ട്. നാലു മിനുട്ട് ദൈർഘ്യമുള്ള വീ‍ഡിയോ റോജയിലെ, ബോബെയിലെ രങ് ദേ ബസന്തിയിലെ സ്ലം ഡോഗ് മില്യണയറിലെ പാട്ടുകളിലൂടെ കടന്നു പോകുന്നു. ഇവല്യൂഷൻ ഓഫ് എ ആര്‍ റഹ്മാൻ എന്ന് പേരിട്ട വീഡിയോയിൽ റഹ്മാൻ ഗീതങ്ങൾ ഒന്നിനോടൊന്നെങ്ങനെ ചേർന്നുനിൽക്കുന്നുവെന്ന് കാണിച്ചു തരുന്നു. മനുഷ്യസ്വരത്തിന്റെ വ്യത്യസ്തതയ്ക്കൊപ്പം റഹ്മാൻ ഗീതങ്ങളുടെ മാസ്മരികതയും കൂടിചേർന്നപ്പോള്‍ പിറന്ന വീഡിയോ പിറന്നാൾ ദിനത്തിൽ റഹ്മാനുള്ള ഏറ്റവും മനോഹരമായ സമ്മാനമെന്നതിൽ തർക്കമുണ്ടാകില്ല നിങ്ങൾക്ക് കേട്ടു നോക്കൂ.