Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ ത്രസിപ്പിച്ച ലോകകപ്പ് ഗാനങ്ങള്‍

shakira ഷക്കീര

ആർത്തു ചിരിക്കുന്ന ഒരു പൂത്തിരി പോലെയാണ് കുട്ടിക്രിക്കറ്റ്. ചെറിയ വേളയിലെ ഈ വലിയ ഉത്സവത്തിനൊപ്പം കൂടിയിരിക്കുകയാണ് നമ്മളിപ്പോൾ. ഇന്നോളം ഇതുപോലെ ലോകത്തെ ഒന്നിപ്പിച്ച വലിയ കായിക മാമാങ്കങ്ങള്‍ തന്നിട്ടുള്ളത് എന്നെന്നും ഓർമയിൽ സൂക്ഷിക്കാനുള്ള കളിയോർമകൾ മാത്രമല്ല, മനസിനെ മൈതാനങ്ങളിലേക്ക് കളിയുടെ ആത്മാവിലേക്കും രസക്കൂട്ടിലേക്കും കൈപിടിച്ചുകൊണ്ടു പോകുന്ന സംഗീതം കൂടിയാണ്. അത്തരത്തിൽ ലോകം ഒന്നാകെ സ്നേഹിക്കുന്ന ചില തീം മ്യൂസികുകളിലേക്ക്. ക്രിക്കറ്റിന്റെ കാലമാണെങ്കിലും ലോകം ഒന്നാകെ സ്നേഹിച്ച ഈ തീം മ്യൂസിക് ഫുട്ബോൾ ലോകകപ്പുകളിലേതാണ്.

ലാ ലാ ലാ ല....

ആൺ കരുത്തിന്റെ കാൽപ്പന്തുകളിയിൽ ആ വര്‍ഷം ആവേശം നിറച്ചത് ഈ പെൺ പാട്ടാണ്. 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിലെ തീം സോങ് ഷക്കീറയെന്ന കൊളംബിയൻ സുന്ദരി എഴുതി പാടി ഈണമിട്ട ഈ പാട്ട് ഇന്നും ലോകത്തിന്റെ കളിച്ചിത്രങ്ങളിലുണ്ടാക്കിയ താളം തീർന്നിട്ടില്ല. ഒരിക്കലും തീരുകയുമില്ല. മനസ് പറിച്ചെടുക്കുന്ന ഗീതം അറുപത്തിനാല് കോടി പ്രാവശ്യമാണ് യുട്യൂബ് വഴി ലോകം കണ്ടത്.

ദി കപ്പ് ഓഫ് ലൈഫ്

സ്പാനിഷ് സംഗീതജ്ഞനായ റിക്കി മാർട്ടിന്റെ മനസിൽ വിരിഞ്ഞ താളം പിന്നീട് 1998ൽ ഫ്രാൻസിൽ നടന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായി മാറുകയായിരുന്നു. ഫ്രാൻസിൽ മാത്രം ഈ ഗാനത്തിന്റെ 563,000 കോപ്പികളാണ് വിറ്റഴിഞ്ഞത്. ലോകമൊട്ടാകെയുള്ള സംഗീത മേഖലയിലെ നമ്പർ വൺ സോങ് ആയിരുന്നു ഈ പാട്ട്.

വേവിങ് ഫ്ലാഗ്

2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഔദ്യോഗിക ഗാനം ഷക്കീറയുടെ വക്കാ വക്ക തന്നെയായിരുന്നു. പക്ഷേ ഈ ഗാനവും അതിനോടൊപ്പം തന്നെ ലോകത്ത് അലയിടിച്ചു. മനസിനുള്ളിലെ കായികാവേശത്തിന് കരുത്തുപകരനായി സൊമാലിയയ്ക്കായി രചിച്ച ഈ ഗാനത്തിന്. കനേഡിയൻ സംഗീതജ്ഞനായ കെയ്നാൻ അബ്ദി വാർസേം ആണ് വേവിങ് ഫ്ലാഗിന്റെ രചയിതാവ്.

വക്കാ വക്കാ...

വെറും കാലിൽ വയസൻ പന്തുമായി പൊടിപാറുന്ന മണ്ണിൽ ഔപചാരികതകളൊന്നുമില്ലാതെ കളിക്കാനിറങ്ങുന്ന നാടൻ മനസുകളിൽ ഇപ്പോഴും ഈ പാട്ട് താളംപിടിക്കുന്നുണ്ട്. ‌ഫ്രെഷ്‌ലി ഗ്രൗണ്ട് എന്ന ദക്ഷിണാഫ്രിക്കൻ സംഗീത സംഘത്തിനൊപ്പം ഷക്കീര ആടിപ്പാടിയ പാട്ട് അത്രയേറെ വേഗത്തിലാണ് ഈ ഭൂമിയുടെ ഓരോ ഇടങ്ങളിലേക്ക് പറന്നുചെന്ന് മനസുകളിൽ സ്ഥാനം പിടിച്ചത്. ഇന്നും ഈ പാട്ട് നമ്മുടെ ചുണ്ടുകളിലുണ്ട്. ഷക്കീറയെന്ന ഗായിക ലോകത്തിന്റെ പാട്ടുകാരിയായി മാറിയത് ഈ പാട്ടിലൂടെയാണെന്ന് പറയാം. അല്ലെങ്കിൽ അവരെ കൂടുതൽ അടുത്തറിഞ്ഞത് ദക്ഷിണാഫ്രിക്കൻ മൈതാനത്ത് നടന്ന ലോകകാൽപ്പന്ത് കളിയിലൂടെയാണെന്ന് പറയാം. നൂറു കോടിയിലധികം പ്രാവശ്യമാണ് ഷക്കീരയുടെ ഈ ഗാനം യുട്യൂബ് വഴി ലോകം കണ്ടത്.

Your Rating: