ഓണം വന്നു ഓരോ വരിയിലും

കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന പേരു കേൾക്കുമ്പോൾത്തന്നെ ഓണവെയിലത്തു വള്ളിപ്പടപ്പിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നതുപോലെ തോന്നും. അതു പക്ഷേ പൂക്കളല്ല. അദ്ദേഹം തീർത്ത വരികളിൽ മനോഹര ഈണങ്ങളാൽ സംഗീത ചിഹ്നങ്ങൾ കോർത്തിട്ടിരിക്കുന്നതാണ്.

ആദ്യം കവിത നന്നായി അറിയണം. എന്നിട്ടുവേണം പാട്ടിനെക്കുറിച്ചു പറയാൻ. അതുകൊണ്ടാവാം ഓണപ്പാട്ടുകൾ ഓർക്കുമ്പോൾ കൈതപ്രം ആദ്യമോർത്തത് ഒരു കവിതയാണ് ഓണപ്പാട്ടുകാരുടെ കവിയായ വൈലോപ്പിള്ളിയുടെ ഓണവെയിലൊളി ചിന്നുമൊരു സുപ്രഭാതത്തിലാണു കണ്ടത് ഞാനാ ഗ്രാമത്തിൽ കിടാങ്ങളേ... എന്ന വരികൾ. എന്നിട്ട് താൻ കുട്ടിയായിരിക്കെ, അമ്മ ഓണക്കാലത്തു പാടുന്ന ഒരു പാട്ട് കൈതപ്രം പാടി. ഓരോ വരി പാടുമ്പോഴും ഓരോ വിരൽ വിടർത്തിക്കാണിച്ചുകൊണ്ടു വേണമായിരുന്നു ആ പാട്ടു പാടാൻ. ഓണം വന്നോണം വന്നീ വിരല് എന്നു പാടിയിട്ട് അമ്മ ഒരു വിരൽ വിടർത്തിക്കാണിക്കും. പത്തായം പെറ്റിട്ടെണീ വിരല് എന്നു പാടിയിട്ട് അടുത്ത വിരൽ. അങ്ങനെ പത്തു വരി പാടുമ്പോഴേക്കും അമ്മക്കൈകളിൽ പത്തുവിരൽ പൂവിതളുകൾപോലെ വിരിഞ്ഞു നിൽപ്പായി. നാട്ടിൽ ഈ പാട്ട് വേറെ ആരും പാടുന്നതു കൈതപ്രം കേട്ടിട്ടില്ല.

കൈതപ്രത്തിനു താൻ എഴുതിയ ഓണപ്പാട്ടുകളെക്കുറിച്ചു പറയുന്നതുപോലെ തന്നെ ഇഷ്ടമാണ് മറ്റുള്ളവരുടെ പാട്ടുകളെക്കുറിച്ചു പറയാനും. ശ്രീകുമാരൻ തമ്പി എഴുതി എം കെ അർജുനൻ ഈണം നൽകി വാണി ജയറാം പാടിയ തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ച കാണാൻ തിരുമുറ്റമണിഞ്ഞൊരുങ്ങീ... തിരുമേനിയെഴുന്നള്ളും സമയമായീ... എന്ന പാട്ടാണ് ഓണത്തെക്കുറിച്ചുള്ള ചലച്ചിത്രഗാനങ്ങളിൽ കൈതപ്രത്തിന് ഏറെ പ്രിയം ശ്രീകുമാരൻ തമ്പി തന്നെ സംവിധാനം ചെയ്ത തിരുവോണം എന്ന സിനിമയിലേതാണ് ഈ പാട്ട്. ഓണത്തിന്റെ ഓർമകൾ ഉണർത്തുന്ന സ്വന്തം പാട്ടുകളിൽ കൈതപ്രത്തിനു കൂടുതലിഷ്ടം, വരവേൽപ് എന്ന സിനിമയിലെ ‘ വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി ഓണത്താറടി വരുന്നേ...’ എന്ന പാട്ടാണ്. ഓണത്താറെന്നു വച്ചാൽ വടക്കേ മലബാറിലെ കുട്ടിത്തെയ്യമാണ്. താളത്തിലുള്ള അതിന്റെ ആടിവരവ് കൈതപ്രത്തിനു കുട്ടിക്കാലം തൊട്ടേ വളരെ ഇഷ്ടമായിരുന്നു.

ഒരു ഗ്രാമത്തിലേക്ക് ആദ്യമായി ബസ് വരുന്നു. ഗ്രാമത്തിൽ അപ്പോൾ ഉത്സവാന്തരീക്ഷമാണ്. അങ്ങനെയൊരു പാട്ടുവേണം എന്നു സംവിധായകൻ പറഞ്ഞപ്പോൾ, കൈതപ്രത്തിന്റെ മനസിലേക്കോടിയെത്തിയത് ഈ കുട്ടിത്തെയ്യത്തിന്റെ രൂപമാണ്. പിന്നെ താമസമുണ്ടായില്ല. വെള്ളാരപ്പൂമല മേലെ... ഓണസ്മൃതികൾ ഉണർത്തുന്ന മലയാളത്തിലെ ഏറ്റവും നല്ല ചലച്ചിത്രഗാനങ്ങളിലൊന്ന് പിറക്കുകയായി. സാധാരണയായി ഈണത്തിനനുസരിച്ചു പാട്ടെഴുതിക്കുകയാണ് ജോൺസന്റെ രീതിയെങ്കിലും ഈ വരികൾ കേട്ടതോടെ ജോൺസൺ ഇതു കൊള്ളാമെന്നു പറഞ്ഞ് അതിന് ഈണമിടുകയായിരുന്നു എന്നു കൈതപ്രം ഓർക്കുന്നു. അമ്മ ഓരോ വിരലും വിടർത്തിപ്പാടിയ പാട്ടുപോലെ കൈതപ്രത്തിന്റെ മനസിലും വിടരുകയാണ് ഇങ്ങനെ ഓരോ ഓണപ്പാട്ടിനെക്കുറിച്ചുള്ള ഓർമകളും.