Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകർ നെഞ്ചേറ്റുന്നു ഈ ഗാനം

neeve-musical-album

ഒരു തണുത്ത മഴ പെയ്യുന്ന സുഖം...

നീയേ..... മുതൽ വെക്കം തന്ത നീയേ....

പ്രണയത്തിന്റെ നനുത്ത തൂവലുകളിൽ നൃത്തത്തിന്റെ തരിപ്പിക്കുന്ന ചുവടുകൾ. തരംഗമാകുന്ന  ഒരു പുതിയ തമിഴ് ആൽബം സോങ്ങിനെക്കുറിച്ചാണു പറഞ്ഞു വരുന്നത്. ബംഗളൂരുകാരനായ ഗോംതേഷ് ഉപാധ്യായ സംവിധാനം ചെയ്ത്, ഫാനി കല്യാൺ സംഗീതം നൽകിയ "നീയേ " എന്ന മ്യൂസിക് വീഡിയോ ആൽബമാണ് ഇപ്പോൾ യുട്യൂബിൽ തരംഗം. 

നീയേ... മുതൽ വെക്കം തന്ത നീയേ...

മണ പക്കം വന്ത നീയേ...

കാതലാനതെ... നീയേ... നീയേ...

ഇരവും പകലും നീ താനേ...

കടലും അലയും നുരയും നീ താനേ...

ഉടലും ഉയിരും നീയേ..

എങ്കും എന്തിലും നീയേ..

ഏതിലും പതിലും നീയേ............

നീയേ.......

വരികളെഴുതിയത് അറിവാണ്. വരികളും ഈണവുമായതോടെ, ‘ഇതുവച്ച് എന്തു ചെയ്യാം’ എന്ന ആലോചനയിലായിരുന്ന ഫാനി നേരെ ചെന്നത് ഗോംതേഷിന്റെയടുത്ത്. തുടർന്നാണ് "നീയേ" എന്ന ആൽബം പിറക്കുന്നത്. റഫ് ആയി ചെയ്ത സംഗീതം കേട്ടപ്പോൾ ഗോംതേഷിനു തോന്നിയത് സംഗീതത്തിന്റെ നൃത്തസ്പർശമാണ്. തുടർന്ന്, നന്നായി നൃത്തം ചെയ്യുന്ന, ജിംനാസ്റ്റിക്സിൽ  പരിശീലനം ലഭിച്ച പ്രഫഷണൽ നർത്തകർക്കായുള്ള അന്വേഷണമായിരുന്നു. അതു ചെന്നെത്തിയത് ശ്രേയ ദേശ്പാണ്ഡെയിലും നിരഞ്ജൻ ഹരിഷിലുമാണ്. ഗാനം ചിത്രീകരിച്ചത് വിശ്വകിരൺ നമ്പിയാണ്. ശരണ്യ ശ്രീനിവാസൻ, യാസിൻ നിസാർ എന്നിവർ ചേർന്നു പാടിയ പാട്ട് ഇപ്പോൾ തെലുങ്കിലേക്കും കന്നഡയിലേക്കും മൊഴിമാറ്റിക്കഴിഞ്ഞു. ഇനി മലയാളത്തിലേക്കു മൊഴിമാറ്റാൻ ഒരുങ്ങുകയാണ് ഇതിന്റെ പിന്നണിക്കാർ. 

ഒന്നോ രണ്ടോ പേരല്ല "നീയേ" എന്ന ആൽബത്തിന്റെ നിർമാതാക്കൾ. വിഡിയോ ചെയ്യാൻ ആലോചിച്ചപ്പോൾ ആദ്യം തമിഴിൽ മാത്രമായി ഒതുക്കാമെന്നു വിചാരിച്ചിരുന്നെങ്കിലും പിന്നീട് ഒരു കൂട്ടം ആളുകൾ നിർമാണവുമായി സഹകരിച്ച് ക്രൗഡ് ഫണ്ടിങ് എന്ന ആശയം വന്നതോടെ കൂടുതൽ ഭാഷകളിലേക്കു പാട്ട് മൊഴിമാറ്റാൻ തീരുമാനിക്കുകയായിരുന്നു. മൂന്നു ദിവസം കൊണ്ടാണ് ആൽബം നിർമിക്കാൻ ആവശ്യമായ പണം ഇവർ ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്തിയത്. 

മലയാളിക്കു മുൻപേ പരിചയമുണ്ട് സംവിധായകൻ ഗോംതേഷ് ഉപാധ്യായയെ. സ്ത്രീത്വത്തിന്റെ ആഘോഷങ്ങൾ കാളി എന്ന സങ്കൽപത്തിലൂടെ ദൃശ്യവത്കരിച്ച "പള്ളിവാള്.." എന്ന സയനോരയുടെ ആൽബം ചെയ്തതത് ഗോംതേഷായിരുന്നു. മലയാളിക്കു സുപരിചിതമായ , "പള്ളിവാള് ഭദ്ര വട്ടകം കയ്യിലേന്തും തമ്പുരാട്ടി..." എന്ന നാടൻപാട്ടാണ് തന്റെ ആൽബത്തിനു വേണ്ടി വ്യത്യസ്തമായ രീതിയിൽ ഗോംതേഷ് ഉപയോഗിച്ചത്. രണ്ടു സ്ത്രീകളുടെ യാത്രയും അവരുടെ വന്യമായ ആഘോഷങ്ങളുമായിരുന്നു ഇതിന്റെ ആകർഷണം. "നീയേ" എന്ന ആൽബവും കാഴ്ചയുടെ ആഘോഷം തന്നെയാണ്. 

ബാലഡ് രൂപത്തിലുള്ള നൃത്തം അവതരിപ്പിക്കുന്ന ഒരു പെൺകുട്ടിയും യുവാവും. അവർക്കിടയിലുള്ള പ്രണയമാണ് ഗോംതേഷ് ദൃശ്യവത്കരിച്ചത്. നൃത്തത്തിന്റെ റിഹേഴ്‌സലിനിടെ അവർ പ്രണയത്തിലാകുന്നു. പ്രണയത്തിന്റെ ചൂടിൽ പിന്നീടൊഴുകുന്നത് നൃത്തത്തിന്റെ മാസ്മരികമായ കെമിസ്ട്രിയാണ്. 

ഇരവും പകലും നീ താനേ...

കടലും അലയും നുരയും നീ താനേ...

ഉടലും ഉയിരും നീയേ..

എങ്കും എന്തിലും നീയേ..

ഏതിലും പതിലും നീയേ............

നീയേ.......

പ്രണയത്തിലാകുന്നതോടെ എന്തിലും ഏതിലും പ്രണയിയെ കാണുവാൻ കഴിയുന്ന മാജിക്ക് ഇവരിലും പ്രവർത്തിക്കുന്നുണ്ട്. നൃത്തത്തിന്റെ തുടക്കത്തിൽ താളം തെറ്റിപ്പോകുന്ന ചുവടുകളിൽനിന്ന് ഒരേ താളത്തിൽ ഒരേ ഉടൽ പോലെ തോന്നിപ്പിക്കുന്ന ഭംഗികളിലേക്ക് അവനും അവളും പ്രണയത്തിലൂടെയാണ് ഇറങ്ങിയെത്തുന്നത്. വരികളിലെല്ലാം ആ പ്രണയത്തിന്റെ ആഴം അനുഭവിക്കാനുമാകും. നീയില്ലാതെ പൂർണമാകാത്ത നൃത്തം പോലെ നീയില്ലാതെ അപൂർണമായിപ്പോകുന്ന പ്രണയം. 

നൃത്തവും പ്രണയവും മനോഹരമായ വരികളും ദൃശ്യചാരുതയും ആൽബത്തെ യുവാക്കൾക്കിടയിൽ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്. അഭിനേതാക്കളുടെ അസാധ്യമായ മെയ്‌വഴക്കവും പ്രണയത്തിന്റെ കെമിസ്ട്രിയും കാഴ്ചയെ വല്ലാതെ ഉലച്ചു കളയും. ഒപ്പം സംഗീതത്തിന്റെയും വരികളുടെയും ഇഴുകിച്ചേരൽ മനസ്സിനെ ആഴത്തിൽ തൊട്ടുണർത്തുകയും ചെയ്യും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.