സംക്രമസ്നാനം കഴിഞ്ഞു....

വയലാർ രാമവർമ

നറുനെയ്യുടെ ഐശ്യര്യം തോന്നിപ്പിക്കുന്ന ചിലരാഗങ്ങൾ. അക്കൂട്ടത്തിലൊരു രാഗമാണ് കാപ്പി. ഈ രാഗത്തിൽ പിറന്നത് എത്രയോ പ്രശസ്തമായ ഗാനങ്ങൾ. മലയാളത്തിന് ഒട്ടേറെ ഹിറ്റുകൾ നൽകിയ രാഗമാണിത്. കാപ്പിരാഗത്തിന്റെ നവോന്മേഷം ഗാനാസ്വാദകർ രുചിച്ചറിഞ്ഞ ഗാനങ്ങളിലൊന്നാണ് എസ്.ജാനകി പാടിയ ‘തുമ്പി വാ തുമ്പകുടത്തിൻ തുഞ്ചത്തായ്’. കാപ്പി രാഗം എങ്ങനെയും രുചിക്കാം..സന്തോഷത്തിലും ദു:ഖത്തിലും ഒരുപോലെ ചേരുന്ന മഹനീയമായ സ്വരസ്ഥാനങ്ങൾ ഈ രാഗത്തിനുണ്ട്.

ദേവരാജൻ മാസ്റ്റർ

പ്രകൃതിയുടെ ധ്യാനം വിഷയമാക്കി, ‘ഇനിയെത്ര സന്ധ്യകൾ’ എന്ന ചിത്രത്തിനു വേണ്ടി കവി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ മനോഹര ഗാനമാണ് ‘സംക്രമസ്നാനം കഴിഞ്ഞു പ്രകൃതി സന്ധ്യാവന്ദനത്തിനിരുന്നു….’. നായകന്റെ സംതൃപ്മായ മനസ്സ് ഈ വരികളിൽ കാണാം. കാവ്യാത്മകതയുള്ള പാട്ടുകൾ തേടി നടന്ന നിർമ്മാതാവായ സമീറിനും സംവിധായകൻ സുകുമാരനും ചെന്നെത്തിയത് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ അരികിലാണ്. വ്യത്യസ്തമായ ആശയങ്ങളും പദപ്രയോഗങ്ങളും മുഖമുദ്രയുള്ള ഗാനരചയിതാവാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ.

മങ്കൊമ്പ് ഗോപാലകൃഷ്ണൻ

ദേവരാജന്റെ വീട്ടിൽ വച്ചായിരുന്നു വരികൾ ചിട്ടപെടുത്തിയത്. ഗാനം റെക്കാഡ് ചെയ്തത് എ.വി.എമിലും. ഈ ഗാനത്തിന്റെ റേക്കാഡിങ്ങിനു മുൻപ് മങ്കൊമ്പിനോട് ദേവരാജൻ പറഞ്ഞു.’നല്ല വരികൾ..മനോഹരമായിരിക്കുന്നു…എനിക്കു ഇഷ്ടപ്പെട്ടു’.

ചിത്രം: ഇനിയെത്ര സന്ധ്യകൾ

ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ

സംഗീതം: ജി.ദേവരാജൻ.

സംക്രമസ്നാനം കഴിഞ്ഞു പ്രകൃതി

സന്ധ്യാവന്ദനത്തിനിരുന്നു

അഖണ്ഡനാമമുരുവിട്ടു ഞാൻ

അഞ്ജലി ബന്ധനാ‍യി നിന്നു

കാലമെനിക്കു തന്ന വരപ്രസാദം

കന്യക നീയാം തൃപ്രസാദം

(സംക്രമസ്നാനം കഴിഞ്ഞു)

നീലമയിൽ പീലി പൂവിരിഞ്ഞു ..പിന്നെ

നീർമിഴി സ്വപ്നത്താൽ നിറഞ്ഞു

രോമാഞ്ചകിരണങ്ങൾ ചാലിച്ചു ഞാനരികിൽ

താനേ മറന്നൊട്ടു നിന്നു

സങ്കല്പമെനിക്കു തന്ന സമ്മാനം

സാരംഗി നീയാം സൌഗന്ധികം

(സംക്രമസ്നാനം കഴിഞ്ഞു)

പൂമെയ്യിൽ യൌവനം മുളച്ചു.പിന്നെ

പൂവമ്പനഞ്ചമ്പുമയച്ചു

നിദ്രവിഹീനനായി നിമിഷങ്ങളെണ്ണിയെണ്ണീ

നിന്റെ കാലൊച്ച ഞാൻ കൊതിച്ചു

സൌഭാഗ്യമെനിക്കു തന്ന സായൂജ്യം

സൌമിനി നീയാം സൌന്ദര്യം

**(സംക്രമസ്നാനം കഴിഞ്ഞു) **