Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഘോഷ ആരവങ്ങളുടെ അർജുന ഈണം

arjunan

പ്രണയവും ഉത്സവാരവങ്ങളും ആഘോഷിക്കുന്ന അർജുന ഈണങ്ങൾക്കിടയിലെ ഓണപ്പാട്ടുകൾ 

പാട്ടിൽ പൂത്ത പ്രണയവസന്തമാണ് അർജ്ജുനൻ മാസ്റ്റർ എന്ന  സംഗീതകാലം.1600 ലേറെ നാടകഗാനങ്ങൾക്കൊപ്പം അരനൂറ്റാണ്ടുമുമ്പു  കറുത്ത പൗർണമിയിൽ (1968) തുടങ്ങിയതാണു 218 ചിത്രങ്ങളിലായി 800 ഓളം ചലച്ചിത്രഗാനങ്ങൾക്കും ഈണം നൽകിയ ആ പാട്ടുകാലം. ആഘോഷ പൂത്തിരികളായിരുന്നു എന്നും പുതുമ നിലനിർത്തുന്ന ആ അനശ്വര സംഗീതാവിഷ്കാരങ്ങൾ. പ്രണയവും ഉത്സവാരവങ്ങളും ആഘോഷിക്കുന്ന അർജുന ഈണങ്ങൾക്കിടയിൽ ഏതാനും ഓണപ്പാട്ടുകളുമുണ്ട്.

മലയാള സിനിമാസംഗീതം മാറ്റങ്ങളിലൂടെ കടന്നുപോയ, ഈണങ്ങൾ സാഹിത്യത്തെക്കാൾ പ്രാധാന്യം നേടിയ സംഗീതകാലത്തിൻറെ പ്രതിനിധാനങ്ങളാണ് അർജുന ഈണങ്ങൾ. സാമൂഹിക പ്രതിബദ്ധമായിരുന്ന സിനിമ പ്രത്യയശാസ്ത്ര പ്രതിബദ്ധതവിട്ടു വിനോദോപാധിയായ വ്യവസായമായി രൂപപരിണാമം ചെയ്യപ്പെട്ട 1970 കളിലെ  ജനപ്രിയ സംഗീതസംവിധായകനായിരുന്നു അദ്ദേഹം.

അർജുനസംഗീതം തേന്മഴപോലെ പെയ്തിറങ്ങി മലയാളിയുടെ ഹൃദയം കുളിറുപ്പിച്ച കാലം. മുന്‍തലമുറയിലെ പല സംഗീത സംവിധായകരും പുതിയ പ്രവണതയുമായി പൊരുത്തപ്പെടാന്‍ കഴിയാതെ സർഗ്ഗപ്രതിസന്ധിയിലായ 1970 കളുടെ രണ്ടാം പാതിയിലെ മാറ്റത്തിന്റെ കുത്തൊഴുക്കില്‍ ദക്ഷിണാമൂർത്തി, എം എസ് വിശ്വനാഥൻ എന്നിവരെപ്പോലെ അർജ്ജുനൻ മാസ്റ്ററും പിടിച്ചുനിന്ന കാലം. ഭാസ്കരൻ-ബാബുരാജ്, വയലാർ-ദേവരാജൻ ടീമുകളുടെ പാട്ടുകൾ പോലെതന്നെ ശ്രീകുമാരൻ തമ്പി-അർജുനൻ മാസ്റ്റര്‍ കൂട്ടുകെട്ടൊരുക്കിയ പാട്ടുകളും മലയാളി കൊതിയോടെ കേട്ടകാലം.

പാശ്ചാത്യ സംസ്കാരത്തിന്റെയും സംഗീതത്തിന്റെയും അധിനിവേശ സമാനമായ കടന്നുകയറ്റം യുവമനസുകളെ പ്രണയം, വിനോദം പോലുള്ള വൈയക്തിക തുരുത്തുകളിലും കൊണ്ടെത്തിച്ചു. പ്രേംനസീറിനെ നിത്യഹരിത നായകനാക്കിയ പ്രണയാതുരമായ ഇതിവൃത്തങ്ങളുടെയും ഗാനങ്ങളുടെയും കാലഘട്ടമാണിത്. വ്യക്തിയുടെ സ്വകാര്യ അനുഭവങ്ങളുടെ പ്രതിഭാധനനായ രചയിതാവായി ശ്രീകുമാരൻതമ്പിയും അവയുടെ സംഗീതസംവിധായകനായി എം കെ അർജുനനും മാറി. 'ചെമ്മീനി'ലൂടെ രംഗത്തെത്തി 'സ്വപ്ന'ത്തിലൂടെ ചുവടുറപ്പിച്ച് മലയാളികളുടെ ആസ്വാദനശീലങ്ങളെ സ്വാധീനിച്ച സലില്‍  ചൗധരിയുടെ സംഗീതവഴിയിലെ പിന്തുടർച്ചക്കാരായ ശ്യാം, കെ ജെ ജോയ്, ഇളയരാജ എന്നിവരൊക്കെ വാദ്യവിന്യാസത്തിലും ഗാനങ്ങളിലെ വാക്കുകളോടുള്ള സമീപനത്തിലും മാറ്റംവരുത്തി തുടങ്ങിയതും ഈ കാലത്തുതന്നെ.

ഓണയീണങ്ങൾ ഒറ്റനോട്ടത്തിൽ

മലയാള സിനിമയിലെ ഓണം വിഷയമായി വരുന്ന എഴുപതോളം ഗാനങ്ങളിൽ ആറുപാട്ടുകൾക്ക് സംഗീതം നൽകിയത് അർജുനൻ മാസ്റ്ററാണ്. മാസ്റ്ററുടെ പ്രതിഭ അടയാളപ്പെടുത്തുന്നതാണ് ശ്രീകുമാരൻ തമ്പിയുടെ തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ചക്കു നൽകിയിരിക്കുന്ന ഈണം. ശ്രീകുമാരൻതമ്പി തന്നെ രചിച്ച പൂവണി പൊന്നും ചിങ്ങം  (പഞ്ചവടി, 1973), പൊന്നും ചിങ്ങമാസം(ഓമനക്കുഞ്ഞ്, 1975), എ പി ഗോപാലൻ രചിച്ച അത്തപ്പൂ ചിത്തിരപ്പൂ (രാഗം താനം പല്ലവി, 1980), ഷിബു ചക്രവർത്തി എഴുതിയ ചെല്ലച്ചെറു വീടുതരാം  (ന്യായവിധി, 1986) ഇവയാണ് മാസ്റ്റർ ഈണമിട്ട ഓണം പശ്ചാത്തലമായ നാല് പ്രണയഗാനങ്ങൾ. മറ്റൊന്ന് മാവേലി നാട് വാണീടുംകാലം (മഹാബലി, 1983) എന്ന പരമ്പരാഗത ഓണപ്പാട്ടാണ്.

തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ചയുടെ ഈണം 

മലയാള സിനിമയിലെ ലക്ഷണമൊത്ത ഓണപ്പാട്ടിന്റെ ഈണം അർജ്ജുനൻ മാസ്റ്ററുടേതാണ്. ഇഷ്ടഗായികയായ വാണി ജയറാം പാടിയ  'തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ' എന്ന എല്ലാ മലയാളികളും ഏറ്റുപാടിയ ഹിറ്റുപാട്ട്. എന്നും നിലനിൽക്കുന്ന ഒരോണപ്പാട്ടു എഴുതണമെന്ന ശ്രീകുമാരൻ തമ്പിയുടെ ഉറച്ചനിശ്ചയത്തിൽ പിറന്നതാണ് തിരുവോണപ്പുലരിയിലെ തിരുമുൽക്കാഴ്ച വാങ്ങാൻ മാവേലിത്തിരുമേനി എഴുന്നള്ളുന്ന സമയത്ത് മലയാളികളുടെ ഹൃദയവും അണിഞ്ഞൊരുങ്ങുകയാണെന്ന് ഓർമ്മിപ്പിക്കുന്ന ഈ അനശ്വരഗാനം. ഗാനത്തിൻറെ സംഗീതത്തിത്തെപ്പറ്റി ശ്രീകുമാരൻ തമ്പി പറയുന്നു, “ആരഭി രാഗത്തിലാണ് എം.കെ. അർജുനൻ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആരഭി സ്നേഹത്തിന്റെയും ഉത്സവത്തിന്റെയും രാഗമാണ്. ആസ്വാദകനു പ്രതീക്ഷയും ആഹ്ലാദവും പകരുന്നതാണ് ഓണപ്പാട്ടിന് ഏറ്റവും അനുയോജ്യമായ ആരഭി രാഗം”. 

വാണി ജയറാം പാടിയ തുടക്കത്തിലുള്ള ഹമ്മിങ്ങ് അതിമനോഹരം. ആദ്യ ഹമ്മിങ്ങിനുശേഷവും, പല്ലവിക്കും അനുപല്ലവിക്കും ഇടയിലും അനുപല്ലവിക്കും ചരണത്തിനും ഇടയിലുമുള്ള ബിജിഎമ്മിലും, ചില വരികൾ അവസാനിക്കുന്നിടത്തും കേൾക്കുന്ന ഫ്ലൂട്ടിൻറെ തുണ്ടുവായന മാസ്റ്റർ  പാട്ടിൽ ചേർത്തുവെച്ച ഓണപൂവിളികളാണ്. 

പ്രണയം പൂത്ത ഓണായീണങ്ങൾ

ശ്രീകുമാരൻ തമ്പിയുടെ ഓണഭാവനയിൽ വിടർന്ന രണ്ടു പ്രണയഗാനങ്ങൾക്കാണ് അർജ്ജുനൻ മാസ്റ്റര്‍ ഈണമിട്ടത്. പൂവണി പൊന്നും ചിങ്ങം വിരുന്നുവന്നു(പഞ്ചവടി, 1973), പൊന്നും ചിങ്ങമാസം വാനിൽ പൂക്കളം പോലാടി (ഓമനക്കുഞ്ഞ്, 1975) ഇവയാണ് ആ ഗാനങ്ങൾ.

ചലച്ചിത്രഗാനങ്ങളുടെ രുചി മാറിവരുന്ന എഴുപതുകളുടെ മധ്യത്തിൽ പാരമ്പര്യ ഈണങ്ങളില്‍നിന്നും മാറി പിറന്നതാണ് പൊന്നിൻ ചിങ്ങമേഘം വാനില്‍ ... എന്ന ഹിറ്റുഗാനം. ഓണനാളിൽ കാറ്റിൽ കളിപറഞ്ഞ തെങ്ങോലകൾക്കും വഞ്ചിപ്പാട്ടുകൾക്കുമൊപ്പം ഓർമ്മയായി എത്തുന്ന കാമുകി; അവളുടെ പുഞ്ചിരി വിടർന്ന പൂമുഖത്തിൽ പൂത്തുമ്പിയായി പറന്നെത്താൻ കൊതിക്കുന്ന കാമുകൻ; കാമുകി പത്നിയായി മാറുമ്പോൾ അവളിൽ വിരിയുന്ന ഓണപ്പൂക്കളം ... ഇങ്ങനെ ഓണവും പ്രണയവും ഒന്നായി  വിരിയുന്ന കവിഭാവനയെ അർജ്ജുനൻ മാഷ് സംഗീതംകൊണ്ട് പ്രണയവസന്തമാക്കുന്നു. പാട്ടിൻറെ തുടക്കത്തിൽ പൂവണിപ്പൊന്നും ചിങ്ങം വിരുന്നുവന്നു എന്നും, ആദ്യചരണത്തിൽ ഉദിച്ചുയരും..., തിരുമുറ്റത്ത് ..., എന്നും, അവസാനചരണത്തിൽ ഇതൾ വിരിഞ്ഞാൽ ..., മധു നിറഞ്ഞാൽ ..., എന്നും യേശുദാസ് പാടുമ്പോൾ അർജ്ജുന ഈണത്തിൻറെ അനന്യമായ  സംഗീതസ്പർശമാണ് മലയാളി അനുഭവിച്ചത്.

അർജുനൻ-ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടിൽ പിറന്ന ഉത്സവഗാനങ്ങളുടെ എല്ലാ സാഹിത്യ-സംഗീത സവിശേഷതകളും ഉള്ളതാണ് മാഷ് പഹാടി രാഗത്തിൽ ചിട്ടപ്പെടുത്തിയ പൊന്നും 'ചിങ്ങമേഘം വാനിൽ' എന്ന  ഗാനം. തുടങ്ങുന്ന പശ്ചാത്തലസംഗീതം കേട്ടാലറിയാം പാട്ട്  മാസ്റ്ററുടേതാണന്ന്. 'പൊന്നിൻ ചിങ്ങമേഘം വാനിൽ' എന്ന തുടക്കം കേട്ടാൽ പറയും പാടിയത് പി സുശീലയെന്നും. പല്ലവിയ്ക്കും അനുപല്ലവിക്കും ചരണത്തിനും ഇടയിൽ വയലിനിലും ലീഡ് ഗിറ്റാറിലും തീർത്ത വ്യത്യസ്തമായ വായനകൾ, അനുപല്ലവിയുടെയും ചരണത്തിന്റെയും ആദ്യ രണ്ടു വരികൾ രണ്ടു ഈണത്തിലും തരത്തിലും ആവർത്തിക്കുന്നതിന്റെ ഹൃദ്യത ... ഇങ്ങനെ പാട്ടിനു ഉത്സവഗരിമ പകരാൻ മാഷ് ഒരുക്കിയ സംഗീതചേരുവകൾ അനവധിയാണ്. യേശുദാസ് പാടിയ ഗാനത്തിന്റെ മറ്റൊരു വേർഷനും ചിത്രത്തിലുണ്ട്.

മാസ്റ്റർ ഈണമിട്ട 'അത്തപ്പൂ ചിത്തിരപ്പൂ'. എന്നു തുടങ്ങുന്ന മനോഹരഗാനം കുറച്ചു ചിത്രങ്ങൾ മാത്രം സംവിധാനംചെയ്ത എ.ടി. അബുവിന്റെ രാഗം താനം പല്ലവി (1980) എന്ന ചിത്രത്തിലേതാണ്‌. എ പി ഗോപാലൻ രചിച്ചു ജെൻസ്സിയും സംഘവും പാടിയതാണൂ പുക്കളത്തിന്റെയും ഓണകൈകൊട്ടിക്കളിയുടെയും പശ്ചാത്തലത്തിൽ തോഴിമാരെ അത്തപ്പൂവും ചിത്തിരപ്പൂവും തൃത്താപ്പൂവും ചൂടി അന്നലിട്ട പൊന്നൂഞ്ഞാലിൽ ആടിപ്പാടാൻ വിളിക്കുന്ന പാട്ട്. പത്ത് സിനിമകൾക്കായി 32 ഗാനങ്ങൾ രചിച്ച എ പി ഗോപാലന്റെ നിത്യവസന്തം (1979), രാഗം താനം പല്ലവി എന്നീ ചിത്രങ്ങളിലെ എട്ടു ഗാനങ്ങൾക്ക് ഈണമിട്ടതും മാസ്റ്റർ ആയിരുന്നു.

ഷിബു ചക്രവർത്തി എഴുതിയതാണ് ഓണ ഊഞ്ഞാലിനും പൊന്നോണത്തുമ്പിക്കുമൊപ്പം പ്രണയ-ശൃംഗാരഭാവങ്ങളെ ചേർത്തുവെക്കുന്ന  ചെല്ലച്ചെറു വീടുതരാം ... (ന്യായവിധി, 1986) എന്ന പ്രണയഗാനം. ചെല്ലച്ചെറു വീടുണ്ടാക്കിയും പൊന്നൂഞ്ഞാൽ ഇട്ടും കാതിലൊരു കഥപറഞ്ഞും പൊന്നോണ പൂത്തുമ്പിയെ ക്ഷണിക്കുന്ന ഗാനം കെ എസ് ചിത്രയാണ് പാടിയത്. അർജ്ജുനൻ മാസ്റ്റർ വരികളിൽ പ്രണയവും ശ്രുംഗാരവും നിറച്ച ഈ ഗാനം 1980 കളുടെ രണ്ടാം പാതിമുതൽ ഒത്തിരി പ്രണയിനികൾ പാടിനടന്നതാണ്. പുലരിക്കുളിർപോലെ സുഖപ്രദമാണ് പാട്ടിന്റെ തുടക്കത്തിലെ ഫ്ലൂട്ടിലെ തുണ്ടുവായന. ഞാനൊരു കഥ പറയാം കാതിലൊരു കഥ പറയാം എന്നവരികളുടെ ഈണം ഓർമകളെ മാറിൽ നഖമുനയാൽ കഥയെഴുതിയ,   നേരം പുലരുവോളം കണ്ണൊന്നടക്കാതെ, കള്ളക്കണ്ണാൽ മാറത്ത് കെട്ടിയിട്ട മധുവിധു നാളുകളിൽ എത്തിക്കും.

പഴയ ഓണപ്പാട്ടിനു ഒരീണം

'മാവേലി നാടുവാണീടും കാലം' എന്ന പരമ്പരാഗത ഗാനം മൂന്നു  സിനിമകളിൽ ഉപയോഗിക്കപ്പെട്ടപ്പോൾ അതിൽ ഒന്നിന് ഈണമിട്ടത് അർജുനന്‍ മാസ്റ്റർ ആയിരുന്നു. മഹാബലി (1983) എന്ന സിനിമയിൽ   ശങ്കരാഭരണരാഗത്തിൽ മാസ്റ്റർ ചിട്ടപ്പെടുത്തി പി മാധുരി പാടിയിരിക്കുന്നത് കുട്ടിക്കാലത്ത് മലയാള പാഠാവലിയിൽനിന്ന് ചൊല്ലിപ്പഠിച്ച അതെ വരികൾ തന്നെയാണ്. എ വിജയനും എ രാമചന്ദ്രനും (ന്യൂസ് പേപ്പർ ബോയി, 1955)  ജി ദേവരാജനുമാണ്  (മാധവിക്കുട്ടി, 1973) പരമ്പരാഗത ഓണപ്പാട്ടിനു ഈണമിട്ട മറ്റു സംഗീതസംവിധായകർ.

അർജുന രാഗഛായകൾ 

ആരഭി രാഗത്തിലാണ്  അർജുനൻ മാസ്റ്റർ തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ ... എന്ന ഓണപ്പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ രാഗം ഗാനത്തിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചുവെന്നു സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പറഞ്ഞിട്ടുണ്ട്. പഹാഡി രാഗത്തിൽ മാഷ് ചിട്ടപ്പെടുത്തിയതാണ് പി സുശീല പാടിയ 'പൊന്നും ചിങ്ങമാസം വാനിൽ' എന്ന ഗാനം. 

'ചെല്ലച്ചെറു വീടുതരാം' എന്ന പാട്ടിന്റെ  ഈണത്തിൽ  സിന്ധുഭൈരവി രാഗഛായയും ചിത്രയുടെ  ആലാപനമികവും ചേർത്ത് മാസ്റ്റർ കാമുകിമാരുടെ പ്രണയഭാവത്തെ ഭക്തിയും അർപ്പണവുമാക്കുന്നു. ഉറങ്ങാൻ കിടന്നാല്‍ ,(പത്മരാഗം, 1975) എന്ന പാട്ടിൽ യേശുദാസിന്റെ ശബ്ദത്തിൽ  പ്രണയിനികൾക്ക് ഉറക്കുപാട്ടൊരുക്കിയ മാസ്റ്റർ അതെ രാഗത്തിൽ തീർത്ത  മറ്റൊരു നൊസ്റ്റാൾജിക് മാസ്റ്റർപീസ്. 

ആഘോഷാരവങ്ങളുടെ ഈണങ്ങൾ 

അർജുനൻ മാസ്റ്റര്‍ ഈണമിട്ട ഓണയീണങ്ങളിൽ പാതിയും മലയാളത്തിൽ ഒട്ടനവധി ഹിറ്റുകൾ തീർത്ത ശ്രീകുമാരൻ തമ്പിയുമായ കൂട്ടുകെട്ടിൽ പിറന്നവയാണ്. 'തിരുവോണപ്പുലരിതൻ'പിറന്നതിൽ പിന്നീട് ഒരു ഓണവും ഈ പാട്ടില്ലാതെ കടന്നുപോയിട്ടില്ല. 'സീമന്ത രേഖയിൽ ചന്ദനം ചാർത്തി' (ആശീർവാദം, 1976) പോലെ മാഷ് ഈണമിട്ടു വാണിജയറാം പാടിയ ഗാനങ്ങളിൽ ഏറ്റവും മികച്ചവയുടെ പട്ടികയിലാണ് ഈ ഗാനവും. ജെൻസി എന്ന ഗായികയെ മലയാളം സിനിമക്കു പരിചയപ്പെടുത്തിയതും അർജുനൻ മാഷ് രാഗം താനം പല്ലവിയിലെ 'അത്തപ്പൂ' എന്ന ഓണപ്പാട്ടിലൂടെയാണ്.

പ്രണയത്തിൽ സംഗീതവസന്തവും സംഗീതത്തിൽ പ്രണയവസന്തവും തീർത്ത അർജുനൻ മാസ്റ്ററുടെ ഓണഈണങ്ങളും പകരുന്നത് ഉത്സവലഹരി തന്നെയാണ്. ആലാപനത്തിലും പശ്ചാത്തല സംഗീതത്തിലും കാണുന്ന അർജുന സംഗീതത്തിന്റെ ചടുലവും നൂതനമവുമായ സിനിമാറ്റിക് ശൈലി മാസ്റ്റർ ഈണമിട്ട ഓണപ്പാട്ടുകളിലും കാണാം.