Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെടുമുടിയുടെ പിണക്കവും കൈതപ്രത്തിന്റെ സങ്കടവും

kaithapram-nedumudi-venu

വാക്കുകളുടെ കാവ്യഭംഗിയിൽ സംഗീതം ലയിച്ചു ചേരുന്നൊരനുഭവമാണ് കൈതപ്രത്തിന്റെ ഗാനങ്ങൾ. വരികളിലെ ലാളിത്യവും പദങ്ങളുടെ വിന്യാസവും ഇണങ്ങിച്ചേരുന്ന പാട്ടുകളിലെപ്പോഴും ദേവഭാവം നിറഞ്ഞൊരു സാന്ദ്രലയമുണ്ട്. ‘പൂവിതളിന്മേൽ ബ്രഹ്മം രചിക്കും നീഹാര ബിന്ദുവായ് നാദം’ എന്ന കൈതപ്രം വരിതന്നെയാണ് അദ്ദേഹത്തിന്റെ പാട്ടൊഴുക്കിനുള്ള നല്ല അനുപല്ലവിയും. 

മിത്തുകളും നാടൻ ശീലുകളുമെല്ലാം ഇഴുകിച്ചേരുന്ന പാട്ടുകളിൽ പള്ളിത്തേരും തിരുതാളിക്കല്ലും വണ്ണാത്തിപ്പുഴയുമൊക്കെ കേട്ടാലറിയാം ഇതാരുടെ പാട്ടാണെന്ന്. പതിറ്റാണ്ടുകളായി കേൾക്കുന്ന പാട്ടുകളിലെ സാത്വികഭാവമാർന്നൊരു തേജോമയ ചിത്രമാണ് മലയാളിക്കെന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി. ഭക്തിയും സംസ്കൃതവും സംഗീതവും ഇഴചേർന്ന ആലോലംകാറ്റു പോലെ വിശുദ്ധമായൊരു ജീവിതയാത്രയിൽ താൻകാരണം ആത്മസുഹൃത്തിനുണ്ടായ മനഃക്ലേശത്തിന്റെ നീർച്ചെപ്പ് തുറക്കുകയാണ് കൈതപ്രം. 

രോഗശയ്യയിലെ പിൻനടത്തം

അപ്രതീക്ഷിതമായെത്തിയ പക്ഷാഘാതം രോഗക്കിടക്കയിലാക്കിയ നാളുകൾ... വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞുപോയ ജീവിത മുഹൂർത്തങ്ങൾ ഒന്നൊന്നായി ഓർമയിലേക്കെത്തിയെന്നു കൈതപ്രം. തെറ്റും ശരിയും മനനം ചെയ്തപ്പോൾ ആത്മസുഹൃത്തായ നെടുമുടി വേണുവിന് താൻമൂലമുണ്ടായ മനഃക്ലേശം ഇന്നലെകളിൽ മനപ്പൂർവമല്ലാതെ ചെയ്തു പോയ ഏറ്റവും വലിയ തെറ്റായി മനസ്സിലങ്ങനെ മുഴച്ചു നിന്നെന്ന് അദ്ദേഹം.

ചെറിയ  വിവാദമായിരുന്നെങ്കിലും അതിനു താൻ കാരണമായെന്ന വിഷമം ഇപ്പോഴും മനസ്സുവിട്ടുപോയിട്ടില്ലെന്നും അബദ്ധത്തിലെങ്കിലും ഒരു സുഹൃത്തിനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു അതെന്നും കൈതപ്രം കുറ്റബോധത്തോടെ പറയുന്നു.   

വൈശാലിയുടെ സെറ്റിൽ

പാട്ടെഴുത്തിലേക്കും സിനിമയിലേക്കും ‘ദേവദുന്ദുഭീ സാന്ദ്രലയ’മെഴുതി എത്തിപ്പെട്ട കാലം. അന്ന് ചിത്രഭൂമിയിൽ പ്രൂഫ് റീഡറായും കൈതപ്രം ജോലിചെയ്യുന്നുണ്ട്. ഭരതൻ സംവിധാനം ചെയ്യുന്ന വൈശാലിയിൽ അഭിനയിക്കാനായി ചിത്രത്തിന്റെ തിരക്കഥാകൃത്തായ എം ടി പറഞ്ഞതു പ്രകാരം കൈതപ്രം പോകുന്നു. ഭരതനുമായുള്ള ബന്ധം തുടങ്ങിയത് ഈ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു. 

ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ കൈതപ്രവും ഭരതനും നെടുമുടിയും സംസാരിച്ചിരിക്കുക പതിവായിരുന്നു. നെടുമുടിയുമായി അതിനുമെത്രയോ വർഷം മുൻപു തന്നെ കൈതപ്രത്തിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. എഴുപതുകളുടെ തുടക്കം മുതലുള്ള സൗഹൃദബന്ധമായിരുന്നു ഇരുവരുടേതും.

ഷൂട്ടിങ്ങിന്റെ ഇടവേളയിലൊരു ദിവസം മൂവരും സംസാരിക്കുന്നതിനിടയ്ക്ക് ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം’ എന്ന ചിത്രം വിഷയമായി വന്നു. അന്ന് ദേശീയ അവാർഡിന് അവസാന റൗണ്ട് വരെ ഭരതൻ സംവിധാനം ചെയ്ത ഈ സിനിമ പരിഗണിച്ചിരുന്നു. അതിൽ നെടുമുടി വേണുവിന്റെ കഥാപാത്രമായ സ്കൂൾ മാഷ് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എന്നാൽ ആ വർഷം ദേശീയ പുരസ്കാരം ലഭിച്ചത് കമലഹാസനായിരുന്നു, നായകൻ എന്ന ചിത്രത്തിലെ അഭിനയത്തിന്. സംസാരത്തിനിടെ ‘മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ട’ത്തിലെ കഥാപാത്രമായിരുന്നു കുറച്ചുകൂടി നല്ലതെന്ന അഭിപ്രായം നെടുമുടി പങ്കുവച്ചു. 

ഇതേ അഭിപ്രായം തന്നെയായിരുന്നു കൈതപ്രത്തിനുമുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ വൈശാലിയുടെ സെറ്റിൽ വച്ചുതന്നെ ഇതു ചിത്രഭൂമിയിലേക്ക് എഴുതി അയച്ചു.എന്നാൽ ഇത് അയച്ച വിവരം നെടുമുടിയോട് പറഞ്ഞിരുന്നില്ല. അടുത്ത ലക്കത്തിൽ കൈതപ്രത്തിന്റെയും നെടുമുടിയുടെയും കമലഹാസന്റെയും ചിത്രമൊക്കെയായി ചിത്രഭൂമി ഇതാഘോഷിച്ചു. അവാർഡ് കിട്ടേണ്ടത് തനിക്കായിരുന്നു എന്ന രീതിയിൽ നെടുമുടി പറഞ്ഞതായാണ് അച്ചടിച്ചു വന്നത്. അന്ന് ചിത്രഭൂമിയിൽ ലേഖകനായിരുന്ന തിരക്കഥാകൃത്ത് രഞ്ജി പണിക്കർ ഇത് കമലഹാസന് അയച്ചുകൊടുത്ത് പ്രതികരണം കൂടി വാങ്ങി ഒപ്പം കൊടുത്തു.

നെടുമുടിയുമായി അക്കാലത്ത് നല്ല അടുപ്പമുണ്ടായിരുന്ന കമലഹാസൻ ഇതത്രകാര്യമായെടുത്തില്ലെങ്കിലും ‘നെടുമുടിയെപ്പോലൊരു മഹാനടൻ ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ല’ എന്നൊരു വാക്ക് പറഞ്ഞു. കേരളകൗമുദിയുടെ ഫിലിം മാഗസിനിൽ ലേഖകനായിരുന്ന കാലം മുതൽ കമലഹാസനുമായി നെടുമുടിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. 

വൈശാലിയുടെ തന്നെ സെറ്റിൽ ഒന്നിച്ചുള്ളപ്പോഴാണ് ചിത്രഭൂമി അവിടെ എത്തിയത്. അപ്പോഴാണ് നെടുമുടി ഇതറിയുന്നത്. സംഭവം ഈ രീതിയിലായതിന്റെ ഞെട്ടലിലായിരുന്നു കൈതപ്രവും.  ഇങ്ങനെ വിവാദമായിതു മാറുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നില്ല. ‘വേണുവിനോടന്ന് എനിക്കൊന്നും പറയാൻ കഴിഞ്ഞില്ലെന്ന്’–കൈതപ്രം. നെടുമുടി പിന്നീട് മിണ്ടാതെയായി. ഇതു തനിക്കു വലിയ സങ്കടമായിത്തീർന്നെന്ന് കൈതപ്രം പറയുന്നു. കാരണം ഇരുവർക്കുമിടയിൽ അന്ന് അത്രമേൽ ഗാഢമായ സൗഹൃദമാണുണ്ടായിരുന്നത്. കാവാലത്തിന്റെ തിരുവരങ്ങിൽ

തിരുവനന്തപുരത്ത് കാവാലത്തിന്റെ നാടകക്കളരിയിലുള്ളപ്പോൾ ഒരേ മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. കൈതപ്രത്തെ അവിടെ പരിചയപ്പെടുത്തുന്നതും നെടുമുടിയായിരുന്നു. അന്ന് കൈതപ്രത്തിന് എടപ്പഴഞ്ഞി ശാസ്താ ക്ഷേത്രത്തിൽ ശാന്തിയുമുണ്ടായിരുന്നു. പുലർച്ചെ കുളിച്ച് ക്ഷേത്രത്തിൽ പോകുമ്പോൾ നെടുമുടിയും കുളിച്ച് ഒപ്പം പോകുമായിരുന്നു.

ക്ഷേത്രത്തിലൊരു മന്ദാരച്ചെടിയുണ്ട്. കൈതപ്രം ശാന്തികഴിഞ്ഞെത്തും വരെ നെടുമുടി അതിന്റെ ചുവട്ടിൽ ജപിച്ചുകൊണ്ടോ ധ്യാനിച്ചുകൊണ്ടോ ഇരിക്കുമായിരുന്നു. താമസവും ഭക്ഷണവും യാത്രകളുമെല്ലാം ഒന്നിച്ച്. ഇ.സി. തോമസ്, പരമശിവം മാസ്റ്റർ എന്നിവരും അക്കാലത്ത് ഒപ്പമുണ്ടായിരുന്നു. തമാശകളും നാടകവുമൊക്കെയായി ആഹ്ലാദകരമായ ഒരു കാലമായിരുന്നു അതെന്ന് കൈതപ്രം ഓർമിക്കുന്നു. 

പരിഭവമലിയുന്നു

കൈതപ്രം പിന്നീട് ഗാനരചനയും സംഗീതവുമായും നെടുമുടി അഭിനയവുമായും സിനിമകളിൽ രണ്ടുവഴികളിലായി സഞ്ചാരം. കുറേക്കാലം ഇരുവരും പരസ്പരം കാണാനുള്ള സന്ദർഭങ്ങളുമില്ലായിരുന്നു. ഈ സമയത്താണ് ‘ആര്യൻ’ സിനിമയുടെ കംപോസിങ്ങുമായി ബന്ധപ്പെട്ട് കൈതപ്രം മദ്രാസിലെത്തുന്നത്. 

നെടുമുടിയുടെയും കൈതപ്രത്തിന്റെയും സുഹൃത്തായ ക്യാമറാമാൻ എസ്. കുമാർ തൊട്ടടുത്ത മുറിയിലായിരുന്നു താമസം. ഒരു ദിവസം എസ്. കുമാർ കൈതപ്രത്തിന്റെ മുറിയിലേക്കു വന്നിട്ട് ചോദിച്ചു, ‘തിരുമേനീ, വേണുച്ചേട്ടനുമായുള്ള പ്രശ്നങ്ങളൊക്കെ തീർന്നോ’ എന്ന്. ‘എനിക്കൊരു പ്രശ്നവുമില്ല, എനിക്കു പറ്റിയൊരബദ്ധമാണ്. വേണുവിനോട് പറഞ്ഞിട്ടു വേണ്ടിയിരുന്നു ഞാനതെഴുതാൻ.

എനിക്കതിൽ കുറ്റബോധമുണ്ട്. അതുകൊണ്ടാണ് സംസാരിക്കാൻ കഴിയാത്തത്’ എന്ന് കൈതപ്രം മറുപടി പറഞ്ഞു. ശേഷം സ്രഗ്ധര വൃത്തത്തിൽ നീണ്ടൊരു ശ്ലോകമെഴുതി എസ്. കുമാറിന്റെ കയ്യിൽ നെടുമുടിക്കു നൽകാനായി കൊടുത്തുവിട്ടു. വേണോ, വേണൂ...എന്നുതുടങ്ങുന്ന  ഒറ്റശ്ലോകമായിരുന്നു എന്നാണോർമ. ‘അതു വായിച്ചതോടെ വേണുവിന്റെ പിണക്കം മാറി. വേണമെന്ന് വച്ച് അങ്ങനെയൊന്ന് ചെയ്യില്ലെന്ന് അറിയാമെങ്കിലും അബദ്ധം വന്നപ്പോൾ വിഷമമായി എന്നേ വേണുവിനുണ്ടായിരുന്നുള്ളു, അതങ്ങനെ അവസാനിച്ചുവെന്ന് കൈതപ്രം.

പിന്നീട് ഇതുവരെ ഇരുവരും അതേക്കുറിച്ചു സംസാരിച്ചിട്ടുമില്ല. ഇപ്പോഴും പണ്ടത്തെയെന്നപോലെ ഊഷ്മളമായി തന്നെ ആ സൗഹൃദം തുടരുന്നു. വിവാഹത്തിന്റെ സമയത്തൊക്കെ വേണു സഹായിച്ചിട്ടുണ്ട്. ഇന്നും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും എല്ലാകാര്യത്തിലും ആ സഹായമുണ്ടാകാറുണ്ടെന്നും കൈതപ്രം.ആ വിവാദത്തിനു ശേഷം കമലഹാസൻ വൈകാതെ നെടുമുടിയെ ഒപ്പം അഭിനയിക്കാനായി വിളിക്കുകയും ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു.

ഇതുവരെയുള്ള ജീവിത യാത്രയിൽ പിൻതിരിഞ്ഞു നോക്കുമ്പോൾ ഇതല്ലാതെ അറിഞ്ഞുകൊണ്ട് ഒരാൾക്കും വിഷമമുണ്ടാക്കുന്ന പ്രവൃത്തിയൊന്നും താൻ ചെയ്തിട്ടില്ലെന്ന് കൈതപ്രം ഉറപ്പിച്ചു പറയുന്നു.എന്നാൽ ആത്മസുഹൃത്തിനു വിഷമമുണ്ടാക്കിയ ഈ സംഭവത്തിൽ താൻ തെറ്റുകാരനാണെന്ന് പൂർണ ബോധ്യമുള്ളതിനാൽ ഇന്നുമത് മനസ്സു വിട്ടുപോകാതെ കിടക്കുന്നെന്നും  കൂട്ടിച്ചേർക്കുന്നു. ‘ഹൃദയമാം വനികയിൽ ശലഭമലയുന്നു’ എന്ന കൈതപ്രത്തിന്റെ തന്നെ വരികൾപോലെയൊന്ന്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.