സിനിമയിലെ ഓണഗാനങ്ങൾ

വർഷങ്ങൾ ഇത്രയൊക്കെയായിട്ടും നാമൊക്കെ ഇടയ്ക്കൊക്കെ മൂളുന്ന ചില സിനിമാഗാനങ്ങളുണ്ടല്ലോ. അവ ഏതൊക്കെയാണെന്നു നോക്കാം.

നമ്മിൽ പലരും ജനിക്കും മുൻപേ (1952ൽ) ഇറങ്ങിയ അമ്മ എന്ന സിനിമയിലെ ഓണഗാനം.

ഹാ പൊൻതിരുവോണം

വരവായി പൊൻതിരുവോണം

സുമസുന്ദരിയായി വന്നണഞ്ഞു പൊൻതിരുവോണം

പി. ലീല പാടിയ ഈ ഗാനം രചിച്ചത് പി. ഭാസ്കരൻ. സംഗീതം നൽകിയത് ദക്ഷിണാമൂർത്തി.

1961ൽ പുറത്തിറങ്ങിയ മുടിയനായ പുത്രനിലെ ഓണപ്പാട്ട്

ഓണത്തുമ്പീ... ഓണത്തുമ്പീ

ഓടിനടക്കും വീണക്കമ്പി

സംഗീതം – എം.എസ്. ബാബുരാജ്, രചന – പി. ഭാസ്കരൻ. പാടിയത് –കവിയൂർ രേവമ്മ.

1973ൽ ഇറങ്ങിയ പഞ്ചവടിയിലെ ഓണപ്പാട്ട്:

പൂവണി പൊന്നുംചിങ്ങം വിരുന്നു വന്നു

പൂമകളേ നിന്നോർമകൾ പൂത്തുലഞ്ഞു

സംഗീതം – എം.കെ. അർജുനൻ. രചന– ശ്രീകുമാരൻ തമ്പി. പാടിയത് – യേശുദാസ്

1975ൽ തിരുവോണം എന്ന പേരിൽ ഒരു സിനിമയിറങ്ങി. അതിലെ ഒരു ഗാനം:

തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ

തിരുമുറ്റമണിഞ്ഞൊരുങ്ങീ..

സംഗീതം– എം.കെ. അർജുനൻ. രചന– ശ്രീകുമാരൻ തമ്പി. പാടിയത് –വാണിജയറാം.

1978ൽ ഇറങ്ങിയ ഈ ഗാനം മറക്കുമോ എന്ന ചലച്ചിത്രത്തിലെ ഓണഗാനം:

ഓണപ്പൂവേ പൂവേ പൂവേ

ഓമൽപ്പൂവേ പൂവേ പൂവേ

നീ തേടും മനോഹര തീരം ദൂരെ മാടിവിളിപ്പൂ

സംഗീതം – സലിൽ ചൗധരി. രചന – ഒഎൻവി. പാടിയത്: യേശുദാസ്

1977ൽ ഇറങ്ങിയ മിനിമോൾ എന്ന സിനിമയിലും ചിങ്ങപ്പൂവിളിയുണ്ട്.

കേരളം കേരളം കേളികൊട്ടുണരുന്ന കേരളം

കേളീകദംബം പൂക്കും കേരളം

കേരകേളീ സദനമാമെൻ കേരളം

പൂവണി പൊന്നുംചിങ്ങം പൂവിളി കേട്ടുണരും

സംഗീതം – ദേവരാജൻ, രചന– ശ്രീകുമാരൻ തമ്പി. ഗായകൻ – യേശുദാസ്