Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടിത്തീരില്ലല്ലോ പൊന്നോണം

Author Details
Onam

ഓർമപ്പൂവട്ടിയിലേക്ക് ഒരുപിടി ഓണപ്പാട്ടിന്റെ പല്ലവികൾ നുള്ളിവീഴ്‌ത്തി ഒരു ചിങ്ങം കൂടി. ചിണുങ്ങിവീഴുന്ന ഇളവെയിൽവിരൽത്തുമ്പിൽ ചിങ്കാരപ്പൂക്കൾ മണപ്പിച്ച്, അരളിക്കാട്ടിലൊളിക്കുന്ന അരുമനിലാവിന് അനുരാഗമധുരം നുണയിച്ച്, എന്നും പതിനേഴെന്ന് പാടിനടക്കുന്ന പെൺകിടാങ്ങളുടെ വെള്ളിക്കൊലുസലുക്കുകളിൽ വെൺതുമ്പക്കുടങ്ങളണിയിച്ച്, തൊടിയിടവഴിയിലാകെ ഒരായിരം കുമ്പിൾ വസന്തം വിരിയിച്ച് എത്രയോ തിരുവോണങ്ങൾ നമ്മുടെ വീട്ടുപടിക്കലെത്തുന്നു, എത്രായിരം ഓർമകൾ സമ്മാനിച്ച് വീണ്ടും വരാനായ് പടിയിറങ്ങുന്നു... അത്തരം ഒരുപാട് ഓർമകൾക്കിടയിൽ ഓമനിച്ചു മൂളാൻ ഒരു പാട്ടോർമ കൂടി ബാക്കി വയ്‌ക്കുന്നുണ്ടല്ലോ തിരുവോണം.

ഓരോ ചുണ്ടിലും പാട്ടു കെട്ടുന്ന പൂക്കാലം..ഓണം മൂളുന്ന പാട്ടോർമകളിലൂടെയാകട്ടെ ഈ ആഴ്‌ചയുടെ ഈണസഞ്ചാരം.

ഇന്നില്ലാത്ത ഒരു നാട്ടിൻപുറത്തിന്റെ നന്മവഴികളിലൂടെ നടക്കാനിറങ്ങുന്നുണ്ടാകാം ആ ഓണപ്പാട്ടുകളുടെ പഴയോർമകൾ. അപ്പോഴതാ, പലവഴി താണ്ടിവന്നൊരു പാണന്റെ പെരുവിരൽത്താളം ദൂരെനിന്നു കേട്ടുതുടങ്ങുകയായി. തൊട്ടുപിന്നാലെ മലയന്റെ കാൽച്ചിലമ്പുതാളം. കഥകൾതൊട്ട് ഒഴുകിവന്നൊരു നിളയുടെ നന്തുണിത്താളത്തിൽ കാൽനനയിച്ച് വീണ്ടും പിൻനടക്കുമ്പോൾ ആദ്യം കേട്ട ഓണപ്പാട്ടിന്റെ ഈരടിയിതാ മനസ് പതിയെ മൂളിത്തുടങ്ങുകയായി...

മാവേലി നാടു വാണീടും കാലം

മാനുഷരെല്ലാരുമൊന്നു പോലെ

പുതുമണം പടിയിറങ്ങാതിരിക്കാൻ തുറക്കാതെ വച്ച പഴയ മലയാള പാഠാവലിയിൽ നിന്നു മനഃപാഠമാക്കിയൊരു ഈരടിയിൽ തുടങ്ങുന്നു മലയാളിയുടെ ഓണപ്പാട്ടുമധുരം. പിന്നീട് എത്രയെത്ര ചലച്ചിത്രഗാനങ്ങളിൽ വീണ്ടും തെളിഞ്ഞുകണ്ടു, അതേ മാവേലിപ്പാട്ടിന്റെ ഈണവില്ല്.

താമരത്തുമ്പീ വാവാ..

താരാട്ടുപാടാൻ വാ..

വാ..താളം പിടിക്കാം ഞാൻ..

കരൾ തമ്പുരു മീട്ടാം ഞാൻ..

‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന ചിത്രത്തിൽ കെ.പി. ഉദയഭാനുവും പി. ലീലയും ചേർന്നാലപിച്ച ഈ ഗാനം ഏതു കാലദൂരങ്ങളിൽ നിന്നും മലയാളിയെ പിൻവിളിക്കുകയാണ്, പൂവട്ടിയും പൂപ്പൊലിപ്പാട്ടുമായി മഞ്ചാടിച്ചുവപ്പു വീണുടഞ്ഞ വഴിയിലുടനീളം ഇത്തിരിപ്പൂവുകൾ തേടി നടന്ന കുട്ടിക്കാലത്തേക്ക്..

പൂവണിപ്പൊന്നിൻ ചിങ്ങം വിരുന്നു വന്നു

പൂമകളേ നിന്നോർമകൾ പൂത്തുലഞ്ഞു

കാറ്റിലാടും തെങ്ങോലകൾ

കളി പറഞ്ഞു

കളിവഞ്ചിപ്പാട്ടുകളെൻ

ചുണ്ടിൽ വിരിഞ്ഞു

‘പഞ്ചവടി’ എന്ന ചിത്രത്തിൽ യേശുദാസ് പാടിയ ഈ ഗാനത്തിലും മണക്കുന്നുണ്ട് ഓണത്തിന്റെ ഓർമമധുരം. മലയാളമണ്ണിനു പൊന്നിലൊരു താലി പണിയിച്ച് പൂവിലും പുൽക്കതിരിലും പ്രണയമണിയിച്ച് കടന്നു വരുന്ന ചിങ്ങവെയിലിന്റെ ചന്തമാണു ശ്രീകുമാരൻ തമ്പി വരികളിലൂടെ വരഞ്ഞുവച്ചത്.

തിരുവോണപ്പുലരി തൻ

തിരുമുൽക്കാഴ്‌ച വാങ്ങാൻ

തിരുമുറ്റമണിഞ്ഞൊരുങ്ങി

തിരുമേനിയെഴുന്നള്ളും സമയമായി

ഹൃദയങ്ങൾ അണിഞ്ഞൊരുങ്ങി

തിരുവോണപ്പുലരി തൻ

‘തിരുവോണം’ എന്ന ചിത്രത്തിൽ വാണി ജയറാം ആലപിച്ച ഈ ഗാനം മറക്കാൻ കഴിയുമോ മലയാളിക്ക്?

കേരളം കേരളം കേളികൊട്ടുയരുന്ന കേരളം

കേളീകദംബം പൂക്കും കേരളം

കേരകേളീ സദനമാം എൻ കേരളം

‘മിനിമോൾ’ എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയ ഈ പാട്ടിൽ ഉടനീളമുണ്ട് കേട്ടിരിക്കാൻ കൊതി തോന്നിപ്പിക്കുന്നൊരു കേരളത്തനിമ.. ഇതുപോലെ ഓണം അവശേഷിപ്പിക്കുന്ന ഓർമകൾക്കൊക്കെയും ഓമനത്തമുള്ളൊരു പാട്ടീണമുണ്ട്.

അതുകൊണ്ടാണ് ഓണത്തെക്കുറിച്ച് ഓർമിക്കുമ്പോൾ പോലും മനസിലൊരു പഴംപാട്ടിന്റെ തുടികൊട്ടു കേൾക്കുന്നത്. മറന്നു തുടങ്ങിയ പലതിനെയും മടക്കിവിളിക്കുന്നു ഓണം. ആ മടക്കിവിളിയുടെ മധുരമൊന്നുകൊണ്ടു മാത്രമാണ് ഏതു മറവിക്കുമപ്പുറം ഓണം ഓർമയിൽ വീണ്ടും പിറക്കുന്നത്. ‘വിഷുക്കണി’ എന്ന ചിത്രത്തിൽ വീണ്ടും കേൾക്കുന്നു ശ്രീകുമാരൻ തമ്പിയുടെ വരികൾ.

പൂവിളി പൂവിളി പൊന്നോണമായി

നീ വരു നീ വരു പൊന്നോണത്തുമ്പീ

ഈ പൂവിളിയിൽ മോഹം പൊന്നിൻ

മുത്തായ് മാറ്റും പൂവയലിൽ

നീ വരു ഭാഗം വാങ്ങാൻ

‘ഈ ഗാനം മറക്കുമോ’ എന്ന ചിത്രത്തിൽ ഒഎൻവിയുടെ വരികളിൽ വീണ്ടും ഒരു പൂവിളിയുടെ പുലർരാഗം നമ്മെ പുളകമണിയിക്കുന്നു.

ഓണപ്പൂവേ ഓമൽപ്പൂവേ

നീ തേടും മനോഹര തീരം

ദൂരെ മാടിവിളിപ്പൂ

ഇതാ...

ഓണപ്പൂവേ ഓമൽപ്പൂവേ...

എത്ര ഓർമിച്ചെടുത്താലും പാടിത്തീരുന്നതേയില്ല പൊന്നോണം. മൂളാൻ പിന്നെയും ഇമ്മിണി ഓണപ്പാട്ടുകൾ ബാക്കിവച്ച് ഈ ചിങ്ങവും കടന്നുപോകും... കുപ്പിവളക്കിലുക്കമാർന്ന പെൺകൈകളിലെ പൂക്കൂടകളിൽ മഴവില്ലു വിരിയിച്ച്, ഞൊറിയിട്ടുടുത്ത പുളിയിലക്കരമുണ്ടിൽ വസന്തത്തിന്റെ വർണക്കര തുന്നിച്ച്, ഓർത്തോർത്തു നുണയാൻ ഒരു പൂവട്ടി നിറയെ പഴമ്പാട്ടിന്റെ മധുരം പകർന്നു വച്ച്....അകത്തളങ്ങളിൽ കൊതി മണത്തു നടന്ന പിള്ളേർക്ക് ഇലക്കീറിൽ പൂവട വിളമ്പി വച്ച് ..ചിങ്ങനിലാവിന്റെ നാക്കിലത്തുമ്പത്ത് അമ്പിളിപ്പപ്പടം കാച്ചിവച്ച്...ഒടുവിൽ കന്നിവെയിലിന്റെ കള്ളക്കടക്കണ്ണേറുകൊണ്ട് പിണങ്ങിപ്പടിയിറങ്ങുമ്പോൾ ഓരോ കതിരിലും കിനാവിലും പൂവുമ്മകൾ ബാക്കിവച്ച്.....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.