തൊടുപുഴ∙ കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നു ഇടുക്കി ജില്ലയിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോരമേഖലകളിലെ പഞ്ചായത്തുകളിലും ഹർത്താൽ.
കോട്ടയം ജില്ലയിലെ മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, തീക്കോയി, കൂട്ടിക്കൽ, പെരുവന്താനം, കൊക്കയാർ, പത്തനംതിട്ട ജില്ലയിലെ പെരുനാട്, വടശേരിക്കര, വെച്ചൂച്ചിറ, നാറാണംമൂഴി, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം എന്നീ പഞ്ചായത്തുകളിലുമാണ് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ.
യുഡിഎഫും കേരള കോൺഗ്രസും(എം) ഇടുക്കി ജില്ലയിൽ പ്രത്യേകമായാണു ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലയിലെയും പത്തനംതിട്ടയിലെയും പഞ്ചായത്തുകളിൽ യുഡിഎഫാണു ആഹ്വാനം ചെയ്തിരിക്കുന്നത്.