Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസ്തൂരിരംഗൻ: വിജ്ഞാപനം വേഗത്തിലാക്കാൻ ഉത്തരവിടില്ലെന്ന് ഹരിത ട്രൈബ്യൂണൽ

National GreenTribunal

ന്യൂഡൽഹി∙ കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം വേഗത്തിലിറക്കാൻ ഉത്തരവിടില്ലെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). കേരളത്തിനു മാത്രമായി അന്തിമ വിജ്ഞാപനം ഇറക്കണമെന്നു പരിസ്ഥിതി മന്ത്രാലയത്തിനു നിർദേശം നൽകാനുമാകില്ല. കേരളത്തിനു മാത്രമായി വിജ്ഞാപനം ഇറക്കണമെന്നു 2014ൽ എൻജിടി പറഞ്ഞതു നിരീക്ഷണം മാത്രമാണെന്നും അധ്യക്ഷൻ ജസ്റ്റിസ് എ.കെ.ഗോയൽ പറഞ്ഞു.

കസ്തൂരിരംഗൻ കരട് വിജ്ഞാപനം വീണ്ടും പുതുക്കി ഇറക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനിടെയാണ് ഉടൻ അന്തിമ വിജ്ഞാപനം ഇറക്കണമെന്നാവശ്യപ്പെട്ടു രണ്ടു ക്വാറി ഉടമകൾ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. കേരളത്തിലെ ഭൗതിക പരിശോധന നേരത്തേ പൂർത്തിയായതിനാൽ ഇനിയും കാലതാമസം പാടില്ലെന്നായിരുന്നു ഇവരുടെ വാദം. കരട് വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങളിലെ നിരോധനങ്ങൾ നീക്കി കേരളത്തിനു പ്രത്യേകമായി അന്തിമ വിജ്ഞാപനം ഇറക്കാൻ മന്ത്രാലയത്തിനു നിർദേശം നൽകണമെന്നും ഹർജിക്കാരായ കെ.സി.പവിത്രൻ, കെ.പി.ജോയ് കല്ലൂക്കാരൻ എന്നിവർ ആവശ്യപ്പെട്ടു.

എന്നാൽ, 2014ലെ ഉത്തരവിൽ ട്രൈബ്യൂണൽ പ്രത്യേക വിജ്ഞാപനത്തെപ്പറ്റി പറഞ്ഞതു നിരീക്ഷണം മാത്രമാണെന്നു ജസ്റ്റിസ് എ.കെ.ഗോയൽ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വിജ്ഞാപനം ഇറക്കേണ്ടതു മന്ത്രാലയത്തിന്റെ ചുമതലയാണ്. നടപടിയെടുക്കാത്തതിന്റെ പേരിൽ ഇടപെടാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്നും ഹർജി തള്ളിക്കൊണ്ടു വ്യക്തമാക്കി. നിലവിലെ വിജ്ഞാപനത്തിന്റെ കാലാവധി അടുത്തമാസമാണ് അവസാനിക്കുക. ഒഴിവാക്കുന്ന ഗ്രാമങ്ങളിൽ നിന്നു നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ പരിസ്ഥിതി മന്ത്രാലയം ഇതുവരെ അനുകൂല പ്രതികരണം അറിയിച്ചിട്ടില്ല.

related stories