Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം: ജനവാസമേഖല ഒഴിവാക്കുന്നത് പരിഗണിക്കുമെന്നു പ്രധാനമന്ത്രി

Narendra Modi

ന്യൂഡൽഹി ∙ കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര വിനോദസഞ്ചാര, വിവരസാങ്കേതിക സഹമന്ത്രി അൽഫോൻസ് കണ്ണന്താനം നേരിട്ടു നിവേദനം നടത്തിയപ്പോഴാണ് പ്രധാനമന്ത്രി ഈ തീരുമാനമറിയിച്ചത്.

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഡോ. ഹർഷ് വർധനെയും അൽഫോൻസ് കണ്ണന്താനം കണ്ട് ഈ വിഷയം ഉന്നയിച്ചു. കേരളത്തിനു തനത് ആവാസ സംവിധാനമുണ്ടെന്നു കണ്ണന്താനത്തിന്റെ നിവേദനത്തിൽ പറയുന്നു. ജനസാന്ദ്രത ഏറിയ സംസ്ഥാനമാണ് കേരളം. കുറേ പതിറ്റാണ്ടുകളായി കേരളത്തിന്റെ വനഭൂമിയിലെ കയ്യേറ്റം ഇല്ലാതായിട്ടുണ്ട്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽ കേരളത്തിലെ വനപ്രദേശങ്ങളെ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റബർ തോട്ടങ്ങളെയാണ് വനമേഖലയായി ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ദീർഘകാലമായി ഒരു പ്രദേശത്ത് താമസിക്കുന്ന വ്യക്തിയുടെ അവകാശങ്ങൾ തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്. വില്ലേജ് മുഴുവനും ജനവാസ മേഖലയാണെന്നത് പരിഗണിക്കണം. ആ വില്ലേജിനെ മുഴുവൻ പാരിസ്ഥിതിക ദുർബല പ്രദേശമായി പ്രഖ്യാപിക്കുന്നത് അവിടെ താമസിക്കുന്ന ജനങ്ങളോട് ചെയ്യുന്ന അനീതിയാണ്. നിലവിലെ വിജ്ഞാപനം ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയാണെന്നും കണ്ണന്താനം മോദിയെ ധരിപ്പിച്ചു.