Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനം ആയുധമാക്കാൻ കോൺ‍ഗ്രസ്

kasturi-rangan-congress-dharna കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇടുക്കി ഘടകം ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിയ ധർണയിൽ പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി പ്രസംഗിക്കുന്നു.

ന്യൂഡൽഹി∙ പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ചു കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ വിജ്ഞാപനം വൈകുന്നതു രാഷ്ട്രീയ ആയുധമാക്കാൻ കോൺ‍ഗ്രസ്. കരടു വിജ്ഞാപനത്തിന്റെ സമയപരിധി ഈ മാസം 26ന് അവസാനിക്കാനിരിക്കെ, സമരപരിപാടികൾക്കു രൂപം നൽകാൻ ദേശീയ നേതൃത്വം നിർദേശം നൽകി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ വിഷയം ഫലപ്രദമായി ഉപയോഗിക്കുന്നതിൽ ഇടതു മുന്നണി വിജയിച്ച സാഹചര്യം ഇത്തവണ ആവർത്തിക്കരുതെന്ന് ഇടുക്കി ജില്ലാ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിൽ ദേശീയ നേതാക്കൾ നിർദേശിച്ചു.

അന്തിമ വിജ്ഞാപനം വന്നില്ലെങ്കിൽ അത് ഇടുക്കിയിലെ ഇടത് എംപിക്കെതിരായ രാഷ്ട്രീയായുധമായി മാറ്റണം. ഒപ്പം, കേന്ദ്ര സർക്കാർ കേരളത്തെ വഞ്ചിച്ചുവെന്ന പ്രചാരണത്തിനും വീര്യം കൂട്ടണം. പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയിൽ നിന്നു ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ മുൻ യുപിഎ, യുഡിഎഫ് സർക്കാരുകൾ നടത്തിയ ശ്രമങ്ങളെക്കുറിച്ചു വ്യാപക പ്രചാരണം നടത്തണമെന്നും ഇടുക്കി ജില്ലാ നേതൃത്വത്തിനു നിർദേശം നൽകി.

വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാൻ ലക്ഷ്യമിട്ട് ജില്ലാ ഘടകം ഇന്നലെ ഡൽഹിയിൽ ധർണ നടത്തി. കഴിഞ്ഞ ദിവസം കേരളം സന്ദർശിച്ച രാഷ്ട്രപതി റാം നാഥ് കോവിന്ദിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്തിമ വിജ്ഞാപന വിഷയം സംബന്ധിച്ചു നിവേദനം നൽകിയിരുന്നു. ജില്ലാ നേതാക്കൾ കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ. ഹർഷവർധനുമായി ഇന്നു കൂടിക്കാഴ്ച നടത്തിയേക്കും.

കോൺഗ്രസ്  ധർണ നടത്തി

ന്യൂഡൽഹി ∙ കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി ധർണ നടത്തി. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അധ്യക്ഷത വഹിച്ചു.

എംപിമാരായ എ.കെ.ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ.വി.തോമസ്,  എം.ഐ.ഷാനവാസ്, ആന്റോ ആന്റണി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, ഇ.ജെ.ആഗസ്തി, പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ, എഐസിസി അംഗങ്ങളായ അനിൽ ബോസ്, ഹരിപ്രിയ തുടങ്ങിയവർ പങ്കെടുത്തു. 

related stories