Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഎസ്എ: ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി വീണ്ടും ഭേദഗതി നീക്കം

veliyam-malayil-malappathur-land-grab-case

തിരുവനന്തപുരം∙ പരിസ്ഥിതിലോല മേഖല (ഇഎസ്എ) ആയി വനഭൂമി മാത്രം കണക്കാക്കിയും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുമുള്ള ഭേദഗതിക്കു സംസ്ഥാന സർക്കാരിന്റെ പുതിയ ശ്രമം. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പരിസ്ഥിതിലോല മേഖല കണക്കാക്കിയതിലുള്ള അപാകത പരിഹരിക്കണമെന്നു കേന്ദ്രത്തോടു വീണ്ടും ആവശ്യപ്പെടാൻ മന്ത്രിസഭ തീരുമാനിച്ചു. കസ്തൂരിരംഗൻ പറഞ്ഞതുപോലെ ക്വാറികളെ നിയന്ത്രിക്കാനാകില്ലെന്നും അറിയിക്കും.

ജനവാസമേഖലയും വനമേഖലയും വേർതിരിക്കാതെ വില്ലേജ് യൂണിറ്റായി കണക്കാക്കിയാണു കസ്തൂരിരംഗൻ സമിതി ഇഎസ്എ പരിധി നിശ്ചയിച്ചത്. ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചാൽ 123 വില്ലേജുകളിൽ 31 എണ്ണം അന്തിമ വിജ്ഞാപനത്തിൽനിന്ന് ഒഴിവാകും. 92 വില്ലേജുകളിലെ വനഭൂമിയാകും ശേഷിക്കുക. എന്നാൽ വില്ലേജുകളുടെ എണ്ണം കുറയ്ക്കണമെന്ന നിർദേശം കേന്ദ്രം അംഗീകരിക്കുമോയെന്നു സംശയമാണ്. അംഗീകരിച്ചാൽ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലെ വില്ലേജുകളാകും ഒഴിവാകുക.

പശ്ചിമഘട്ട മേഖലയിൽപ്പെടുന്ന മറ്റു പല സംസ്ഥാനങ്ങളും നിലപാടു വ്യക്തമാക്കാഞ്ഞതിനെ തുടർന്നു കേന്ദ്രം പരിസ്ഥിതിലോല മേഖല സംബന്ധിച്ച കരടുവിജ്ഞാപനം മാർച്ചിൽ പുതുക്കിയിരുന്നു. 2013ൽ ഇറങ്ങിയ വിജ്ഞാപനത്തിനു കേരളം മാത്രമാണു കൃത്യമായ ഭേദഗതി നിർദേശങ്ങൾ സമർപ്പിച്ചത്. ഇതിനിടെയാണു കേന്ദ്രം കരടുവിജ്ഞാപനം പുതുക്കിയത്. ഇതിന്മേൽ ഭേദഗതികൾ നിർദേശിക്കാൻ വീണ്ടും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണു കേരളത്തിന്റെ ഇപ്പോഴത്തെ നീക്കം.

പരിസ്ഥിതിലോല മേഖലയിൽ 123 വില്ലേജുകളെ ഉൾപ്പെടുത്തുന്നതിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നതിനെ തുടർന്നു പരിഹാര നിർദേശം സമർപ്പിക്കാൻ ഡോ.ഉമ്മൻ വി.ഉമ്മന്റെ നേതൃത്വത്തിലുള്ള സമിതിയെ കഴിഞ്ഞ സർക്കാർ നിയോഗിച്ചിരുന്നു. വില്ലേജുകളുടെ എണ്ണം കുറയ്ക്കാതെ തന്നെ അവയിൽപ്പെടുന്ന ജനവാസ മേഖലകളെ വേർതിരിച്ച് ഒഴിവാക്കാനുള്ള റിപ്പോർട്ടാണ് അദ്ദേഹം സമർപ്പിച്ചത്. എന്നാൽ പ്രായോഗിക ബുദ്ധിമുട്ടു ചൂണ്ടിക്കാട്ടി കേന്ദ്രം ഇത് അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണു വില്ലേജ് യൂണിറ്റ് എന്ന മാനദണ്ഡം മാറ്റാൻ കേരളം ആവശ്യപ്പെടുന്നത്.

ജനവാസ മേഖലയോടു ചേർന്നു വനപ്രദേശമുള്ള വില്ലേജുകളെ പൂർണമായി ഒഴിവാക്കാതെ അപാകത പരിഹരിക്കാനാവില്ലെന്നാണു വിലയിരുത്തൽ. 

1337 ചതുരശ്ര കിലോമീറ്റർ വനം എവിടെ? 

റിമോട്ട് സെൻസിങ് ഏജൻസി പരിശോധിക്കുന്നു കസ്തൂരിരംഗൻ റിപ്പോർട്ടിലെ വനഭൂമിയുടെ കണക്കും സംസ്ഥാനത്തിന്റെ കണക്കും തമ്മിലുള്ള 1337 ചതുരശ്ര കിലോമീറ്ററിന്റെ അന്തരം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രിസഭ റിമോട്ട് സെൻസിങ് ഏജൻസിയോടു നിർദേശിച്ചു. കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ച് 9993 ചതുരശ്ര കിലോമീറ്ററാണു വനം. സംസ്ഥാന വനം വകുപ്പും കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയവും നൽകിയ വിവരപ്രകാരമാണിത്.

എന്നാൽ, കസ്തൂരിരംഗൻ റിപ്പോർട്ടിൽ മാറ്റം ആവശ്യപ്പെട്ടു സംസ്ഥാനം തയാറാക്കിയ റിപ്പോർട്ടിൽ 8656 ചതുരശ്ര കിലോമീറ്റർ വനമേയുള്ളൂ. ഈ പൊരുത്തക്കേടാണു പരിശോധിക്കുന്നത്. ഭൂപ്രകൃതിയെക്കുറിച്ചുള്ള വിവരങ്ങൾ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന പ്രക്രിയയാണു റിമോട്ട് സെൻസിങ്. ആമസോൺ മഴക്കാടുകളിലെ വനനശീകരണത്തിന്റെ തോത് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു കണക്കാക്കിയ സംഭവം ശ്രദ്ധേയമായിരുന്നു.

related stories